'ഞങ്ങളാരും, എങ്ങും പോയിട്ടില്ല, പൊട്ടിത്തെറിച്ചിട്ടുമില്ല; മാധ്യമപ്രവര്‍ത്തനം ഉച്ഛിഷ്ട ഭോജനമായി മാറി; കോണ്‍ഗ്രസിന്റെ പഞ്ചര്‍ ടയറില്‍ കാറ്റടിക്കാന്‍ നോക്കേണ്ട'; സിപിഎം സൈബര്‍ ടീമില്‍, നികേഷിനെതിരെ പടയൊരുക്കമെന്ന വാര്‍ത്ത തള്ളി മറുപടിയുമായി ദേശാഭിമാനി മുന്‍ എഡിറ്റര്‍മാര്‍
വാര്‍ത്ത തള്ളി മറുപടിയുമായി ദേശാഭിമാനി മുന്‍ എഡിറ്റര്‍മാര്‍
തിരുവനന്തപുരം: സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ ടീമില്‍ ആഭ്യന്തര ഭിന്നത രൂക്ഷമാണെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടെന്നുമുള്ള വാര്‍ത്തകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍മാര്‍ രംഗത്ത്. തങ്ങള്‍ എവിടെയും പോയിട്ടില്ലെന്നും പാര്‍ട്ടിക്കെതിരെയുള്ള വ്യാജവാര്‍ത്തകളുടെ ഭാഗമാണിതെന്നും ഇ.എസ്. സുഭാഷും കെ.എം. മോഹന്‍ദാസും വ്യക്തമാക്കി.
സിപിഎം സോഷ്യല്‍ മീഡിയ ടീമില്‍ നിന്ന് ഒഴിവായെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ഇ.എസ്. സുഭാഷ് അറിയിച്ചു. വിരമിച്ച ശേഷവും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ സജീവമായി തുടരുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാന്‍ എവിടെയും പോയിട്ടില്ല
സി പി ഐ എമ്മിന്റെ സോഷ്യല്‍ മീഡിയ ടീമില്‍ നിന്നും ഞാന്‍ ഒഴിവായതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധം. ദേശാഭിമാനിയില്‍ ഉണ്ടായിരുന്നപ്പോഴും വിരമിച്ച ശേഷവും സോഷ്യല്‍ മീഡിയയുമായി സഹകരിക്കാറുണ്ട്. വിരമിച്ച ശേഷം ഇതില്‍ കൂടുതലായി ഇടപെടുന്നുണ്ട്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇനിയും തുടരും.
സി പി ഐ എമ്മിന് എതിരെ നിരന്തരം ഉണ്ടാക്കുന്ന വ്യാജ വാര്‍ത്തകളുടെ കൂട്ടത്തില്‍ ഒന്നു കൂടി എന്ന നിലയിലേ ഇതിനെയും കാണേണ്ടതുള്ളൂ-ഇ.എസ്.സുബാഷ്
മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനം
ഒരു ചാനല്‍ നല്‍കിയ തെറ്റായ വാര്‍ത്ത മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയായിരുന്നുവെന്ന് കെ.എം. മോഹന്‍ദാസ് പറഞ്ഞു. ഒരേ തലക്കെട്ടും പദപ്രയോഗങ്ങളും ഉപയോഗിച്ച് വാര്‍ത്ത ചമയ്ക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനി പ്രവര്‍ത്തകരെ വിവിധ ഘട്ടങ്ങളില്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കാറുണ്ട്. അങ്ങനെ വന്നവര്‍ ആരും തന്നെ പൊട്ടിത്തെറിച്ചോ അതൃപ്തി പ്രകടിപ്പിച്ചോ പോയിട്ടില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടാന്‍ ഫെബ്രുവരി 18-ന് സിപിഎം സോഷ്യല്‍ മീഡിയ ടീം ഒരു പുതിയ വെബ്സൈറ്റ് ആരംഭിച്ചിരുന്നു. 'മറക്കാനാവുമോ ആ ഇരുണ്ട കാലം': 2011-2016 കാലഘട്ടത്തിലെ ഭരണത്തകര്‍ച്ചയും ജനദ്രോഹങ്ങളും തുറന്നുകാട്ടുന്ന ഈ വെബ്സൈറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ വെബ്സൈറ്റ് മൂലം യുഡിഎഫ് നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് അവരെ രക്ഷിക്കാനാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ 'പൊട്ടിത്തെറി' വാര്‍ത്തകള്‍ ചമയ്ക്കുന്നതെന്ന് കെ.എം. മോഹന്‍ദാസ് ആരോപിച്ചു. യുഡിഎഫിനെ തുറന്നുകാട്ടുന്ന ദൗത്യം ഇനിയും തുടരുമെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ എം മോഹന്‍ദാസിന്റെ കുറിപ്പ്
കേരളത്തിലെ മാധ്യമപ്രവര്‍ത്തനം ഉഛിഷ്ഠ ഭോജനമായി മാറുന്നതിന് ഇന്നത്തെ 'സിപിഐ എം സോഷ്യല്‍ മീഡിയ പൊട്ടിത്തെറി ' സൃഷ്ടി പോലെ വേറെന്തുദാഹരണം വേണം.
ഇന്ന് രാവിലെ ബ്രേക്കിംഗ് എന്ന നിലയില്‍ ഒരു ചാനല്‍ വായുവിലേക്ക് വിട്ട വിടുവായത്തം, ഇതാ കോളടിച്ചേ എന്ന മട്ടില്‍ മറ്റ് ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും വാരിയെടുത്താഘോഷിക്കുന്നതാണ് കണ്ടത്. സിപിഐ എം വിരുദ്ധ മാലിന്യപ്പുക കൊഴുപ്പിക്കാന്‍ നിരീക്ഷക പരിഷകളുടെ ഉന്മാദ നൃത്തം കൂടി ഉടന്‍ കണ്ടു., ചോദ്യോത്തരം, നിരീക്ഷണം, വിശകലനം....
