'മകനെ തോളിലിട്ട് ആര്‍സിസിയിലേക്ക് പോകുന്ന സ്ഥാനാര്‍ഥി'; കാന്‍സര്‍ ദിനത്തില്‍ കണ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് 'ജീവിതം ഒരിക്കലും പ്രതിസന്ധികളില്‍ അവസാനിക്കുന്നതല്ല' എന്ന്; ഉള്ളിലെ നീറ്റല്‍ മറന്ന് ജനസേവനം; അടൂര്‍ തിരിച്ചുപിടിക്കാനുള്ള മുന്നൊരുക്കത്തിനിടെ അപ്രതീക്ഷിത വിയോഗം; പ്രാരബ്ദങ്ങളോട് പടപൊരുതിയ കണ്ണന്‍ പാതിവഴിയില്‍ മടങ്ങുമ്പോള്‍
പ്രാരബ്ദങ്ങളോട് പടപൊരുതിയ കണ്ണന്‍ പാതിവഴിയില്‍ മടങ്ങുമ്പോള്‍
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റുമായ എം.ജി.കണ്ണന്റെ വിയോഗം കോണ്‍ഗ്രസ് നേതൃത്വത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും തീരാനഷ്ടമാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ദുരിതത്തിന്റെ ബാല്യവും പോരാട്ടത്തിന്റെ കൗമാരവും തീര്‍ത്ത കനല്‍പാടം കടന്ന എം.ജി. കണ്ണന് പാതിവഴിയില്‍ മടക്കം. പ്രതീക്ഷകളേകിയ ജനകീയമുഖം അപ്രതീക്ഷിതമായി അസ്തമിച്ചെന്നത് വിശ്വസിക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കാകുന്നില്ല.
പട്ടിണിയുടെയും ദുരിതത്തിന്റെയും ലോകത്തുനിന്ന് സ്വന്തം പ്രയ്തനവും ഇഛാശക്തിയും കൊണ്ട് കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് വന്നയാളാണ് ആകാലത്തില്‍ എം.ജി കണ്ണന്‍. അദ്ദേഹം 2005ല്‍ ചെന്നീര്‍ക്കര പഞ്ചായത്തംഗവും 2010, 2015 വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്തംഗവുമായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂരില്‍ മല്‍സരിച്ച എം.ജി കണ്ണന് ഇരുപത്തയ്യായിരത്തിലേറെ ഉണ്ടായിരുന്ന ചിറ്റയം ഗോപകുമാറിന്റെ ഭൂരിപക്ഷം 2919 വോട്ടായി കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു.
ദുരിതം നിറഞ്ഞ ബാല്യ കാലമായിരുന്നു കണ്ണന്റേത്. മരം വെട്ടു തൊഴിലാളിയായ അച്ഛനും കൂലിവേലയ്ക്കു പോകുന്ന അമ്മയും കൊണ്ടു വരുന്ന തുച്ഛമായ വേതനം കൊണ്ട് ജീവിച്ചു വന്ന കുടുംബത്തിന് കൂലിപ്പണിയില്ലാത്ത നാളുകള്‍ വറുതിയുടേതായിരുന്നു. മകനെയും മകളെയും പഠിപ്പിച്ച് വലിയ ജോലിക്കാരാക്കിയാല്‍ കുടുംബം രക്ഷപ്പെടുമെന്നു ആ മാതാപിതാക്കള്‍ സ്വപ്നം കണ്ടു.
പ്രാരബ്ദങ്ങളില്‍ അവര്‍ക്ക് കൈത്താങ്ങാകാന്‍ കണ്ണന്‍ ചെറുപ്പത്തിലേ ജോലിക്കിറങ്ങി. ഇതിനിടെ ബിരുദപഠനം പൂര്‍ത്തിയാക്കി. പത്രം ഏജന്റായും കേബിള്‍ ടിവി ടെക്‌നീഷ്യനായും ജോലിചെയ്തു. പഠനകാലത്തുണ്ടായിരുന്ന കെഎസ്യു ബന്ധങ്ങള്‍ ദൃഢമാക്കിയ കണ്ണന്‍ 23-ാം വയസ്സില്‍ ചെന്നീര്‍ക്കരയില്‍നിന്ന് കോണ്‍ഗ്രസിന്റെ ഗ്രാമപ്പഞ്ചായത്തംഗമായി. പിന്നീട് രണ്ടുതവണ ജില്ലാപഞ്ചായത്തംഗവും.
