സര്‍ക്കാരിന്റെ മൗനം ഇന്ത്യക്ക് നാണക്കേടെന്ന് പ്രതിപക്ഷ വിമര്‍ശനം; പിന്നാലെ ഖമനേയിയുടെ നിര്യാണത്തില്‍ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസി സന്ദര്‍ശിച്ച് അനുശോചന പുസ്തകത്തില്‍ ഒപ്പുവെച്ചു

Update: 2026-03-05 11:42 GMT

ന്യൂഡല്‍ഹി: അമേരിക്കന്‍ - ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന്‍ എംബസി സന്ദര്‍ശിച്ചാണ് അനുശോചനം അറിയിച്ചത്. എംബസിയില്‍ തയ്യാറാക്കിയ അനുശോചന പുസ്തകത്തില്‍ അദ്ദേഹം ഒപ്പിടുകയും ഇറാന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഖമനേയി വധത്തില്‍ ഇതുവരെയും പ്രതികരിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സര്‍ക്കാരിന്റെ മൗനം ഇന്ത്യക്ക് നാണക്കേടാണ് എന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. ഇതിന് പിന്നാലെയാണ് ഇന്ത്യ, ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയത്. ഇറാന്റെ യുദ്ധക്കപ്പല്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതികരിക്കാത്തതില്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി നേരിട്ടെത്തി അനുശോചനം അറിയിച്ചത്.

രാജ്യത്തിന് സുസ്ഥിരമായ ഒരു നേതൃത്വം ആവശ്യമായ സമയത്ത്, പ്രധാനമന്ത്രി ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം പണയപ്പെടുത്തിയിരിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തില്‍ പോലും മോദി സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഈ മൗനം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പറഞ്ഞിരുന്നു.

അതേസമയം ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പല്‍ തകര്‍ത്ത സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചു. അതിഥിയെ വിളിച്ചു വരുത്തി അപമാനിച്ചുവെന്നും ഒന്നും മിണ്ടാത്ത ഇന്ത്യയുടെ നയം നാണക്കേടാണെന്നും കോണ്‍?ഗ്രസ് വിമര്‍ശിച്ചു. സംഘര്‍ഷം തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി വിര്‍ശിച്ചു. പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു എന്ന ആരോപണം വീണ്ടും ഉയര്‍ത്തിയാണ് രാഹുലിന്റെ പ്രതികരണം. പ്രധാനമന്ത്രി മറ്റുള്ളവരുടെ പാവയായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പറഞ്ഞു.

അമേരിക്കക്ക് മുന്നിലെ കീഴങ്ങടല്‍ രാജ്യത്തിന്റെ അന്തസ് ഇല്ലാതാക്കലാണ്. പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിച്ചത് എന്തിനാണ്. ഖമനേയി വധത്തില്‍ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. എപ്സ്റ്റീന്‍ ഗ്യാങ്ങില്‍ നിന്ന് അനുവാദം ലഭിച്ചാല്‍ മാത്രമേ പ്രധാനമന്ത്രി മൗനം വെടിയൂ. എപ്സ്റ്റീന്‍ ഗ്യാങ്ങിന്റെ പിടിയിലാണ് മോദിയെന്നും പവന്‍ ഖേര പറഞ്ഞു. 38 കപ്പലുകളും പന്ത്രണ്ടായിരം നാവികരും കുടുങ്ങി കിടക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയില്‍ വാസുദേവ് കുടുംബകത്തിന്റെ കണിക പോലും ഇല്ല. പ്രധാനമന്ത്രിയുടെ മൗനം കുറ്റകരമാണ്. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് ഏറ്റ കളങ്കമാണ്. പ്രധാനമന്ത്രി സമ്മര്‍ദ്ദത്തിലാണെന്ന് ബജറ്റ് സമ്മേളനത്തോടെ വ്യക്തമായി.

എപ്സ്റ്റീനിന്‍ ഫയലില്‍ നിന്നും ഗൗതം അദാനിയില്‍ നിന്നും മോദിക്ക് സമ്മര്‍ദമുണ്ട്. പെട്രോളിയം മന്ത്രി എവിടെ ആണെന്ന് അറിയില്ല. എപ്സ്റ്റീന്റെ പിടിയിലാണ്. കേന്ദ്ര മന്ത്രിമാര്‍ മൗനം തുടരുകയാണ്. മന്ത്രിമാര്‍ എവിടെ. വിദേശകാര്യ മന്ത്രി ചിരിക്കുകയാണ്. എപ്സ്റ്റീനിന്റെ സംഘം ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുകയാണ്. ശബ്ദം ഉയര്‍ത്തുന്നവരെ നിശബ്ദമാക്കാന്‍ മാത്രമാണ് സര്‍ക്കാരിന് തിടുക്കം. അപലപിക്കാന്‍ പോലും കഴിയുന്നില്ല. ഇതാണോ പുതിയ ഇന്ത്യ എന്നും ഖേര ചോദിച്ചു.

Tags:    

Similar News