മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡോര്‍മിറ്ററി ബുക്ക് ചെയ്താല്‍ മൂത്രം മുട്ടി മരിക്കും; ഡോര്‍മിറ്ററി ബുക്ക് ചെയ്ത കുട്ടികള്‍ അടക്കമുള്ള 12 അംഗ സംഘത്തെ പ്രവേശിപ്പിക്കാതെ ടോയ്‌ലറ്റ് പൂട്ടി അധികൃതര്‍; വെള്ളമില്ലെന്ന് ന്യായം പറയുമ്പോഴും ബസുകള്‍ കഴുകി ജീവനക്കാരുടെ വെല്ലുവിളി; മന്ത്രി ഗണേഷ് കുമാര്‍ അറിയാനായി സഞ്ചാരികളുടെ വിലാപം
മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡോര്‍മിറ്ററി ബുക്ക് ചെയ്താല്‍ മൂത്രം മുട്ടി മരിക്കും
മൂന്നാര്‍: പോക്കറ്റ് കീറാതെ മൂന്നാറില്‍ താമസ സൗകര്യം കിട്ടുന്നത് വലിയ കാര്യം തന്നെയാണ്. 100 രൂപക്ക് കെ.എസ്ആര്‍ടിസി ബസില്‍ രാപാര്‍ക്കാനുള്ള സൗകര്യം സഞ്ചാരികള്‍ക്ക് അനുഗ്രഹവുമാണ്. എന്നാല്‍, പദ്ധതി നാലുവര്‍ഷം പിന്നിടുമ്പോഴേക്കും, പ്രശ്‌നങ്ങള്‍ തലപൊക്കിയിരിക്കുന്നു. മൂന്നാര്‍ ബസ് സ്‌റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ച സ്ലീപ്പര്‍ ബസുകളാണ് സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത്. ബസ് ഉപയോഗിക്കുന്നവര്‍ക്ക് മൂന്നാര്‍ ഡിപ്പോയിലെ ടോയ്‌ലറ്റ് സൗകര്യമാണ് ഉപയോഗിക്കാനായി അനുവദിച്ചിരിക്കുന്നത്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായുള്ള ടോയ്‌ലറ്റുകളുള്ള ബാത്ത്‌റൂം സമുച്ചയമാണുളളത്. എന്നാല്‍, കഴിഞ്ഞ ദിവസം മൂന്നാര്‍ ഡിപ്പോയിലെത്തിയ വിനോദയാത്രാ സംഘത്തിന് വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വന്നത്. വെള്ളമില്ലെന്ന പേരില്‍ 12 അംഗ കുടുബത്തിന് ടോയ്‌ലറ്റ് സൗകര്യം നിഷേധിച്ചു. അധികൃതര്‍ ടോയ്‌ലറ്റ് അടച്ചിടുകയും ചെയ്തു. ഇതോടെ വലിയ ബഹളമായി.
സംഭവത്തെ കുറിച്ച് സംഘത്തിലുണ്ടായിരുന്ന വീട്ടമ്മ വിവരിക്കുന്നത് ഇങ്ങനെ:
'ഞങ്ങള്‍ 12 പേര്‍, ഒന്‍പതുപേര്‍ കുട്ടികള്‍ കെ എസ് ആര്‍ ടി സി ഡോര്‍മിറ്ററി മിനിഞ്ഞാന്ന് ബുക്ക് ചെയ്തു. ടോയ്‌ലറ്റ് സൗകര്യം ഉണ്ടെന്നാണ് പറഞ്ഞത്. അന്ന് വൈകുന്നേരം വെള്ളമില്ലെന്ന് പറഞ്ഞ് ടോയ്‌ലറ്റ് അടച്ചു. കുട്ടികളൊക്കെ ഉള്ളത് കൊണ്ട് ഇടയ്ക്ക് തുറന്നുതന്നു. പിന്നീട് ലോക്ക് ചെയ്തു. ഇന്നലെ രാത്രി 12.30- 1 മണി വരെ കുട്ടികളടക്കം പുറത്തുകുത്തിയിരുന്നിട്ടാണ് അവസാനം കുറേശെ വെള്ളം ബാത്‌റൂമില്‍ പോകാനായി തന്നത്. ഇന്നുരാവിലെ വെള്ളമില്ലാത്തത് കൊണ്ട് ബാത്‌റൂമില്‍ പോകാന്‍ പറ്റാതെ രാവിലെ തിരിക്കാന്‍ കഴിഞ്ഞില്ല. ഉച്ചയായപ്പോള്‍ ടോയ്‌ലറ്റ് പൂര്‍ണമായി അടച്ചു. അതേസമയം, ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസുകളെല്ലാം ജീവനക്കാര്‍ കഴുകുന്നുണ്ടായിരുന്നു. ഒടുവില്‍, വീഡിയോ ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്ക് അയച്ചപ്പോഴാണ് ബാത്ത് റൂം തുറന്നുതന്നത്.'