പ്രസ്ഥാനത്തിന്റെ പിന്തുണയും ജനങ്ങളുടെ വിശ്വാസവും കണ്ണനെ കരുത്തനാക്കി. ഓഫീസിലിരുന്ന് നടത്തുന്നതല്ല പാര്‍ട്ടിപ്രവര്‍ത്തനമെന്ന് യുവാക്കളെ പഠിപ്പിച്ച അദ്ദേഹം സമരമുഖങ്ങളില്‍ മുന്നില്‍നിന്ന് പോരാടി. മര്‍ദനങ്ങള്‍ക്കിരയായിട്ടും തളരാത്ത വീര്യത്തോടെ തിരിച്ചുവന്നു. ഒപ്പമുണ്ടായിരുന്ന പലരും പാര്‍ട്ടിയിലുംമറ്റും ഉന്നതസ്ഥാനത്ത് എത്തിയപ്പോഴും കണ്ണന്‍ ആരോടും പരാതിപ്പെട്ടില്ല. യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ആയിരുന്ന രണ്ടുതവണയും സംഘടനയെ ശക്തിപ്പെടുത്താന്‍ അക്ഷീണം പ്രയത്‌നിച്ചു.
താന്‍ അടൂരില്‍ മല്‍സരിക്കുന്ന കാലത്തും അച്ഛന്‍ കൂലിവേലയ്ക്കു പോകുന്നതും അമ്മ തൊഴിലുറപ്പു ജോലിക്കും പോകുന്നതും കണ്ണന്റെ കണ്ണുനിറയ്ക്കുമായിരുന്നു. ബിരുദ പഠനത്തിനു ശേഷം കേബിള്‍ ടിവി ടെക്‌നീഷ്യനായി കുറച്ചു കാലം ജോലി നോക്കിയ കണ്ണന്‍ പത്ര ഏജന്റുമായിരുന്നു. രാവിലെ പത്ര വിതരണത്തിനു ശേഷമായിരുന്നു പൊതുപ്രവര്‍ത്തനം. എത്ര തിരക്കുണ്ടെങ്കിലും വായനക്കാര്‍ക്ക് പത്രം എത്തിച്ചു നല്‍കിയ ശേഷമാകും മറ്റു കാര്യങ്ങള്‍ക്ക് തിരിക്കുക.
തദ്ദേശതിരഞ്ഞെടുപ്പിലെ വിജയഗാഥയുടെ കരുത്തിലാണ് അടൂര്‍ നിയമസഭാ സീറ്റില്‍ മത്സരിക്കാനെത്തിയത്. ചെറുഭൂരിപക്ഷത്തില്‍ അടൂര്‍ നഷ്ടപ്പെടുമ്പോഴും ആ നാട് കണ്ണനെ നെഞ്ചോടുചേര്‍ത്തിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അടൂരില്‍നിന്ന് മത്സരിച്ച് വിജയിക്കണമെന്ന ആഗ്രഹത്തോടെ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്. ആഗ്രഹങ്ങള്‍ ബാക്കിവെച്ച് കണ്ണന്‍ പാതിവഴിയില്‍ മടങ്ങുമ്പോള്‍ കോണ്‍ഗ്രസിന് നഷ്ടമാകുന്നത് ധൈര്യശാലിയായ പ്രവര്‍ത്തകനെയാണ്, ജനങ്ങള്‍ക്ക് നഷ്ടമാകുന്നത് ഒപ്പംനിന്ന നേതാവിനെയും.
