പ്രതിദിനം രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാത്തതിനാല്‍ എക്‌സൈസ് വകുപ്പിനു കീഴിലുള്ള മലബാര്‍ ഡിസ്റ്റിലറിയില്‍ ജവാന്‍ ബ്രാണ്ടി ഉല്‍പാദനം മുടങ്ങി; അപ്പോള്‍ എങ്ങനെ സ്വകാര്യ ബ്രൂവറിക്ക് സര്‍ക്കാര്‍ വെള്ളം നല്‍കും? ജല ചൂഷണം ഉറപ്പ്; എലപ്പുള്ളിയില്‍ സിപിഐ നിലപാട് നിര്‍ണ്ണായകമാകും; ആര്‍ ജെ ഡി ഒന്നും മിണ്ടുന്നില്ല; ബ്രൂവറി മോഹം പൊളിയുമോ?

Update: 2025-01-25 01:14 GMT

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ സ്വകാര്യ മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയതിനെ സിപിഎം പിന്തുണയ്ക്കില്ല. ഇതൊരു നയപരമായ വിഷയമാണെന്നും ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനം എടുത്തത് ശരിയല്ലെന്നുമുള്ള നിലപാടിലാണ് സിപിഐ. ജല ചൂഷണത്തെ സിപിഎം എതിര്‍ക്കും. 27ന് ആലപ്പുഴയില്‍ ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിഷയം ചര്‍ച്ച ചെയ്യും. പരിസ്ഥിതി വിഷയങ്ങളില്‍ കര്‍ശന നിലപാടാണ് സിപിഐയുടേത്. വികസനത്തിന്റെ പേരില്‍ മദ്യനിര്‍മാണശാലയെ ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്നാണ് നിലപാട്. അതിനിടെ മദ്യനിര്‍മാണശാല തുടങ്ങാന്‍ പഞ്ചായത്തിന്റെ അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന എലപ്പുള്ളി പഞ്ചായത്തിലെ അരലക്ഷത്തോളം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പഞ്ചായത്ത് അധ്യക്ഷ കെ.രേവതി ബാബു പ്രതികരിക്കുകയും ചെയ്തു. പാലക്കാട് ഇടതുമുന്നണിയ്ക്ക് ഈ പദ്ധതി തിരിച്ചടിയാകുമെന്നാണ് സിപിഐയുടെ നിലപാട്. ഈ അഴിമതിയില്‍ സിപിഐയും പ്ലാച്ചിമട സമരത്തില്‍ മുന്‍നിരയില്‍ നിന്ന ആര്‍ജെഡിയും നിലപാടു വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ എംവി ശ്രേയാംസ് കുമാറിന്റെ ആര്‍ജെഡി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വിഷയത്തില്‍ മന്ത്രി എം.ബി.രാജേഷ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. വികസനത്തിന് എതിരല്ലെങ്കിലും വെള്ളം ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സിപിഐ ഔദ്യോഗികമായി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തുന്നത് എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്നാണ് സിപിഐ പക്ഷം. പാലക്കാട് എലപ്പുള്ളിയില്‍ സ്വകാര്യ കമ്പനിക്ക് ബ്രൂവറി യൂനിറ്റിന് അനുമതി നല്‍കിയത് വിവാദമായ സാഹചര്യത്തില്‍ സി.പി.ഐയെ അനുനയിപ്പിക്കാന്‍ നീക്കം തുടങ്ങിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സി.പി.ഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ എത്തിയാണ് എം.ബി. രാജേഷ് ബിനോയ് വിശ്വത്തെ കണ്ടത്. സിപിഐ എതിര്‍ത്താല്‍ പദ്ധതിയില്‍ നിന്നും സിപിഎമ്മിനും സര്‍ക്കാരിനും പിന്‍വാങ്ങേണ്ടി വരും. അങ്ങനെ വന്നാല്‍ പിണറായി സര്‍ക്കാരിന്റെ ബ്രൂവറി മോഹം പൊളിയും.

എലപ്പുള്ളി പഞ്ചായത്തിന്റെ എതിര്‍പ്പും വെല്ലുവിളിയാണ്. ശുദ്ധജലക്ഷാമം രൂക്ഷമായ മേഖലയില്‍ കമ്പനി തുടങ്ങാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും വാശിപിടിക്കുകയാണ്. കോടികളുടെ അഴിമതിയുള്ളതിനാലാണ് ജില്ലയില്‍ നിന്നുള്ള മന്ത്രിമാരിലൊരാളായ എം.ബി.രാജേഷും മുഖ്യമന്ത്രിയും കമ്പനിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നത്. ഒട്ടേറെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കി സംസ്ഥാനത്തിനു മാതൃകയായ പഞ്ചായത്തിനെ പലപ്പോഴായി അനുമോദിച്ചിട്ടുള്ള കൃഷിമന്ത്രി ഇവിടെ ഇത്തരമൊരു കമ്പനി വരുന്നതില്‍ അഭിപ്രായം പറയണമെന്നും രേവതിബാബു പറഞ്ഞു.

