കഥാപ്രസംഗത്തില്‍ കീബോര്‍ഡ് ഉപയോഗിക്കരുതെന്ന് സ്‌കൂള്‍ കലോത്സവ മാനുവല്‍; ഹാര്‍മോണിയത്തിന് പകരം കീബോര്‍ഡ് വായിച്ച കുട്ടിക്ക് രണ്ടാം സ്ഥാനം; പദ്യപാരായണത്തില്‍ മുന്‍കൂട്ടി മാര്‍ക്ക് ഇട്ട് അശ്രദ്ധമായി ഇരിക്കുന്ന വിധികര്‍ത്താവ്; കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തിലെ വിധിനിര്‍ണയത്തിന് എതിരെ പരാതി

കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തിലെ വിധിനിര്‍ണയത്തിന് എതിരെ പരാതി

Update: 2025-11-13 13:38 GMT

കൊല്ലം: കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തില്‍, ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗം, ഇംഗ്ലീഷ് പദ്യപാരായണം എന്നീ ഇനങ്ങളിലെ വിധി നിര്‍ണയത്തില്‍ ഗുരുതര പിഴവെന്ന് പരാതി. മോശം വിധി നിര്‍ണയം കാരണം നിരവധി കുട്ടികള്‍ക്ക് കടുത്ത മനോവിഷമവും നിരാശയും ഉണ്ടായതായി കാട്ടി മുന്‍വര്‍ഷങ്ങളില്‍ രണ്ട് സബ് ജില്ലാ കലോത്സവങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടിയുടെ പിതാവ് കരുനാഗപ്പള്ളി എ ഇ ഒയ്ക്ക് പരാതി നല്‍കി. സി ആര്‍ മഹേഷ് എം എല്‍ എയ്ക്കും പരാതി കൈമാറിയിട്ടുണ്ട്.

ഈ മാസം 4,5,6,7 തീയതികളിലായി കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ചാണ് ഉപജില്ല കലോത്സവം നടന്നത്. ക്ലാപ്പന എസ് വി എച്ച് എസ് എസില്‍ 10 ാം ക്ലാസില്‍ പഠിക്കുന്ന ഭൂമിക എന്ന വിദ്യാര്‍ഥിനിയുടെ പിതാവ് എസ്.ഉല്ലാസാണ് പരാതി നല്‍കിയത്. കഴിഞ്ഞ രണ്ട് സബ്ജില്ല കലോത്സവങ്ങളില്‍, ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗം, ഇംഗ്ലീഷ് പദ്യപാരായണം എന്നിവയില്‍ ഒന്നാം സ്ഥാനം നേടി ജില്ലയില്‍ മത്സരിച്ച കുട്ടിയാണെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍, മികച്ച പ്രകടനം കാഴ്ച വച്ചിട്ടും മോശം വിധി നിര്‍ണയം കാരണം മൂന്നാം സ്ഥാനം മാത്രമേ കിട്ടിയുള്ളു. ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളുടെ പ്രകടനം പിഴവുകള്‍ നിറഞ്ഞതായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കഥാപ്രസംഗത്തിന് ആകെ മൂന്നുടീമുകളാണ് മത്സരിച്ചത്. തന്റെ മകള്‍ മികച്ച ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നന്നായി കഥ പറയുകയും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്‌തെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നുമാണ് ഭൂമികയുടെ പിതാവിന്റെ പരാതി. ഒന്നാം സ്ഥാനം നേടിയ കുട്ടി അക്ഷര സ്ഫുടതയോടെ കഥ അവതരിപ്പിച്ചെങ്കിലും രണ്ടിടങ്ങളില്‍ വാക്കുകള്‍ ആവര്‍ത്തിക്കുകയും, ചെറിയ പിഴവുകള്‍ വരുത്തുകയും ചെയ്തു. ശ്രുതി ചേരാതെ പാട്ടുകള്‍, തബലയില്‍ ആദ്യാവസാനം ഒരേ താളം തുടങ്ങിയ പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നാം സ്ഥാനം നല്‍കി എന്നാണ് പരാതി.

രണ്ടാം സ്ഥാനം നേടിയ കുട്ടിയുടെ ഓര്‍ക്കസ്്ട്ര മോശമായിരുന്നെന്നും ഹാര്‍മോണിയത്തിന് പകരം കീബോര്‍ഡ് ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു. കഥാപ്രസംഗത്തിന്റെ നിയമാവലി അനുസരിച്ച് കീബോര്‍ഡ് അനുവദനീയമല്ല എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ജില്ലാ തലത്തില്‍ മത്സരിക്കാന്‍ അപ്പീല്‍ നല്‍കാന്‍ പോലും അനുവദിക്കരുതെന്ന ദുരുദ്ദേശ്യത്തോടെയാണ് തന്റെ മകളെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയതെന്നാണ് ഉല്ലാസിന്റെ പരാതി.




ഇംഗ്ലീഷ് പദ്യപാരായണത്തിലാകട്ടെ പ്രധാന ജഡ്ജിയായ അദ്ധ്യാപകന്‍ അശ്രദ്ധമായ രീതിയിലാണ് വിധി നിര്‍ണയം നടത്തിയതെന്നും പരാതിയില്‍ പറയുന്നു. കഥാപ്രസംഗത്തിലെ വിധി നിര്‍ണയത്തിലെ പിഴവ് സൃഷ്ടിച്ച മാനസിക ക്ലേശത്താല്‍, തന്റെ മകളുടെ മത്സരത്തിന് തബല വായിച്ച കുട്ടി ഏഴാം തീയതി നടന്ന തബല വാദന മത്സരത്തില്‍ പങ്കെടുത്തില്ലെന്നും പരാതിയിലുണ്ട്.




ഗുണനിലവാരമില്ലാത്ത ജഡ്ജസിനെ സബ് ജില്ലാ കലോത്സവത്തിന് മാര്‍ക്കിടാന്‍ നിയോഗിച്ച പ്രോഗ്രാം കമ്മിറ്റി ഗുരുതര വീഴ്ചയാണ് വരുത്തിയതെന്നും വരും വര്‍ഷങ്ങളില്‍ ഇത്തരക്കാരെ ഒഴിവാക്കണമെന്നും എഇഒക്ക് നല്‍കിയ പരാതിയില്‍ കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. മോശം വിധി നിര്‍ണയം മൂലം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക വിഷമം കണക്കിലെടുത്ത് വരും വര്‍ഷങ്ങളില്‍ ഇതാവര്‍ത്തിക്കാന്‍ ഇടയാക്കരുതെന്ന ആവശ്യവും മുന്നോട്ടുവയ്ക്കുന്നു.

Tags:    

Similar News