'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല..;'; എകെജി പഠന കേന്ദ്രത്തിൽ മുദ്രാവാക്യങ്ങള്‍ നിലയ്ക്കുന്നില്ല; രാത്രി വൈകിയും വി.എസിനെ അവസാനമായി ഒരു നോക്ക് കാണാൻ ജനപ്രവാഹം; മറ്റ് ജില്ലകളിൽ നിന്നും പ്രവർത്തകർ ഒഴുകിയെത്തി; ദർബാർ ഹാളിൽ പൊതുദർശനം 9 മണി മുതൽ; സംസ്‌കാരം മറ്റന്നാൾ ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ രാത്രി വൈകിയും ജനസാഗരം. 'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എകെജി കേന്ദ്രത്തിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്നു. മറ്റ് ജില്ലകളിൽ നിന്നും വി.എസിനെ കാണാൻ പ്രവർത്തകർ എത്തുന്നുണ്ട്. ഇന്ന് രാത്രി മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ട് പോകാനാണ് തീരുമാനം. എന്നാൽ എകെജി കേന്ദ്രത്തിൽ ജനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ വീട്ടിലേക്ക് നിരവധി പേർ എത്തുന്നുണ്ട്. മുതിർന്ന പാർട്ടി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ വൻ ജനാവലി തന്നെ പ്രിയ നേതാവിനെ കാണാൻ എത്തിയിട്ടുണ്ട്.
രാത്രി വൈകിയും തിരക്കിന് കുറവ് ഉണ്ടായിട്ടില്ല. ഇതിൽ നിന്നും വി.എസ് എത്രത്തോളം ജനകീയനായ നേതാവായിരുന്നു എന്ന് വ്യക്തമാകുന്നത്. വി.എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 22 മുതൽ സംസ്‌ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഈ കാലയളവിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അഭിവാദ്യം അര്‍പ്പിച്ചു. രാഷ്ട്രീയ ഭരണ രംഗത്തെ പ്രമുഖർ വി.എസിന്റെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു.
'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി അവർ തങ്ങളുടെ ചങ്കിടിപ്പായ നേതാവിന് യാത്രമൊഴിയേകാൻ തടിച്ചു കൂടിയത്. വി. എസ്.അച്യുതാനന്ദന്റെ ഭൗതിക ശരീരം 22ന് രാവിലെ 9 മണി മുതൽ ഗവ. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഗവ. സെക്രട്ടേറിയറ്റ് ക്യാമ്പസിൽ മന്ത്രിമാർ, എം. എൽ. എ, എം. പി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. മറ്റു വാഹനങ്ങളും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങളും സെൻട്രൽ സ്‌റ്റേഡിയത്തിൽ പാർക്ക് ചെയ്യണം. പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റ് ക്യാമ്പസിലേക്ക് നോർത്ത് ഗേറ്റ്, ട്രഷറി ഗേറ്റുകൾ വഴിയാണ് പ്രവേശനം. അന്തിമോപചാരം അർപ്പിച്ച ശേഷം പൊതുജനങ്ങൾ വൈ. എം. സി. എ ഗേറ്റ് വഴിയാണ് പുറത്തു പോകേണ്ടത്. സെക്രട്ടേറിയറ്റ് വളപ്പിലും സെക്രട്ടേറിയറ്റിന് ചുറ്റുമുള്ള നിരത്തുകളിലും പാർക്കിംഗ് അനുവദിക്കില്ല.
പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. എസ്.യു.ടി ആശുപത്രിയില്‍നിന്ന് 7.15-ഓടെ വിഎസിന്റെ മൃതദേഹം ആംബുലന്‍സില്‍ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചത്.
മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവരും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയില്‍ എത്തി വി.എസിനെ സന്ദര്‍ശിച്ചിരുന്നു.