കണ്ണൂരിലെ രാഷ്ട്രീയക്കാര്‍ക്ക് ധാര്‍ഷ്ട്യം, അത് കോടതിയില്‍ കാണിക്കാന്‍ ശ്രമിക്കരുത്; ബലിദാനികളായാലും രക്തസാക്ഷികളായാലും അവരെ അപമാനിക്കരുത്; ധന്‍രാജ് വധക്കേസ് വിചാരണയ്ക്കിടെ കോടതിമുറിയില്‍ വച്ച് പ്രതികളുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച സിപിഎം വനിത നേതാവിനെ വിമര്‍ശിച്ച് ജഡ്ജി; നിരുപാധികം മാപ്പു പറഞ്ഞ് തലയൂരി കെ വി ജ്യോതി

കണ്ണൂരിലെ രാഷ്ട്രീയക്കാര്‍ക്ക് ധാര്‍ഷ്ട്യം, അത് കോടതിയില്‍ കാണിക്കാന്‍ ശ്രമിക്കരുത്

Update: 2025-10-21 15:39 GMT

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയക്കാര്‍ക്ക് ധാര്‍ഷ്ട്യമുണ്ടെന്നും അത് കോടതിയില്‍ കാണിക്കാന്‍ ശ്രമിക്കരുതെന്നും തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. പ്രശാന്ത്. ധന്‍രാജ് വധക്കേസ് വിചാരണയ്ക്കിടെ കോടതി നടപടികളുടെ വീഡിയോയെടുത്ത പയ്യന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ വി ജ്യോതിയെ രൂക്ഷമായി വിമര്‍ശിച്ച് ആയിരം രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു.

്ഉച്ചകഴിഞ്ഞ് കോടതി ചേര്‍ന്നപ്പോഴാണ് ജഡ്ജി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ''നിങ്ങള്‍ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകയല്ല, നഗരസഭാ വൈസ് ചെയര്‍പഴ്‌സന്‍ ആയ വ്യക്തിയാണെന്നാണ് അറിയുന്നത്. ബലിദാനികളായാലും രക്തസാക്ഷികളായാലും അവരെ അപമാനിക്കരുതെന്നും' ജഡ്ജി പറഞ്ഞു. തുടര്‍ന്ന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിക്കുകയായിരുന്നു.

2016ല്‍ കണ്ണൂര്‍ കാരന്താട്ട് സി.വി. ധന്‍രാജിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിചാരണ നടക്കുന്നത്. കേസില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. പ്രതികളെ ധന്‍രാജിന്റെ ഭാര്യ തിരിച്ചറിയുന്നതിനിടെയാണ് ജ്യോതി കോടതി വരാന്തയില്‍നിന്ന് വിചാരണയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഫോണ്‍ പിടിച്ചെടുക്കാനും ഡിവൈഎസ്പിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനും ജഡ്ജി ഉത്തരവിടുകയായിരുന്നു.

.ഇവരുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു ചിത്രങ്ങളും ദൃശ്യങ്ങളും പൊലിസ് നീക്കം ചെയ്തു. ഇതേ തുടര്‍ന്നാണ് ഇവരെ തല്‍സമയം തന്നെ കോടതിക്കു മുന്‍പില്‍ ഹാജരാക്കി ശിക്ഷിച്ചത്. പയ്യന്നൂരിലെ പ്രാദേശിക സി.പി.എം വനിതാ നേതാവാണ് ജ്യോതി.

ധന്‍രാജ് വധക്കേസിന്റെ വിചാരണ കേള്‍ക്കുന്നതിനാണ് ഇവര്‍ തളിപറമ്പ് കോടതിയിലെത്തിയത്. ഈ കേസിന്റെ വിചാരണ കേള്‍ക്കുന്നതിനായി നിരവധിയാളുകളെത്തിയിരുന്നു. കോടതി നടപടികള്‍ ഫോണില്‍ ചിത്രീകരിച്ചതിന് നിരുപാധികം മാപ്പു പറഞ്ഞാണ് ഇവര്‍ കൂടുതല്‍ നിയമനടപടികളില്‍ നിന്നും തലയൂരിയത്. ഈ കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു ഇവര്‍ കോടതിയെ ബോധിപ്പിച്ചത്.


Tags:    

Similar News