അവനൊരു ഡോക്ടർ അല്ലെ...എന്നിട്ട് ഇങ്ങനെയൊക്കെ ചെയ്യാമോ?; സാധാരണക്കാരന്റെ ജീവന് ഇവിടെ വിലയില്ല എന്ന അവസ്ഥയാണ്!! ആ കാറിന്റെ വരവിൽ നഷ്ടമായത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ; പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്; ജാസ്‍ലിയയുടെ അപകട മരണത്തിൽ നീതി അകലെയോ?

Update: 2026-03-05 12:29 GMT

കൊച്ചി: അങ്കമാലിയിൽ വാഹനാപകടത്തിൽ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ കുടുംബം രംഗത്ത്. അപകടം നടന്ന് ആറ് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മരിച്ച ജാസ്‍ലിയയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പോലീസ് വ്യക്തമാക്കി. വൈദ്യസഹായം നൽകേണ്ട ഡോക്ടർ അപകടശേഷം ഓടിമറഞ്ഞത് അതീവ ഗുരുതരമായ കുറ്റമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.

കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ജാസ്‍ലിയയുടെ കുടുംബം പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ആധുനിക സാങ്കേതിക വിദ്യയുണ്ടായിട്ടും ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും കഴിയാത്തത് എന്തുകൊണ്ടാണെന്ന് ജാസ്‍ലിയയുടെ പിതാവ് ജോൺസൺ ചോദിച്ചു. പ്രതി ഡോക്ടറായതുകൊണ്ടും സാമ്പത്തികമായി ഉന്നതനായ കുടുംബാംഗമായതുകൊണ്ടുമാണോ അറസ്റ്റ് വൈകുന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. "സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് ഇവിടെ വിലയില്ലേ?" എന്ന് ജാസ്‍ലിയയുടെ സഹോദരൻ ജാസിൻ വികാരാധീനനായി പ്രതികരിച്ചു. പോലീസ് ശ്രദ്ധിച്ചിരുന്നെങ്കിൽ പ്രതിയെ നേരത്തെ പിടികൂടാമായിരുന്നുവെന്നും ജാസിൻ കൂട്ടിച്ചേർത്തു.

അപകടം നടന്നയുടൻ വാഹനം നിർത്തി പരിക്കേറ്റ മകളെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അവൾ രക്ഷപ്പെടുമായിരുന്നുവെന്ന് ജാസ്‍ലിയയുടെ മാതാവ് ലിമ പറഞ്ഞു. ജീവൻ രക്ഷിക്കേണ്ട ഡോക്ടർ ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ പെരുമാറിയത് നീതീകരിക്കാനാവില്ല. അപകടം നടന്നതുമുതൽ ഇതുവരെ പോലീസ് തങ്ങളുമായി ബന്ധപ്പെടുകയോ അന്വേഷണപുരോഗതി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു. "പണമാണ് വലുതെന്നും മനുഷ്യജീവന് വിലയില്ലെയെന്നും" ജോൺസൺ ചോദിച്ചു. പ്രതി മദ്യപിച്ചിരുന്നോ എന്ന കാര്യത്തിൽ ഇനി വ്യക്തത ലഭിക്കില്ലെന്നതാണ് കുടുംബത്തിന്റെ മറ്റൊരു ആശങ്ക. ഇടിച്ച വാഹനത്തിന്റെ ചിത്രം എടുക്കാൻ പോലും പോലീസ് അനുവദിക്കാത്തത് സംശയങ്ങൾക്കിടയാക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ജാസ്‍ലിയക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കുടുംബം അറിയിച്ചു.

അതേസമയം, കേസന്വേഷണത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലുവ റൂറൽ എസ്.പി. വ്യക്തമാക്കി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും എസ്.പി. കൂട്ടിച്ചേർത്തു.

പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനുള്ള നിയമപരമായ നീക്കങ്ങളിലാണ് പോലീസ്. വാഹനാപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെട്ടതും, പരിക്കേറ്റയാൾക്ക് വൈദ്യസഹായം നിഷേധിച്ചതും ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് പോലീസ് ചൂണ്ടിക്കാട്ടും. കസ്റ്റഡിയിൽ ചോദ്യം ചെയ്തെങ്കിൽ മാത്രമേ അപകട സാഹചര്യങ്ങൾ, പ്രതി മദ്യപിച്ചിരുന്നോ എന്നതടക്കമുള്ള നിർണായക വിവരങ്ങൾ എന്നിവയിൽ വ്യക്തത വരുത്താൻ സാധിക്കൂ എന്നും പോലീസ് കോടതിയെ അറിയിക്കും. ഒരു ഡോക്ടർ എന്ന നിലയിൽ പാലിക്കേണ്ട സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ ലംഘിച്ച പ്രതിയുടെ നടപടി നിസ്സാരമല്ലെന്നും പോലീസ് വാദിക്കുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോട്ടയം സെഷൻസ് കോടതിയുടെ വിധി നിർണ്ണായകമാകും. 

Tags:    

Similar News