ടോയ്‌ലറ്റില്‍ പോകാന്‍ കഴിയാതെ കുട്ടികളടക്കം സഞ്ചാരികളെല്ലാം വിഷമിച്ചു. ടോയ്‌ലറ്റ് അടച്ചിട്ടതിനെ ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാരുടെ പ്രതികരണവും മോശമായിരുന്നു. തങ്ങള്‍ക്കിതിലൊന്നും ഉത്തരവാദിത്തം ഇല്ലെന്നും മേലധികാരികളോട് പറയാനും മറ്റുമായിരുന്നു ജീവനക്കാര്‍ പറഞ്ഞത്. ഈ ഡിപ്പോയില്‍ പകല്‍ 9 മണി മുതല്‍ 5 മണി വരെ ഡ്യൂട്ടി ഓഫീസര്‍ ഇല്ലെന്നതും വിചിത്രമായ കാര്യമാണ്.
ഗതാഗത മന്ത്രി വന്നപ്പോഴും തങ്ങള്‍ വെള്ളമില്ലെന്ന് പറഞ്ഞതാണെന്ന് 5 മണിക്ക് വന്ന ഡ്യൂട്ടി ഓഫീസര്‍, യാത്രക്കാര്‍ ചിത്രീകരിച്ച വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. വെളളമില്ലെങ്കില്‍ ബുക്ക് ചെയ്ത പണം റീഫണ്ട് ചെയ്യാനും സഞ്ചാരികള്‍ ആവശ്യപ്പെടുന്നുണ്ട്. പുറത്തുനിന്ന് രണ്ട് കെയ്‌സ് വെള്ളം വാങ്ങി വന്നാണ് ഒടുവില്‍ യാത്രക്കാര്‍ ടോയ്‌ലറ്റില്‍ പോയത്. ജീവനക്കാര്‍ വെള്ളമില്ലെന്ന് പറയുമ്പോഴും ബസ് കഴുകാന്‍ സമൃദ്ധമായി വെള്ളം ഉപയോഗിക്കുന്നത് കാണാം. ഈ വെള്ളം സമീപത്തെ തോട്ടില്‍ നിന്ന് പമ്പ് ചെയ്ത് എടുക്കുന്നതാണെന്ന് ജീവനക്കാര്‍ പറയുന്നുണ്ട്. എന്നാല്‍, ബാത്ത്‌റൂമില്‍ വെള്ളമില്ലാത്തത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. വെള്ളമില്ലെങ്കില്‍, എന്തുകൊണ്ട് ഡോര്‍മിറ്ററി ബുക്കിങ് അനുവദിക്കുന്നു എന്ന ചോദ്യവും ഉയരുന്നു.
കൊട്ടിഘോഷിച്ചുതുടങ്ങിയ യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കാന്‍ കഴിയുന്ന ഡോര്‍മിറ്ററി സൗകര്യം ഇല്ലാതാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇതൊന്ന് ശ്രദ്ധിക്കണമെന്നാണ് സഞ്ചാരികള്‍ ആവശ്യപ്പെടുന്നത്.
മൂന്നാറിലെ ഡോര്‍മിറ്ററി സൗകര്യം സ്ലീപ്പര്‍ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കില്‍ വൈകീട്ട് ആറുമണിമുതല്‍ പിറ്റേന്ന് ഉച്ചക്ക് 12 വരെയാണ് വാടകക്ക് നല്‍കുന്നത്. വാടകക്ക് തുല്യമായ തുക കരുതല്‍ധനമായി നല്‍കണം. ഒഴിഞ്ഞുപോകുമ്പോള്‍ നാശനഷ്ടങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് ഈടാക്കിയശേഷം ബാക്കി തുക തിരികെനല്‍കും. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച് ബസ് വൃത്തിയാക്കി അണു നശീകരണം നടത്തി വേണം അടുത്ത ഗ്രൂപ്പിന് നല്‍കേണ്ടത്. എന്തായാലും തുടക്കത്തിലെ ശുഷ്‌ക്കാന്തി ഇപ്പോള്‍ ഇല്ലെന്നാണ് സഞ്ചാരികളുടെ ദുരനുഭവത്തില്‍ നിന്നും വ്യക്തമാകുന്നത്.