ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെ പിരിയാൻ തീരുമാനിച്ചു; വിവാഹ മോചനത്തിനായി ദമ്പതികൾ കോടതിയിലെത്തിയത് ഒരേ ഡിസൈനുള്ള വേഷത്തിൽ; ഗൗരവമായി സമീപിക്കാൻ താല്പര്യമുണ്ടോയെന്ന് ജഡ്ജി; ഒടുവിൽ ഞെട്ടിച്ച് വിധി
അബുജ: നൈജീരിയയിൽ, വിവാഹ മോചനത്തിനായി ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് കോടതിയിലെത്തിയ ദമ്പതികളോട്, വിവാഹ മോചനത്തെ ഗൗരവമായി കാണുമ്പോൾ വീണ്ടും അപേക്ഷയുമായി എത്താൻ ആവശ്യപ്പെട്ട് ജഡ്ജി. സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
വിവാഹ മോചനത്തിനായി കേസ് ഫയൽ ചെയ്ത ദമ്പതികളെ കോടതി വിളിപ്പിച്ചപ്പോഴാണ് ഇരുവരും ഒരേ ഡിസൈനിലുള്ള വസ്ത്രങ്ങൾ ധരിച്ച് എത്തിയത്. സാധാരണയായി വിവാഹം പോലുള്ള ആഘോഷ ചടങ്ങുകളിൽ ദമ്പതികൾ ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് പതിവാണെങ്കിലും, പിരിയാൻ തീരുമാനിച്ചെത്തിയപ്പോഴും ഇരുവരും സമാനമായ വസ്ത്രധാരണ രീതി തിരഞ്ഞെടുത്തത് ജഡ്ജിയിൽ കൗതുകമുളവാക്കി.
വിവാഹ മോചനത്തോടുള്ള ഇവരുടെ പ്രതിബദ്ധതയെ ജഡ്ജി ചോദ്യം ചെയ്തു. കോടതി മുറിയിലുണ്ടായിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട്, ജഡ്ജി കേസ് അസാധുവായി പ്രഖ്യാപിക്കുകയും, വിവാഹ മോചനത്തെ ഗൗരവമായി സമീപിക്കാൻ താല്പര്യമുണ്ടെങ്കിൽ വീണ്ടും അപേക്ഷയുമായി വരാൻ ആവശ്യപ്പെടുകയുമായിരുന്നു.
വിവാഹം പോലുള്ള ഒന്നിച്ചുള്ള യാത്രകളുടെ പ്രതീകമായിട്ടാണ് ആളുകൾ ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാറുള്ളത്. എന്നാൽ, വിവാഹ ബന്ധം വേർപെടുത്താൻ തീരുമാനിച്ചെത്തിയ ദമ്പതികൾ ഇത്തരത്തിൽ വസ്ത്രം ധരിച്ചത്, വിവാഹ മോചനത്തെ ഇവർ ഗൗരവമായി കാണുന്നില്ലെന്ന് ജഡ്ജിക്ക് തോന്നിയിരിക്കാം. സമൂഹ മാധ്യമങ്ങളിൽ ഈ വാർത്ത പ്രചരിച്ചതോടെ, പലരും ഇതിനെ ഒരു തമാശയായും, വിരോധാഭാസമായും കണ്ടു. എന്നാൽ, വസ്ത്രം തിരഞ്ഞെടുത്തത് ആരാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ജഡ്ജി അപ്പോൾ തന്നെ വിവാഹ മോചനം അനുവദിച്ചേനെ എന്നും ചിലർ അഭിപ്രായപ്പെടുന്നു.
