വധുവിനെ തേടി മാട്രിമോണിയിൽ ഫീസടച്ചു; പറഞ്ഞ സമയത്തിനുള്ളിൽ അനുയോജ്യയായ വധുവിനെ കണ്ടെത്താൻ മാട്രിമോണിക്കായില്ല; 60,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി
ബെംഗളൂരു: അനുയോജ്യയായ വധുവിനെ കണ്ടെത്തി നൽകാത്തതിന് മാട്രിമോണിയൽ സൈറ്റിന് പിഴ ചുമത്തി ബെംഗളൂരു ഉപഭോക്തൃ കോടതി. 60,000 രൂപ പിഴയാണ് കോടതി വിധിച്ചത്. ബെംഗളൂരുവിലെ എംഎസ് നഗർ സ്വദേശിയായ വിജയകുമാർ കെ എസ് എന്നയാളുടെ പരാതിയിലായിരുന്നു കോടതി വിധി. ദിൽമിൽ മാട്രിമോണിക്കാണ് പിഴ ലഭിച്ചത്.
മകൻ ബാലാജിക്ക് വധുവിനെ തേടിയാണ് വിജയകുമാർ ദിൽമിൽ മാട്രിമോണി പോർട്ടലിൽ അപേക്ഷ നൽകിയത്. ഇതിനായി 30,000 രൂപ ഫീസും മാട്രിമോണി സൈറ്റ് കൈപ്പറ്റിയിരുന്നു. തുടർന്ന് മാർച്ച് 17ന് മകന്റെ ഫോട്ടോകളും മറ്റ് രേഖകളും വിജയകുമാർ നൽകി. ബാലാജിക്ക് വധുവിനെ കണ്ടെത്താനായി 45 ദിവസമാണ് ദിൽമിൽ മാട്രിമോണി ആവശ്യപ്പെട്ടിരുന്നത്. ഇതിനുളിൽ വധുവിനെ കണ്ടെത്തി നൽകുമെന്ന് വാക്കാൽ ഉറപ്പും നൽകി.
എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ ബാലാജിക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്താൻ ദിൽമിൽ മാട്രിമോണിക്ക് കഴിഞ്ഞില്ല. തുടർന്ന് ഏപ്രിൽ 30ന് വിജയ കുമാർ ഓഫീസിലെത്തി പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പണം തിരികെ നൽകിയില്ലെന്ന് മാത്രമല്ല, ജീവനക്കാർ അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. ശേഷമാണ് വിജയകുമാർ നിയമ നടപടികൾ സ്വീകരിച്ചത്.
മെയ് 9 ന് വിജയകുമാർ വക്കീൽ നോട്ടീസ് അയച്ചെങ്കിലും മാട്രിമോണിയൽ മറുപടി നൽകിയില്ല. തുടർന്നാണ് ഉപഭോക്തൃ കോടതി വിജയകുമാറിന് അനുകൂലമായ ഉത്തരവിട്ടത്. വധുവിനെ കണ്ടെത്താനായി പരാതിക്കാരനെ ഒരു പ്രൊഫൈൽ പോലും മാട്രിമോണി കാണിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഫീസ് തിരികെ നൽകാനും നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചത്. ഫീസായി വാങ്ങിയ 30,000 രൂപയും സേവനം നൽകാത്തതിന് 20,000 രൂപയും മാനസിക ബുദ്ധിമുട്ടിന് 5,000 രൂപയും കോടതി ചെലവായി 5,000 രൂപയും നൽകാൻ കോടതി ഉത്തരവിട്ടു.