തിരഞ്ഞെടുപ്പുകാലത്തെ നൊമ്പരക്കാഴ്ച
2021ലെ നിയമസഭാ തിരഞ്ഞെടുപ്പു തിരക്കുകള്‍ക്കിടയിലും രക്താര്‍ബുദ രോഗിയായ മകന്‍ ശിവകിരണിന്റെ ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങള്‍ എങ്ങനെ ഒരുക്കുമെന്ന സങ്കടത്തിലായിരന്നു കണ്ണന്‍. അര്‍ബുദബാധിതനായ മകനെ തോളിലിട്ട് തിരുവനന്തപുരം ആര്‍സിസിയിലേക്ക് പോകുന്ന അടൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കണ്ണന്റെ ചിത്രവും വാര്‍ത്തയും തിരഞ്ഞെടുപ്പുകാലത്തെ നൊമ്പരക്കാഴ്ചയായിരുന്നു. ആശുപത്രിയിലേക്ക് അച്ഛനും വരണമെന്ന ഒമ്പത് വയസ്സുകാരന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കണ്ണന്‍ പ്രചാരണത്തിരക്ക് മാറ്റിവെച്ചു. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുന്‍പായിരുന്നു ഇത്.
നിറഞ്ഞചിരിയുമായി ആളുകളുടെ മുന്നിലെത്തുന്ന കണ്ണന്റെ ഉള്ളിലെ നീറ്റലായിരുന്നു മൂത്തമകന്‍ ശിവകിരണിന്റെ രോഗാവസ്ഥ. തിരഞ്ഞെടുപ്പിനെക്കാള്‍ വലിയചൂട് നെഞ്ചേറ്റി തിരുവന്തപുരത്തേക്ക് പോയ കണ്ണന്‍ കടംവാങ്ങിയും മറ്റുമാണ് മകനെ ചികിത്സിച്ചത്. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയുമായി ഒരുവര്‍ഷം കണ്ണനും ഭാര്യയും മകനും ശ്രീകാര്യത്തെ ഓര്‍ഫനേജില്‍ കഴിഞ്ഞു.
ഒമ്പതുവര്‍ഷത്തിനിപ്പുറം അതിജീവനപാതയിലാണ് ശിവകിരണ്‍. കാന്‍സര്‍ ദിനത്തില്‍ കണ്ണന്‍ ഫെയ്സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു; ''ജീവിതം ഒരിക്കലും പ്രതിസന്ധികളില്‍ അവസാനിക്കുന്നതല്ല. കാന്‍സര്‍ ഒരു പോരാട്ടം മാത്രമാണ്, അതിജീവനത്തിനുള്ള കരുത്ത് നമ്മില്‍ തന്നെയുണ്ട്. ജീവിതത്തെ സ്നേഹിക്കുക, പ്രതിസന്ധികളെ ചിരിയോടെ മറികടക്കുക.
കുട്ടികളുടെയും കൂട്ടുകാരന്‍
നിയമസഭാ തിരഞ്ഞെടുപ്പുകാലം. പ്രചാരണത്തിനിടെ കുടുംബയോഗത്തില്‍ കുറച്ച് കുട്ടികള്‍ കത്തുമായി എത്തി കണ്ണന് നേരേ നീട്ടി. 'കോവിഡ് കാലമായതിനാല്‍ സ്‌കൂളില്‍ പോകാനോ കളിക്കാനോ പറ്റുന്നില്ല. ഇവിടെയാണേല്‍ കളിക്കാന്‍ കളിക്കളവുമില്ല, കളിക്കാനുള്ള ബാറ്റും ബോളും ഒന്നുമില്ല. തത്കാലം ഞങ്ങള്‍ക്ക് ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങിത്തന്ന് സഹായിക്കണം.' -ഇതായിരുന്നു കത്തിലെ ഉള്ളടക്കം.
കണ്ണന്‍ ഉറപ്പ് നല്‍കി മടങ്ങി. പ്രചാരണത്തിരക്കിനിടയിലും കുഞ്ഞുമനസ്സിലെ വലിയ ആഗ്രഹം അദ്ദേഹം മറന്നില്ല. തൊട്ടടുത്തദിവസം തന്നെ ക്രിക്കറ്റ് കിറ്റ് വാങ്ങി കുട്ടികളുടെ കൈയിലെത്തിച്ച് പറഞ്ഞ വാക്കുപാലിച്ചു.
