ക്രിസ്മസ് ബംബര്‍ 'അടിച്ചു മാറ്റാന്‍' കള്ളക്കഥ! ആ 20 കോടിയുടെ യഥാര്‍ഥ അവകാശി റിട്ട. എസ് ഐ സജിമോനല്ല; പേരും ഒപ്പും ടിക്കറ്റിലുണ്ടെന്ന വെല്ലുവിളിയും പൊളിഞ്ഞു; ഒറിജിനല്‍ ടിക്കറ്റ് കണ്ടതോടെ തീര്‍പ്പ് കല്‍പ്പിച്ച് ഹൈക്കോടതി; സമ്മാന വിതരണത്തിന് അനുമതി

Update: 2026-03-05 12:04 GMT

കൊച്ചി: ക്രിസ്മസ് ബംബര്‍ ലോട്ടറി ഒന്നാം സമ്മാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരാതിക്കാരന് തിരിച്ചടി. താനാണ് യഥാര്‍ത്ഥ വിജയി എന്ന് അവകാശപ്പെട്ട് പിറവം സ്വദേശി കെ.കെ. സജിമോന്‍ സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. ലോട്ടറി വകുപ്പ് കോടതിയില്‍ ഹാജരാക്കിയ ഒറിജിനല്‍ ടിക്കറ്റ് പരിശോധിച്ച ശേഷമാണ് കോടതി തീരുമാനത്തിലെത്തിയത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചെന്ന അവകാശവാദവുമായി പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

പിറവം സ്വദേശിയായ റിട്ടയേര്‍ഡ് എസ് ഐ സജിമോനാണ് ക്രിസ്മസ് ബമ്പര്‍ അടിച്ചെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്. തന്റെ ടിക്കറ്റ് കൊറിയര്‍വഴി മറ്റൊരിടത്തേക്ക് അയച്ചുവെന്നും അവിടെനിന്ന് അത് ഹാജരാക്കി സമ്മാനം കൈപ്പറ്റുകയായിരുന്നു എന്നുമാണ് സജിമോന്‍ ആരോപിച്ചിരുന്നത്. താന്‍ പേരെഴുതി ഒപ്പിട്ട ടിക്കറ്റാണ് ഇതെന്നും ഇയാള്‍ വാദിച്ചിരുന്നു. ലോട്ടറി വകുപ്പിന്റെ പക്കല്‍ ഉണ്ടായിരുന്ന രേഖകളാണ് സജിമോന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തെളിയിച്ചത്.

ലോട്ടറി വകുപ്പ് മുദ്രവെച്ച കവറില്‍ സമ്മാനാര്‍ഹമായ ഒറിജിനല്‍ ടിക്കറ്റ് കോടതിയില്‍ നേരിട്ട് ഹാജരാക്കി. ഈ ടിക്കറ്റില്‍ ആര്‍ക്കാണ് സമ്മാനം ലഭിച്ചത് എന്ന വിവരങ്ങളും കോടതിക്ക് കൈമാറി. സജിമോന്‍ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിന്റെ പേരോ ഒപ്പോ ഉള്ള ടിക്കറ്റല്ല യഥാര്‍ത്ഥ ടിക്കറ്റ് എന്ന് കോടതിക്ക് നേരിട്ട് ബോധ്യപ്പെട്ടതോടെ സജീമോന്റെ വാദങ്ങള്‍ പൊളിയുകയായിരുന്നു. വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തിയ ഹൈക്കോടതി ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

യഥാര്‍ത്ഥ ഉടമസ്ഥര്‍ ഹാജരാക്കിയ ടിക്കറ്റിന്റെ വിശദാംശങ്ങള്‍ ലോട്ടറി വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമായിരുന്നു കോടതി, സജിമോന്റെ ഹര്‍ജി തള്ളിയത്. ശാസ്ത്രീയമായ പരിശോധനയടക്കം നടത്തിയാണ് ലോട്ടറി വകുപ്പ് വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ സജിമോന്‍ പറഞ്ഞതുപോലുള്ള തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി സജിമോന്റെ ഹര്‍ജി തള്ളുകയായിരുന്നു. ഒപ്പം തന്നെ സമ്മാനത്തുക വിതരണം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി.

ടിക്കറ്റ് കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന സമ്മാനത്തുക വിതരണം ഇതോടെ വേഗത്തിലാകും. XC 138455 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് അടുത്തുള്ള കടയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്റര്‍ എന്ന കടയില്‍ ആണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. സുദീപ് എ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ ക്രിസ്മസ് ബമ്പറിന്റെ യഥാര്‍ഥ വിജയി ഇനിയും പേര് പരസ്യമാക്കിയിട്ടില്ല.

Similar News