'ചെവികള്‍ കടിച്ചെടുക്കുന്നു, കൈകാലുകള്‍ അറക്ക മെഷീനുകള്‍ ഉപയോഗിച്ച് മുറിക്കുന്നു, ഹൃദയം, കണ്ണുകള്‍, കുടല്‍ എന്നിവ പറിച്ചെടുക്കുന്നു': അക്രമത്തിന്റെ അതിപ്രസരമുളള മാര്‍ക്കോ സിനിമ 18 വയസില്‍ താഴെയുള്ള കുട്ടികളെയും കാണിക്കുന്നു; പരാതി നല്‍കി കെ പി സി സി അംഗം
'മാര്‍ക്കോ' സിനിമ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെയും കാണിക്കുന്നെന്ന് പരാതി
തിരുവനന്തപുരം: അക്രമത്തിന്റെ അതിപ്രസരമുള്ള ഉണ്ണി മുകുന്ദന്‍ നായകനായ 'മാര്‍ക്കോ' സിനിമ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെയും കാണിക്കുന്നെന്ന് പരാതി. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് മാര്‍ക്കോ. കെ.പി.സി.സി അംഗം അഡ്വ.ജെ.എസ് അഖിലാണ് പരാതി നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിനും സംസ്ഥാന ബാലാവകാശ കമ്മീഷനും പരാതി നല്‍കി
ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെയും കാണിക്കുന്നെന്നാണ് ജെ.എസ്. അഖിലിന്റെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞദിവസം താന്‍ ഈ ചിത്രം കാണുകയുണ്ടായി. അത്യന്തം വയലന്‍സ് നിറഞ്ഞ ഈ ചിത്രം 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കായി പ്രദര്‍ശിപ്പിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഈ വസ്തുത അറിയാതെ പല തിയേറ്ററുകളിലും കുട്ടികള്‍ക്കൊപ്പമാണ് പലരും വരുന്നത്. തിയേറ്ററുകളില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഈ ചിത്രം കാണുന്നതില്‍ യാതൊരു വിലക്കുമില്ലെന്നും അഖില്‍ പരാതിയില്‍ പറഞ്ഞു.
'സിനിമ കണ്ടുകഴിഞ്ഞാല്‍, ചിത്രത്തേക്കുറിച്ച് പറഞ്ഞ അവകാശവാദങ്ങള്‍ വെറുമൊരു വിപണന തന്ത്രം ആയിരുന്നില്ല എന്ന് നിസ്സംശയം പറയാം. മലയാളം എന്നത് മറക്കാം. ഇന്ത്യന്‍ സിനിമയില്‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള അസ്വസ്ഥതയുണ്ടാക്കുന്ന രംഗങ്ങളാണ് മാര്‍ക്കോയിലുള്ളത്. പ്രശ്നം എന്തെന്നാല്‍, കൊലപാതകങ്ങളുടെ അനന്തമായ കൂട്ടക്കൊലയ്ക്ക് യഥാര്‍ത്ഥ ലക്ഷ്യമോ രീതിയോ ഇല്ല. തീര്‍ച്ചയായും, വില്ലന്മാര്‍ ആളുകളെ കൊല്ലുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഈ സിനിമയില്‍ കാണുന്നത് സാധാരണ കൊലപാതകങ്ങളല്ല. പകരം, ചെവികള്‍ കടിച്ചെടുക്കുന്നു, കൈകാലുകള്‍ അറക്ക മെഷീനുകള്‍ ഉപയോഗിച്ച് മുറിക്കുന്നു, ഹൃദയം, കണ്ണുകള്‍, കുടല്‍ എന്നിവ പറിച്ചെടുക്കുന്നു, അമ്മയുടെ ഭ്രൂണത്തില്‍ നിന്ന് വെറും കൈകളാല്‍ ഒരു കുഞ്ഞിനെ പുറത്തെടുക്കുന്നു തുടങ്ങിയവയാണ്.' അഖിലിന്റെ പരാതിയില്‍ പറയുന്നു.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ സിനിമ കാണാതിരിക്കാന്‍ സംസ്ഥാനത്തുടനീളമുള്ള എല്ലാ തിയേറ്ററുകളിലും കര്‍ശനമായ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നാണ് ജെ.എസ്. അഖില്‍ ആവശ്യപ്പെടുന്നത്. ഇത്തരം അസ്വസ്ഥതയുളവാക്കുന്ന രംഗങ്ങള്‍ കാണുന്നത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇന്നലെ കേരളത്തില്‍ മാത്രം നാല് കോടി രൂപയിലധികം മാര്‍ക്കോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം 31 കോടി നേടിയ ചിത്രം മാര്‍ക്കോ അതിവേഗം മുന്നേറുകയും 50 കോടി എന്ന സുവര്‍ണ സംഖ്യയിലേക്ക് എത്തുകയാണ് എന്നുമാണ് റിപ്പോര്‍ട്ട്.
മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷന്‍ ഉയര്‍ത്തിയാല്‍ വമ്പന്‍ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സംവിധായകന്‍ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദന്‍ ഫിലിംസും ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍. യുക്തി തരേജ എന്നീ താരങ്ങളും ആണ്.