നാഷണല്‍ ഹെറാള്‍ഡ് കേസിലടക്കം ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നു; വേട്ടയ്ക്ക് എതിരെ ഭരണഘടനാ സംരക്ഷണ റാലികള്‍ നടത്താന്‍ കോണ്‍ഗ്രസ്; ഏപ്രില്‍ 25 മുതല്‍ മെയ് 30 വരെ രാജ്യത്തുടനീളം റാലികള്‍; ജില്ല അധ്യക്ഷന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുള്ള കേരള മോഡല്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാനും തീരുമാനം
ഭരണഘടനാ സംരക്ഷണ റാലികള്‍ നടത്താന്‍ കോണ്‍ഗ്രസ്;
ന്യൂഡല്‍ഹി: സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതി എന്ന ലക്ഷ്യം മുന്നോട്ടുകൊണ്ടുപോകാന്‍ രാജ്യത്തുടനീളം ഏപ്രില്‍ 25 മുതല്‍ മെയ് 30 വരെ ഭരണഘടനാ സംരക്ഷണ റാലികള്‍ നടത്താന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിളിച്ചുചേര്‍ത്ത എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശാണ് ഇക്കാര്യം അറിയിച്ചത്.
ഭരണഘടനയ്ക്ക് നേരേ ആക്രമണം ഉണ്ടാകുന്നുവെന്നും ഇഡി പോലുള്ള സ്ഥാപനങ്ങളെ ദുരുപയോഗിക്കുന്നുവെന്നും ജയ്‌റാം രമേശ് ആരോപിച്ചു. ക്രിമിനല്‍ ചിന്താഗതിയുള്ള രണ്ടുപേരാണ് ഇതിന്റെ സൂത്രധാരന്മാരെന്നും അദ്ദേഹം ആരോപിച്ചു. ഇഡിയെ ഉപയോഗിച്ചുള്ള വേട്ടയ്‌ക്കെതിരെയാണ് ഭരണഘടനാ സംരക്ഷണ റാലി നടത്തുന്നത്്.
അടുത്തമാസം എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും റാലി നടത്താനാണ് തീരുമാനം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍, ബിജെപി നുണ പ്രചരിപ്പിക്കുകയാണ്. അത് കണ്ട് കോണ്‍ഗ്രസ് ഭയപ്പെടില്ലെന്നും ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ളത് നുണകളുടെ കുറ്റപത്രം ആണെന്നും ജയറാം രമേശ് പറഞ്ഞു. ജനങ്ങളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കും. സുപ്രീംകോടതിയെ സമീപിക്കണമോ എന്ന് അപ്പോള്‍ നോക്കം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ല. നിലവില്‍ ഉള്ള എല്ലാ വിഷയങ്ങളും ഭരണഘടന സംരക്ഷണ റാലിയില്‍ വരും. സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാനുള്ള ബിജെപിയുടെ നീക്കം ആണ് ഇതിന് പിന്നിലെന്നും അദ്ദേഹം വിമര്‍ശിച്ചു.
മെയ് മൂന്നിനും 10നും ഇടയില്‍ എല്ലാ ജില്ലകളിലും ഭരണഘടനാ സംരക്ഷണ റാലി നടത്തും. മെയ് 11നും 17നും ഇടയില്‍ നിയോജക മണ്ഡലങ്ങളിലും റാലി സംഘടിപ്പിക്കും. മെയ് 25നും 30നും ഇടയില്‍ വീടുകള്‍ തോറുമുള്ള പ്രചാരണം ആരംഭിക്കും. മെയ് 21നും 23നും ഇടയില്‍ രാജ്യത്ത് 40 ഇടങ്ങളില്‍ ഇഡി നടപടിക്കെതിരെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തും. ജാതി സെന്‍സസ് രാജ്യത്ത് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഭരണഘടന സുപ്രീംകോടതിക്ക് നല്‍കിയ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ഉള്ള ശ്രമമാണ് നടക്കുന്നത്. ഉപരാഷ്ട്രപതിയും മന്ത്രിമാരും ബിജെപി എംപിമാരും സുപ്രീംകോടതിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നു. ഓര്‍ഗനൈസറിലെ ലേഖനത്തിന് പിന്നാലെ കേരളത്തില്‍ ക്രിസ്ത്യന്‍ പള്ളികളെയും ബിജെപി ലക്ഷ്യം വയ്ക്കുന്നു. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യം വയ്ക്കുകയാണ്.
അതേസമയം, ഗുജറാത്തില്‍ മാറ്റത്തിനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചു. അടുത്ത മാസം പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കും. അതിനായുള്ള നടപടികള്‍ തുടങ്ങി. ഡിസിസികളെ ശക്തിപ്പെടുത്താന്‍ ജില്ലകളില്‍ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.
ജില്ല അധ്യക്ഷന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുള്ള കേരള മോഡല്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കും. ഡിസിസി അധ്യക്ഷമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. മത്സരിക്കുന്നത് വിലക്കിയിട്ടില്ല. മുകുള്‍ വാസ്‌നിക് അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും തിരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.