5000 രൂപ മിനിമം ബാലന്‍സുള്ള അക്കൗണ്ടില്‍ സുഹൃത്തിന്റെ 80,000 രൂപ ഏതാനും ദിവസം കിടന്നു; പണം പിന്‍വലിച്ച ശേഷം പരിശോധിച്ചപ്പോള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് 401.93 രൂപ പിഴ; അക്കൗണ്ടില്‍ കൂടുതല്‍ പണം വന്നപ്പോള്‍ ആക്‌സിസ് ബാങ്ക് സ്വയം മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തിയ വിചിത്ര നടപടി; നിയമനടപടിയുമായി പാലാ സ്വദേശി

ആക്‌സിസ് ബാങ്കിനെതിരെ പരാതി

Update: 2025-11-25 07:33 GMT

പാലാ: ഉപഭോക്താവിന്റെ അനുമതിയില്ലാതെ മിനിമം ബാലന്‍സ് പരിധി ഏകപക്ഷീയമായി ഉയര്‍ത്തി പിഴ ഈടാക്കി പണം തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ച് ആക്‌സിസ് ബാങ്കിനെതിരെ (Axis Bank) ഗുരുതര പരാതി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ആണ് ആക്‌സിസ് ബാങ്കിന്റെ പാലാ ശാഖയ്‌ക്കെതിരെ 'കോര്‍പ്പറേറ്റ് മോഷണം' എന്ന കുറ്റം ആരോപിച്ചു രംഗത്തെത്തിയിരിക്കുന്നത്.

തന്റെ അറിവോ സമ്മതമോ ഇല്ലാതെ അക്കൗണ്ടില്‍ ഒരു നിശ്ചിത കാലയളവില്‍ കൂടുതല്‍ തുക വന്നതിന്റെ പേരില്‍ ബാങ്ക് സ്വയം മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തുകയും, പിന്നീട് ആ പരിധി പാലിക്കാത്തതിന്റെ പേരില്‍ പിഴ ഈടാക്കുകയും ചെയ്തു എന്നാണ് പരാതി. ഈ നടപടി ബാങ്കിന്റെ ചതിയും വഞ്ചനയും ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പരാതിക്കാരന്‍ അറിയിച്ചു.

5,000 രൂപ മിനിമം ബാലന്‍സ് അക്കൗണ്ട് 25000 രൂപയായി ഉയര്‍ത്തി

2008-ല്‍ പാലാ ശാഖയില്‍ തുറന്ന അക്കൗണ്ടില്‍ മിനിമം ബാലന്‍സ് 5,000 രൂപ ആയിരുന്നു. ഇത് കൃത്യമായി നിലനിര്‍ത്തിയിരുന്നതിനാല്‍ ഇതുവരെ പിഴയൊന്നും ഈടാക്കിയിരുന്നില്ല. എന്നാല്‍, അടുത്തിടെ അക്കൗണ്ടില്‍ സുഹൃത്തിന്റേതായ ഏകദേശം 80,000 രൂപ ഏതാനും ദിവസം ഉണ്ടായിരുന്നു. ഈ പണം പിന്‍വലിച്ച ശേഷം കഴിഞ്ഞ ദിവസം അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 401.93 രൂപ കുറവുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടു.

ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ സെപ്റ്റംബര്‍ മാസത്തെ ശരാശരി മിനിമം ബാലന്‍സ് (Average Minimum Balance) ഇല്ലാത്തതിന്റെ പേരിലാണ് പിഴ ഈടാക്കിയത് എന്ന് മനസ്സിലായി.

ബാങ്കിന്റെ വിചിത്രമായ മറുപടി

തുടര്‍ന്ന് ആക്‌സിസ് ബാങ്കിന്റെ പാലാ ശാഖയില്‍ ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ടിന്റെ മിനിമം ബാലന്‍സ് പരിധി 25,000 രൂപയായി ഉയര്‍ത്തിയെന്ന ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്. പരാതിക്കാരന്‍ ഇത് ചോദ്യം ചെയ്യുകയും, 25,000 രൂപ മിനിമം ബാലന്‍സ് ഉള്ള അക്കൗണ്ട് താന്‍ എടുത്തിട്ടില്ലെന്നും പരിധി ഉയര്‍ത്താനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കുകയും ചെയ്തു. ഇതിന് മറുപടിയായി ബാങ്ക് അധികൃതര്‍ നല്‍കിയ വിശദീകരണം ഏറെ വിചിത്രമാണ്:

'അക്കൗണ്ടില്‍ കൂടുതല്‍ പണം കിടന്നിരുന്നതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് സ്വയം അക്കൗണ്ടിന്റെ മിനിമം ബാലന്‍സിന്റെ പരിധി ഉയര്‍ത്തുകയായിരുന്നു.' കൂടാതെ, അക്കൗണ്ട് പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് ഇമെയില്‍ അയച്ചിരുന്നുവെന്നും, അതിന് മറുപടി നല്‍കിയില്ലെങ്കില്‍ ബാങ്ക് സ്വയം പരിധി ഉയര്‍ത്തുമെന്നായിരുന്നു ഇമെയിലിന്റെ ഉള്ളടക്കമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചതായി പരാതിയില്‍ പറയുന്നു. ഇത് ഉപഭോക്താവിന്റെ പണം കൈകാര്യം ചെയ്യാനുള്ള അവകാശം കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും, ലാഭമുണ്ടാക്കാനുള്ള ബാങ്കിന്റെ തട്ടിപ്പാണ് ഇതെന്നും എബി ജെ ജോസ് ആരോപിക്കുന്നു.

നിയമനടപടികള്‍ക്കൊരുങ്ങി പരാതിക്കാരന്‍

ആക്‌സിസ് ബാങ്കിന്റെ ഈ നടപടി ചതി, വഞ്ചന, വ്യാജരേഖ നിര്‍മ്മാണം, മോഷണം, സ്വത്ത് സത്യസന്ധമല്ലാത്ത രീതിയില്‍ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളായി കണക്കാക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ നിയമസംഹിത പ്രകാരം ചതി/വഞ്ചന (Section 318 BNS), വ്യാജരേഖ നിര്‍മ്മാണം (Section 336 BNS), മോഷണം (Section 314 BNS) എന്നീ കുറ്റങ്ങളാണ് ബാങ്ക് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഈ കോര്‍പ്പറേറ്റ് മോഷണത്തിനെതിരെ പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്‌സിസ് ബാങ്ക് അനധികൃതമായി ഉയര്‍ത്തിയ പരിധി നീക്കം ചെയ്യുകയും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും മോഷ്ടിച്ചെടുത്ത പണം തിരികെ നിക്ഷേപിക്കുകയും മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Full View


Tags:    

Similar News