ഒരേ തലക്കെട്ട്, ഒരേ പദപ്രയോഗങ്ങള്‍. എന്തുമാത്രം ലജ്ജാകരമാണിത്. സോഷ്യല്‍ മീഡിയയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ദേശാഭിമാനി പ്രവര്‍ത്തകരായിരുന്നവരെ വിവിധ ഘട്ടങ്ങളില്‍ താല്‍ക്കാലികമായി നിയോഗിക്കാറുണ്ട്. അങ്ങനെ നിയോഗിക്കപ്പെട്ടവര്‍ അതിന്റെ ഭാഗമായി തുടരുന്നുമുണ്ട്. വിട്ടു പോയി എന്ന് ഇവര്‍ സൃഷ്ടിച്ച കഥയില്‍ എന്റെ പേര് കൂടിയുണ്ട് എന്നതും തമാശയാണ്. ഞങ്ങളാരും, എങ്ങും പോയിട്ടില്ല, പൊട്ടിത്തെറിച്ചിട്ടുമില്ല.
ഇന്നലെ ( Feb 18 ന് ) സി പി ഐ എം സോഷ്യല്‍ മീഡിയ ടീം ഒരു പുതിയ വെബ് സൈറ്റ് ആരംഭിച്ചിരുന്നു. പത്തു വര്‍ഷം മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ ഭരിച്ച കെട്ട കാലം ഓര്‍മ്മിപ്പിക്കുന്ന 'മറക്കാനാവുമോ ആ ഇരുണ്ട കാലം' എന്ന വെബ്‌സൈറ്റ് - 2011- 16 കാലത്തെ കൊടിയ അഴിമതികളും ജനദ്രോഹവും ഭരണത്തകര്‍ച്ചയും തുറന്നു കാട്ടുന്ന വെബ്‌സൈറ്റ്. അത് യുഡിഎഫിന്റെ തലയില്‍ വീണു പൊട്ടിത്തെറിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലാകെ അത് വൈറലാണ്. മിക്ക ചാനലുകളും പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും അത് വാര്‍ത്തയാക്കി. ആ ഭരണത്തിന്റെ ദുഷ്‌ചെയ്തികള്‍ അതില്‍ തുറന്നു കാണിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് യുഡിഎഫും അവരുടെ രക്ഷാ ദൗത്യം ഏറ്റെടുത്ത മാധ്യമങ്ങളും. ഈ വന്‍ പ്രതിസന്ധിയില്‍ നിന്ന് യുഡിഎഫിനെ രക്ഷിക്കാന്‍ വേണ്ടിയുള്ള നാലാം കിട ക്വട്ടേഷന്‍ പണിക്കപ്പുറം ഒന്നുമല്ല ഈ 'പൊട്ടിത്തെറി'യും.
കേരളത്തിലെ മാധ്യമപ്രവര്‍ത്തനം എത്രമാത്രം അധ:പതിച്ചു എന്ന് ലോകത്തോട് വിളിച്ചു പറയുന്ന ചീഞ്ഞ പടക്കങ്ങളില്‍ ഇതും ചേരുകയാണ്. നിങ്ങള്‍ (കോണ്‍ഗ്രസിന്റെ പഞ്ചര്‍ ടയറുകളില്‍ കാറ്റൂതി നിറക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍) എത്ര 'പൊട്ടിത്തെറി ' സൃഷ്ടിച്ചാലും ഞങ്ങള്‍ യുഡിഎഫിനെയും നിങ്ങളെയും തുറന്നു കാണിക്കുന്ന ദൗത്യം തുടരുക തന്നെ ചെയ്യും.അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല
നിങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പെരും നുണകളുടെ കുത്തൊഴുക്കില്‍ നിര്‍വീര്യമാകുന്നതല്ല ഞങ്ങളുടെ സംഘബോധം. വാര്‍ത്തയുടെ വിശ്വാസ്യത അനുദിനം തകര്‍ത്തെറിയുകയാണ് കോണ്‍ഗ്രസിനു വേണ്ടി തലകുത്തിമറിയുന്ന ഈ മാ(ധ്യമ ) പ്ര (വര്‍ത്തക) ക്കൂട്ടങ്ങള്‍ എന്ന് കൂടി പറയട്ടെ.
K. M. Mohandas
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍മാരുമായ കെ.വി. സുധാകരന്‍, കെ.എം. മോഹന്‍ദാസ്, ഇ.എസ്. സുഭാഷ് എന്നിവര്‍ എം.വി. നികേഷ് കുമാറിന്റെ ഏകപക്ഷീയമായ നടപടികളില്‍ പ്രതിഷേധിച്ച് ടീം വിട്ടു എന്നായിരുന്നു വാര്‍ത്തകള്‍. നികേഷ് കുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സൈബര്‍ ഇടപെടലുകള്‍ കാര്യക്ഷമമാകുന്നില്ലെന്ന വിമര്‍ശനം പാര്‍ട്ടി കേന്ദ്രങ്ങളില്‍ തന്നെയുണ്ടെന്നും,
മേഖല ജാഥകളിലെയും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാളിയതില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടെന്നും വാര്‍ത്തകള്‍ വന്നു.
എം.വി. ഗോവിന്ദന്‍ മുന്‍കൈയെടുത്താണ് നികേഷ് കുമാറിനെ പാര്‍ട്ടിയുടെ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എകെജി സെന്ററിലേക്ക് കൊണ്ടുവന്നത്. മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചാണ് നികേഷ് പാര്‍ട്ടി ചുമതലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
