അപകടകരമായ കാർഗോ സൂക്ഷിച്ചത് കപ്പലിനുള്ളിലെ ഹാച്ചുകളിലാവാം; കപ്പൽ മുങ്ങിയാൽ ഇവ കടലിലൂടെ ഒഴുകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല; അപകടകരമായ വസ്തുക്കളുള്ള കണ്ടെയ്നറുകൾ പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ടാകും; ഇവ തീരത്തടിഞ്ഞാൽ സൂക്ഷിക്കുക; ഒഴുകുന്നത് ടണ്ണുകൾ ഭാരമുള്ള കണ്ടെയ്‌നറുകൾ; ടി.ഇ.എക്സ് എന്നത് കണ്ടെയ്നർ ലീസിന് നൽകിയ കമ്പനിയുടെ പേര്; പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് മൗനം തുടർന്ന് അധികൃതർ

Update: 2025-05-28 07:12 GMT

കൊച്ചി: എംസിസി എൽസ 3 കപ്പൽ മുങ്ങിയതിനെ തുടർന്ന് തീരദേശ മേഖലയിലുള്ളവർ ആശങ്കയിലാണ്. കണ്ടെയ്നറുകൾ തീരത്തടിഞ്ഞാൽ വിവരം അറിയിക്കണം എന്നതുൾപ്പെടെയുള്ള ജാഗ്രത മുന്നറിയിപ്പുകൾ അധികൃതർ നൽകിയിരുന്നു. കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ ഇത് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് ഒരു തരത്തിലുള്ള വെളിപ്പെടുത്തലുകളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ കപ്പലിന്റെ ഹാച്ചിനുള്ളിൽ സൂക്ഷിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കപ്പൽ മുങ്ങിയാൽ ഇത് കടലിൽ ഒഴുകാൻ സാധ്യതയുണ്ടെന്നതും വിദഗ്ദ്ധർ പറയുന്നു.

അപകടകരമായ കാർഗോകൾ ഉള്ള കണ്ടൈയ്‌നറുകളെ സൂചിപ്പിക്കുന്നതിനായി പ്രത്യേകം സ്റ്റിക്കർ പുറത്ത് പതിക്കാറുണ്ട്. അങ്ങനെയുള്ള കണ്ടയ്നറുകൾ തീരത്തടിഞ്ഞാൽ മാത്രം ശ്രദ്ധിക്കണം. ടിഇഎക്സ് എന്ന പേരുണ്ടായിരുന്ന കണ്ടെയ്നറിൽ തുണിത്തരങ്ങളാണെന്ന് ചില മാധ്യമങ്ങൾ പറഞ്ഞിരുന്നു. ടെക്സ്സ്റ്റൈൽ എന്നതിന്റെ ചുരുക്കമാകാം ടി.ഇ.എക്സ് എന്നത് കൊണ്ട് ഉദ്ദേശിച്ചാകാം ഇങ്ങനെ വാർത്തകൾ വന്നത്. എന്നാൽ ഈ ടി.ഇ.എക്സ് എന്നുള്ളത്ത് കണ്ടെയ്നർ ലീസിന് കൊടുക്കുന്ന ഒരു കമ്പനിയുടെ പേര് മാത്രമാണ്. അല്ലാതെ അതിനകത്തുള്ള സാധനങ്ങളെ വ്യക്തമാക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കപ്പലിൽ എന്ത് മാത്രം അപകടകരമായ കാർഗോ ഉണ്ടെന്നുള്ള വിവരം എംഎസ്സിയുടെ ബന്ധപ്പെട്ട ഏജന്റുമാരുടെ പക്കലുണ്ടാകും.