ആളുകള്‍ക്ക് കൊടുത്ത വാക്കുപാലിക്കുന്നതില്‍ എപ്പോഴും മുന്നിലായിരുന്നു കണ്ണന്‍. പരിചയപ്പെട്ടവരാരും പെട്ടെന്നു മറക്കാത്ത മുഖം, നിറഞ്ഞ ചിരി, സൗമ്യമായ പെരുമാറ്റം. നാട്ടുകാര്‍ക്കും പ്രസ്ഥാനത്തിനുംവേണ്ടി ക്ഷീണമില്ലാതെ രാപകല്‍ ഓടിനടക്കുമായിരുന്നു. 2005-ല്‍ തന്റെ 23-ാം വയസ്സിലാണ് ചെന്നീര്‍ക്കരയില്‍ മത്സരിച്ച് വിജയിച്ച് ഗ്രാമപ്പഞ്ചായത്തംഗമായത്.
ഇലന്തൂരില്‍നിന്നും റാന്നി അങ്ങാടിയില്‍നിന്നും ജില്ലാപഞ്ചായത്ത് അംഗമായത് കണ്ണന് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ധിപ്പിച്ചു. വലിയ ഭൂരിപക്ഷത്തിലാണ് ജില്ലാപഞ്ചായത്തില്‍ വിജയിച്ചത്. ജീവിത വെല്ലുവളികളോട് പടപൊരുതിയ കണ്ണന്‍ എന്നും സാധാരണക്കാര്‍ക്കൊപ്പമായിരുന്നു. അപ്രതീക്ഷിതമായി യാത്ര പറഞ്ഞ് കണ്ണന്‍ മടങ്ങുമ്പോള്‍ ഒറ്റയ്ക്കാവുന്നത് ഒരുപാട് പേരാണ്. കണ്ണ് കലങ്ങുമ്പോള്‍ ഉറ്റവരേപ്പോലെ ചേര്‍ത്തുനിര്‍ത്താന്‍ കണ്ണനില്ലെന്ന ദുഃഖം അത്രപെട്ടെന്ന് മായാതെ അവശേഷിക്കും.
അടൂര്‍ തിരിച്ചുപിടിക്കുംമുമ്പെ....
2021-ല്‍ യുഡിഎഫ് സീറ്റില്‍ അടൂരില്‍ മത്സരിക്കാനെത്തുമ്പോള്‍ ജില്ലാപഞ്ചായത്തിലേക്ക് രണ്ടുതവണ മത്സരിച്ച് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു എം.ജി. കണ്ണന്‍. വളരെ വൈകിയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെങ്കിലും നിലവിലെ എംഎല്‍എ ചിറ്റയം ഗോപകുമാറിന് വലിയ വെല്ലുവിളിയാണ് കണ്ണന്‍ ഉയര്‍ത്തിയത്.
2016-ലെ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ ചിറ്റയം ഗോപകുമാര്‍ 25,460 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ കണ്ണനോട് മത്സരിച്ചപ്പോള്‍ 2919 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടാന്‍ കഴിഞ്ഞത്. അവസാന ഘട്ടത്തിലായിട്ടുപോലും മണ്ഡലം ഇളക്കിമറിച്ച് പ്രവര്‍ത്തിച്ച കണ്ണന്‍, ചിറ്റയത്തിന്റെ ഭൂരിപക്ഷം കുത്തനെ കുറച്ചെന്നുമാത്രമല്ല, ശക്തമായ മത്സരവും കാഴ്ചവെച്ചു.
നേരിയ ഭൂരിപക്ഷത്തില്‍ തോറ്റെങ്കിലും വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ യുഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കണ്ണന്‍. ഇതിന്റെ ഭാഗമായി മണ്ഡലത്തില്‍ വളരെ സജീവമായിരുന്നു. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും നടത്തുന്ന മിക്ക സമരങ്ങളിലും പങ്കാളിയായിരുന്നു. കഴിഞ്ഞ മൂന്നുതവണയായി നഷ്ടപ്പെടുന്ന യുഡിഎഫ് എംഎല്‍എ സ്ഥാനം കണ്ണനിലൂടെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.
കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
പത്ര വിതരണ ഏജന്റ് കൂടിയായതിനാല്‍ അതിരാവിലെയാണ് കണ്ണന്റെ ഒരു ദിനം ആരംഭിച്ചിരുന്നത്. പിന്നീടുള്ള സമയം മുഴുവന്‍ അയാള്‍ ഓടിക്കൊണ്ടിരുന്നത് സ്വന്തം ആവശ്യങ്ങളേക്കാളുപരി സമൂഹത്തിന്റെയും സഹജീവികളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയാണ്. സമരങ്ങളും, സാമൂഹിക പ്രവര്‍ത്തനവും ഇടവേളകളില്ലാതെ തുടര്‍ന്നുകൊണ്ടിരുന്ന ജീവിതത്തില്‍ കൃത്യ സമയത്ത് ആഹാരം കഴിക്കാനോ ആരോഗ്യം ശ്രദ്ധിക്കാനോ കഴിയാതെ പോകുന്ന അനേകം രാഷ്ട്രീയക്കാരുടെ പ്രതിനിധിയാണ് കണ്ണന്‍.
ഈ ചെറിയ കാലയളവിലെ ജീവിതം മുഴുവന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും വേണ്ടിയാണ് ആ ചെറുപ്പക്കാരന്‍ ഉഴിഞ്ഞുവച്ചത്. സ്വന്തം കഷ്ടപ്പാടുകള്‍ക്കിടയിലും മുഖത്തൊരു ചിരിയുമായി അപരന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ എന്നും കണ്ണന്‍ മുന്നിലുണ്ടായിരുന്നു. ഇന്ന് കണ്ണനെ അവസാനമായി പരുമലയില്‍ ഹോസ്പിറ്റലിലെത്തി കണ്ടു. അതിനുശേഷം ചെന്നീര്‍ക്കരയിലെ വീട്ടിലെത്തി പിതാവിനെയും ഭാര്യയെയും മക്കളെയും സന്ദര്‍ശിച്ചു. അവരുടെ വാക്കുകളിലും പ്രതിധ്വനിച്ചത് കണ്ണന് പ്രസ്ഥാനത്തോടുണ്ടായിരുന്ന വൈകാരികമായ ആത്മാര്‍ത്ഥത തന്നെയാണ്.
ഭാര്യയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് ആ കുടുംബം മുന്നോട്ടു പോയിരുന്നത്. പരിമിതമായ ജീവിത സാഹചര്യങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഒരു കുടുംബം. 15 വയസ്സ് പ്രായമുള്ള ശിവകിരണിനും 10 വയസ്സ് മാത്രം പ്രായമുള്ള ശിവഹര്‍ഷിനും അച്ഛന്‍ ഇനി ഒപ്പമില്ലെന്ന യാഥാര്‍ഥ്യത്തെ ഇപ്പോഴും പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ലോകത്തിനു മുമ്പില്‍ ചിരിക്കുമ്പോഴും സ്വന്തം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മറ്റുള്ളവരോട് പങ്കുവയ്ക്കുന്ന പ്രകൃതക്കാരന്‍ ആയിരുന്നില്ല കണ്ണന്‍. കുടുംബത്തിന്റെ അവസ്ഥ പങ്കുവയ്ക്കാതെയാണ് കണ്ണന്‍ യാത്രയായതെങ്കിലും ആ കുടുംബം നിരാലംബരാകില്ല. ഇത്രയും നാള്‍ കണ്ണന്‍ ജീവിതം സമര്‍പ്പിച്ച കോണ്‍ഗ്രസ് പ്രസ്ഥാനം ആ കുടുംബത്തോടൊപ്പം ഉണ്ടാകും. ആ ഉറപ്പു മാത്രമാണ് ഈ നിമിഷം പറയാനുള്ളത്.
സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍
Arunraj Rajanpillai's Post
അളിയാ എന്തായി രാഹുലിനെ വിളിച്ചോ ഷാഫിയെ വിളിച്ചോ.....
ഈ ചോദ്യവുമായി എന്നെ വിളിക്കുന്ന എന്റെ പ്രിയപ്പെട്ട കണ്ണന്‍....
