ശോഭ സുരേന്ദ്രന്റെ പരാതി: റിപ്പോര്‍ട്ടര്‍ ടിവി ചാനലിന് എതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം; ഓഹരി കൈമാറ്റ, ജി എസ്ടി വിലക്ക് മറികടക്കാന്‍ ചാനല്‍ നിയമവിരുദ്ധമായി നീങ്ങിയെന്ന് ബിജെപി നേതാവ്; അന്വേഷണം സ്ഥിരീകരിച്ച് കമ്പനി കാര്യ മന്ത്രാലയത്തിന്റെ വിവരാവകാശ മറുപടി

റിപ്പോര്‍ട്ടര്‍ ടിവി ചാനലിന് എതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം

Update: 2025-01-07 10:32 GMT

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ കേന്ദ്ര എജന്‍സിയുടെ അന്വേഷണം. ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിനും റജിസ്ട്രാര്‍ ഓഫ് കമ്പനീസിനും കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര കമ്പനി കാര്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരി കൈമാറ്റം രാജ്യസുരക്ഷാ കാരണങ്ങളാല്‍ വിലക്കിയ ആഭ്യന്തര മന്ത്രാലയ ഉത്തരവ് പരാമര്‍ശിച്ച് കൊണ്ടാണ് ശോഭ സുരേന്ദ്രന്‍ പരാതി നല്‍കിയത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ യഥാര്‍ഥ ഉടമകളായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലിന്റെ കളമശേരിയിലെ വിലാസത്തില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എന്ന പേരില്‍ ഷെല്‍ കമ്പനി രൂപീകരിച്ച ശേഷം റിപ്പോര്‍ട്ടര്‍ ചാനല്‍ നിയന്ത്രണം ഏറ്റെടുത്തു എന്നാണ് ആരോപണം. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ ഓഹരി ഉടമകളുമായി ഒത്താശ ചെയ്താണ് ഷെല്‍ കമ്പനിയുടെ മറവില്‍ ചാനല്‍ നടത്തുന്നത് എന്നാണ് പരാതി. ഓഹരി കൈമാറ്റത്തിനുള്ള തടസവും ജി എസ് ടി വിലക്കും മറി കടക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നിയമവിരുദ്ധനടപടി സ്വീകരിച്ചതായി പരാതിയില്‍ ആരോപിക്കുന്നു

ഇതിനെ തുടര്‍ന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസ് രണ്ടു കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നോട്ടീസിന് മറുപടി നല്‍കിയെങ്കിലും, ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ മറുപടി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍, റിമൈന്‍ഡറുകള്‍ അയച്ചതായും കമ്പനി കാര്യ മന്ത്രാലയം വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ പറയുന്നു.





 



കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ചാനലിന്റെ ഓഹരി കൈമാറാനുള്ള നീക്കം ആഭ്യന്തര മന്ത്രാലയം തടഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് അനധികൃതമായി പണമെത്തിയെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവമായതിനാലാണ് ഓഹരികൈമാറ്റം അനുവദിക്കാത്തത് എന്നാണ് വാര്‍ത്തകള്‍ വന്നത്. അന്നത്തെ ചാനല്‍ എംഡി എംവി നികേഷ് കുമാറാണ് ഓഹരി കൈമാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നത്.

ചാനല്‍ ഓഹരികള്‍ മുട്ടില്‍ കുടുംബത്തിലെ കെ.ജെ.ജോസ്, വി.വി.സാജു എന്നിവരുടെ പേരിലേക്ക് മാറ്റാനായാണ് നികേഷ് കുമാര്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍, ആഭ്യന്തര മന്ത്രാലയം അന്ന് അപേക്ഷ തള്ളുകയായിരുന്നു.

Tags:    

Similar News