ബിഹാറില്‍ യുഗം മാറുന്നു; നിതീഷും ആരിഫ് മുഹമ്മദ് ഖാനും ഒരുമിച്ച് പടിയിറങ്ങുന്നു; ഗവര്‍ണര്‍മാരുടെ വന്‍ അഴിച്ചുപണി; ആനന്ദബോസിന് പിന്നാലെ ആരിഫിനും മാറ്റം; കേന്ദ്രമന്ത്രിസഭയിലേക്ക് നിതീഷും കൂട്ടുകാരനും ഒരുമിച്ചെത്തുമോ?
ന്യൂഡല്‍ഹി: ബിഹാര്‍ രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ഒരു വലിയ സൗഹൃദ സഖ്യം ഒരേസമയം പടിയിറങ്ങുന്നു. മുഖ്യമന്ത്രി പദം ഒഴിഞ്ഞ് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് ചേക്കേറുന്നതിനൊപ്പം, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ബിഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രം സ്ഥാനത്തുനിന്ന് മാറ്റി. കേരളത്തിലും ബിഹാറിലുമായി അഞ്ചുവര്‍ഷത്തിലധികം ഗവര്‍ണര്‍ പദവി അലങ്കരിച്ച ആരിഫ് മുഹമ്മദ് ഖാന്റെ മടക്കം ബിഹാര്‍ രാഷ്ട്രീയത്തില്‍ ഒരു യുഗത്തിന്റെ അന്ത്യമായാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തില്‍ നിന്നും ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് അയച്ചത് നിതീഷ് കുമാറിനെ എന്‍ഡിഎ പാളയത്തില്‍ ഉറപ്പിച്ചു നിര്‍ത്തുക എന്ന കൃത്യമായ ബിജെപി തന്ത്രത്തിന്റെ ഭാഗമായിരുന്നു. ആരിഫ് മുഹമ്മദ് ഖാനുമായുള്ള ഗാഢമായ വ്യക്തിബന്ധം നിതീഷിനെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ബിജെപിയോട് ചേര്‍ത്തുനിര്‍ത്താന്‍ സഹായിച്ചു. ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇരുവരും ഇപ്പോള്‍ ബിഹാറില്‍ നിന്ന് വിടവാങ്ങുന്നത്. ഉത്തര്‍പ്രദേശുകാരനായ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രമന്ത്രിസഭയില്‍ സുപ്രധാനമായ ചുമതലകള്‍ നല്‍കിയേക്കുമെന്ന ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ സജീവമാണ്.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് അപ്രതീക്ഷിതമായി രാജിവെച്ചതിന് പിന്നാലെയാണ് രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ അഴിച്ചുപണിക്ക് രാഷ്ട്രപതി ഭവന്‍ ഉത്തരവിട്ടത്. ബംഗാള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ പശ്ചിമ ബംഗാളിലേക്ക് മാറ്റി. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ അധിക ചുമതല നല്‍കി. ബിഹാറില്‍ റിട്ട. ലഫ്. ജനറല്‍ സയ്യിദ് അറ്റ ഹസ്നൈനാണ് പുതിയ ഗവര്‍ണര്‍.
പ്രധാന മാറ്റങ്ങള്‍
ഡല്‍ഹി: പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി തരണ്‍ജിത് സിംഗ് സന്ധു (യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍).
ലഡാക്ക്: വിനയ് കുമാര്‍ സക്‌സേന (ഡല്‍ഹി എല്‍ജി ആയിരുന്ന സക്‌സേനയെ ലഡാക്കിലേക്ക് മാറ്റി).
മഹാരാഷ്ട്ര: ജിഷ്ണു ദേവ് വര്‍മ്മ (തെലങ്കാനയില്‍ നിന്ന് മാറ്റം).
തെലങ്കാന: ശിവപ്രസാദ് ശുക്ല (ഹിമാചലില്‍ നിന്ന് മാറ്റം).
ഹിമാചല്‍ പ്രദേശ്: കവീന്ദര്‍ ഗുപ്ത (ലഡാക്ക് എല്‍ജിയില്‍ നിന്ന് ഗവര്‍ണറായി).
നാഗാലാന്‍ഡ്: നന്ദ് കിഷോര്‍ യാദവ്.
പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.വി. ആനന്ദബോസിനെ രാജിവെപ്പിച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിട്ടുണ്ട്. എന്നാല്‍, ആരിഫ് മുഹമ്മദ് ഖാനും ആനന്ദബോസും ഒരേസമയം സ്ഥാനമൊഴിയുന്നത് കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്ന ഈ നേതാക്കള്‍ വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകുമെന്നും അഭ്യൂഹമുണ്ട്.