കണ്ണന്റെ ഫോണ്‍ വിളികള്‍ വരുന്നത് മിക്കവാറും വെളുപ്പാന്‍കാലത്തായിരിക്കും കണ്ണന്‍ പത്രം ഏജന്റ് ആയതുകൊണ്ട് നേരത്തെ ഉറക്കം എഴുന്നേല്‍ക്കും... ഒത്തിരി നേരം സംസാരിക്കും പ്രതീക്ഷകളാവും കൂടുതലും പങ്കുവെക്കാറുള്ളത് അടുത്ത തവണ അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും എം എല്‍ എ ആകുവാന്‍ ഉറപ്പായും കണ്ണന് കഴിയുമായിരുന്നു അത്രമാത്രം കണ്ണന്‍ ആ നിയോജകമണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്നു രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും വിശ്വസ്തനായ സഹപ്രവര്‍ത്തകനായിരുന്നു കണ്ണന്‍... ഇന്നലെ കണ്ണന് സീരിയസാണ് എന്നറിഞ്ഞിട്ടു പരുമല ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിതുമ്പുന്നത് കണ്ടപ്പോള്‍.. കണ്ണന്റെ മോനെ ചേര്‍ത്ത് നിര്‍ത്തി നീ കരയരുത് എന്ന് പറയുന്നത് കണ്ടപ്പോള്‍... എല്ലാ പരിപാടിയും മാറ്റിവെച്ചു പാലക്കാട് നിന്ന് ഓടിവന്നു അവര്‍ക്ക് കൂട്ടായി നില്‍ക്കുന്നത് കണ്ടപ്പോള്‍....
വിധി തോല്‍പ്പിക്കുന്ന നിമിഷങ്ങളില്‍ കൂട്ടായി ഇവരൊക്കെ ഉണ്ടാകും എന്ന തോന്നല്‍ ഒരുപാട് പ്രതീക്ഷകളായി മനസ്സില്‍ ഉറച്ചു.
ഇന്ന് രാവിലെ ഷാഫി പറമ്പില്‍ എംപി കൂടി എത്തിയതിനുശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും എന്നാണ് അറിയാന്‍ സാധിച്ചത്.
ഒരുപാട് ഓര്‍മ്മകളും രസകരമായ നന്മകളും കടന്നുപോകുന്നു മനസ്സില്‍
സൗഹൃദ സദസ്സുകളില്‍ വളരെ രസകരമായി കണ്ണന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സാറിനെ അനുകരിക്കുമായിരുന്നു. ആനയ്ക്ക് എന്തു 144 പുലിക്ക് എന്തു 144
എന്നു തുടങ്ങുന്ന കണ്ണന്റെ തിരുവഞ്ചൂര്‍ മോഡല്‍ സംസാരം എപ്പോഴും മനസ്സില്‍ ചിരി ഉണര്‍ത്തുന്നത് ആണ്.
ഇന്നലെ രാത്രി വൈകി ഷാഫി പറമ്പില്‍ എംപിയുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് കഴിഞ്ഞദിവസം കൂടി പുതിയ കെപിസിസി ഭാരവാഹികളുടെ നിയമനത്തില്‍ സന്തോഷം പങ്കുവെച്ചുകൊണ്ട് ഒരുപാട് നേരം അദ്ദേഹവുമായി കണ്ണന്‍ സംസാരിക്കുകയും പ്രതീക്ഷകള്‍ പങ്കുവെക്കുകയും ചെയ്തിരുന്നുഎന്ന്.
.................
Lekshmi Ashok's Pots
ഞങ്ങടെ പ്രസിഡന്റ്??
ജില്ലാ കമ്മിറ്റിയുടെ തുടക്കകാലം! രാവിലെ ആറുമണിക്ക് വിളിക്കും, അലാറം പോലെ! ഉറക്കചെവിടോടെ ഹലോ കേള്‍ക്കുമ്പോള്‍ അടുത്ത ദിവസം ആറേ കാലിന് വിളിക്കും. അപ്പോഴും പഴയപടി തന്നെ. പിന്നെ ഏഴു മണിയായി ഏഴര കഴിഞ്ഞു. അപ്പൊ ചോദ്യം 'ഇതാണല്ലേ എഴുന്നേല്‍ക്കുന്ന സമയം!'. കണ്ണന്‍ ചേട്ടന്റെ ദിനചര്യ രാവിലെ ബ്രാഹ്‌മ മുഹൂര്‍ത്തമാണ്. നമ്മളൊക്കെ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് പത്രം ഇടീലും നടത്തവുമടക്കം എല്ലാം കഴിഞ്ഞിട്ടാണ് ഇഷ്ടക്കാരെ വിളിക്കുന്നത്. കുശുമ്പും പിണക്കവും പരാതിയും പരിഭവവും ഹാസ്യം കലര്‍ത്തി സ്വതസിദ്ധമായ തന്റെ ശൈലിയില്‍ പറയാനാണീ വിളികളൊക്കെ.
ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ എംജി കണ്ണനെ വിശേഷിപ്പിച്ച് 'സീസണല്‍ പഴക്കച്ചവടക്കാരന്‍' എന്നൊരു പ്രയോഗം ഉണ്ടാരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നു ഒരു കമ്മിറ്റിയില്‍ വച്ചു നര്‍മത്തില്‍ കലര്‍ത്തി അദ്ദേഹത്തെ അങ്ങനെ പറഞ്ഞത്. അഭിപ്രായ വ്യത്യാസങ്ങള്‍ വരുമ്പോള്‍ കണ്ണന്‍ ചേട്ടന്‍ പഴക്കച്ചവടക്കാരെ പോലെ ഒരു സീസണില്‍ ഓറഞ്ച് ആണെങ്കില്‍ അടുത്ത തവണ ആപ്പിള്‍ എന്ന പോലെ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ടീമിനെ കൂടെ കൂട്ടും. അടുത്ത തവണ അടുത്ത ടീം. എന്തൊക്കെ പറഞ്ഞാലും അഭിപ്രായവ്യത്യാസങ്ങള്‍ പലതും ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായാലും എംജി കണ്ണന്റെ വാക്കായിരുന്നു ഞങ്ങളുടെ അവസാന വാക്ക്. കണ്ണന്‍ ചേട്ടന്റെ തീരുമാനമായിരുന്നു ഞങ്ങളുടെയും തീരുമാനം. അങ്ങനെയാണ് ഏക് സാത് റാലിയും, അടൂരില്‍ നിന്ന് പത്തനംതിട്ട വരെയുള്ള പദയാത്രയും, അടൂരില്‍ വെച്ചുള്ള ജില്ലാ ക്യാമ്പും ഒക്കെ നടന്നത്.
സംഘടനാ ചുമതലയുണ്ടായിരുന്ന ജില്ലാ ജനറല്‍ സെക്രട്ടറി ഹസ്സന്റെ കല്യാണത്തിന് തിരൂര് പോയ യാത്ര ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ജില്ലാ യൂത്ത് കോണ്‍ഗ്രസ് ഞങ്ങളുടെ സമരനായകനായ ജില്ലാ പ്രസിഡന്റിന് വേണ്ടി അടൂര്‍ നിയോജക. മണ്ഡലത്തില്‍ നടത്തിയ ബൈക്ക് റാലിയും news paper suppliment വര്‍ക്കുകളും, ഇലക്ഷന്‍ വര്‍ക്കുകളുമൊക്കെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനത്തിന്റെ നല്ല ഏടുകളില്‍ എഴുതി വയ്‌ക്കേണ്ടതാണ്.
രാഷ്ട്രീയത്തില്‍ വലിയ ഭാവി ഉണ്ടായിരുന്ന വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന ഊര്‍ജസ്വലനായ നേതാവിനെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് നഷ്ടമായത്. എംജി കണ്ണന് കിട്ടിയ പൊതു ജന അംഗീകാരം ജില്ലയില്‍ ഒരു നേതാവിനും കിട്ടിയിട്ടില്ല കിട്ടുകയുമില്ല. പത്തനംതിട്ടയിലെ കോണ്‍ഗ്രസിന്റെ 'ഉമ്മന്‍ ചാണ്ടി' യാണ് മരണശേഷമുള്ള കണ്ണന്‍ ചേട്ടന്‍.
പ്രിയ പ്രസിഡന്റിന് ആദരാജ്ഞലികള്‍