അപകട സൂചനയുള്ള സ്റ്റിക്കറുകൾ പതിപ്പിച്ച കണ്ടയ്നറുകൾ അതീവ ജാഗ്രതയോടെയാകും സൂക്ഷിച്ചിരിക്കുന്നതും. ഏജന്റുമാരിൽ ഡിജി ലിസ്റ്റ് (dangerous cargo) അഥവാ അപകടകരമായ ചരക്കുകളുടെ ലിസ്റ്റുണ്ടാകും. കപ്പലിന്റെ ഏതു സ്ലോട്ടിലാണ് ഇത്തരത്തിലുള്ള കാർഗോ സൂക്ഷിച്ചിരിക്കുന്നതെന്ന വിവരം ഈ ലിസ്റ്റിൽ കൃത്യമായി ഉണ്ടാകും. കപ്പലിന് മുകളിലെ കണ്ടെയ്നറുകൾ വെള്ളത്തിലേക്ക് വീഴുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. എന്നാൽ കപ്പലിലെ ഹാച്ചിനുള്ളിലും കണ്ടെയ്നറുകൾ കാണാം. പ്പൽ മുങ്ങിയാൽ ഇവ കടലിലൂടെ ഒഴുകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കണ്ടെയ്നറിനുള്ളിൽ മറൈൻ ഇന്ധനം ഉണ്ടെന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.

കപ്പലിനുള്ളിൽ തന്നെ ഇന്ധനം സൂക്ഷിക്കാനുള്ള ടാങ്ക് ഉണ്ടാകും. ഇന്ധന ടാങ്ക് എന്നത് ഇന്ധനം സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു കണ്ടെയ്‌നറാണ്. ഈ ടാങ്കിൽ നിന്നോ അതിന്റെ കണക്ഷനുകളിൽ നിന്നോ ഉണ്ടാകുന്ന ഏതെങ്കിലും ചോർച്ച കപ്പലിനോ പരിസ്ഥിതിക്കോ അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് നിർമാണമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. എന്നാൽ എംസിസി എൽസ 3 കപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ എണ്ണപ്പാട രൂപപ്പെട്ടിരുന്നു. ഇത് നീക്കം ചെയ്യുന്നതിനുള്ള ആദ്യ ഘട്ടം വിജയകരമായി പൂർത്തിചയായി. കപ്പലിന്റെ ഇന്ധന ടാങ്ക് പൊട്ടി എണ്ണ പൂർണമായും പുറത്ത് വന്നാൽ വീണ്ടും പ്രതിസന്ധിയാകും.

ആഴം കുറഞ്ഞ മേഖലയിലാണ് കപ്പൽ മുങ്ങിയത്. ഇതിനാൽ ടാങ്കുകളിൽ വലിയ തോതിൽ മർദ്ദം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, മൽസ്യബന്ധന തൊഴിലാളികൾ കടലിലൂടെ ഒഴുകുന്ന കണ്ടയ്നറുകൾ ശ്രദ്ധിക്കണം. റഡാർ അടക്കമുള്ള സംവിധാനമുള്ളതിനാൽ കപ്പലുകൾക്ക് ഇത്രയും വലിപ്പമുള്ള വസ്തുക്കൾ തിരിച്ചറിയാനാകും. എന്നാൽ മൽസ്യബന്ധന ബോട്ടുകളുടെ കാര്യം അങ്ങനെയല്ല. സൂര്യൻ അസ്തമിക്കുന്നതിന് ഒരു മണിക്കൂർ മുൻപും, ഒരു മണിക്കൂർ ശേഷവുമുള്ള സമയം കടലിൽ ദൃശ്യപരത തീരെ കുറവാണ്.

ഈ സമയങ്ങളിൽ കടലിൽ മൽസ്യബന്ധനം നടത്തുന്നവർ ശ്രദ്ധിക്കണം. ടണ്ണുകൾ തൂക്കം വരുന്ന കണ്ടയ്നറുകളാണ് കടലിൽ ഒഴുകുന്നത്. ഇതാണ് നിലവിലെ സാഹചര്യത്തുള്ള ഏറ്റവും വലിയ അപകടം. തീരത്തടിയുന്ന കണ്ടയ്നറുകളിൽ തൊടരുതെന്നുള്ള മുന്നറിയിപ്പുകൾ അധികൃതർ നൽകുന്നുണ്ട്. കണ്ടെയ്നറുകളിൽ വിലപിടിപ്പുള്ളതോ, അപകടകരമായതോ വസ്തുക്കളുണ്ടാകാൻ സാധ്യതയുണ്ട്. ഇതിന്റെ നാശനഷ്ടങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കാക്കുന്നതിന് വേണ്ടിയാകും ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് നൽകിയിരുന്നതെന്നാണ് സൂചന. 

Tags:    

Similar News