മദ്യനയത്തില്‍ മാറ്റം വരുത്തുകയും ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഉള്‍പ്പെട്ട കമ്പനിക്ക് ബ്രൂവറി പ്ലാന്റ് തുടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തത് ബോധപൂര്‍വമായ അഴിമതിയുടെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നു. കോര്‍പറേറ്റുകളെ ക്ഷണിച്ചുകൊണ്ടുവരുന്ന മുഖ്യമന്ത്രി ഒരു കമ്യൂണിസ്റ്റ് അല്ലാതായി മാറിയെന്ന വിമര്‍ശനം ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അതിനിടെ പാലക്കാട് ബ്രൂവറി പ്ലാന്റ് ആരംഭിക്കുന്നതിനെതിരെ ഉയരുന്ന ജനകീയ സമരത്തോടൊപ്പം താനും കൈകോര്‍ക്കുമെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി വ്യക്തമാക്കി. മനുഷ്യന് ജീവിക്കാനാവശ്യമായ കുടിവെള്ളം ഉറപ്പുവരുത്താനാണ് ഭരണകൂടം മുന്‍ഗണന നല്‍കേണ്ടത്. കേരള ജനതയ്ക്ക് ഇന്ന് അത്യാവശ്യമുള്ളത് മദ്യമല്ല. ദരിദ്രരുടെ കണ്ണീരൊപ്പുന്ന സര്‍ക്കാരാണിതെന്ന് ആവര്‍ത്തിച്ചു പറയുന്നവര്‍ക്ക് എങ്ങനെയാണ് ജനങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒരുക്കാന്‍ മനസ് വരുന്നത്.

പാലക്കാട് കൂടുതല്‍ സ്ഥലത്ത് പനകള്‍ വച്ചുപിടിപ്പിച്ച് കള്ളുല്‍പ്പാദിപ്പിക്കാന്‍ എന്തുകൊണ്ട് പദ്ധതി ആവിഷ്‌കരിച്ച് കൂടായെന്നും അവര്‍ ചോദിച്ചു. ഏതുവിധേനയും ഭരണതലത്തിലുള്ളവര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന പദ്ധതികള്‍ അടിച്ചേല്പിക്കാനാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ താല്പര്യം കാണിക്കുന്നത്. കൊക്കോ കോളയെ കെട്ടുകെട്ടിക്കാന്‍ കാണിച്ചതു പോലുള്ള സമരം ഇക്കാര്യത്തിലുണ്ടാകണം. നാട്ടില്‍ അരാജകത്വത്തിനിടനല്‍കുന്ന മദ്യത്തിന്റെ വ്യാപനത്തിന് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിന് എന്താണിത്ര ആവേശമെന്നും അവര്‍ ചോദിച്ചു.

സംസ്ഥാനത്തെ ബ്രൂവറികളില്‍ പലതിലും ഉല്‍പാദനം നടക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. മദ്യനയത്തില്‍ ഉല്‍പാദനം നിര്‍ത്തിയ ബ്രൂവറികളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് കുറുക്കുവഴിയിലൂടെ സര്‍ക്കാര്‍ ഒയാസിസ് കമ്പനിയെ ആനയിക്കുന്നത്. 11 ഡിസ്റ്റിലറികളിലൂടെയും എട്ട് വിദേശമദ്യ ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ട്‌ലിങ് യൂനിറ്റുകളിലൂടെയും മൂന്ന് ബ്രൂവറികളിലൂടെയുമാണ് സംസ്ഥാനത്ത് മദ്യ ഉല്‍പാദനം. അതില്‍ ഒരു ഡിസ്റ്റിലറിയിലും ഒരു ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ടിലിങ് യൂനിറ്റിലും രണ്ട് ബ്രൂവറികളിലും ഉല്‍പാദനമില്ല. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശമദ്യ വില്‍പനശാലകളുടെ എണ്ണം കേരളത്തില്‍ വളരെ കുറവാണെന്നും മദ്യ ഉപഭോഗത്തില്‍ കേരളം പിന്നിലാണെന്നും മദ്യനയം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ മദ്യോല്‍പാദന ശേഷി 36.86 ലക്ഷം കെയ്‌സ് ആണെങ്കില്‍ വില്‍പന 19.30 ലക്ഷം കെയ്‌സാണ്. ഉല്‍പാദിപ്പിക്കുന്നതിന്റെ പകുതി പോലും വിറ്റഴിക്കാനാകാത്തതിനാല്‍ പല ഡിസ്റ്റിലറികളും ഉല്‍പാദനം നിര്‍ത്തി. ഇതിനിടെ എതിര്‍പ്പ് അവഗണിച്ച് പുതിയ ബ്രൂവറി എന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം. പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന്റെ ഉല്‍പാദനം കൂട്ടുമെന്നും മലബാര്‍ ഡിസ്റ്റിലറി ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മദ്യനയത്തില്‍ പറഞ്ഞിരുന്നു. പ്രതിദിനം രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാത്തതിനാല്‍ എക്‌സൈസ് വകുപ്പിനു കീഴിലുള്ള മലബാര്‍ ഡിസ്റ്റിലറിയില്‍ ജവാന്‍ ബ്രാണ്ടി ഉല്‍പാദനം മുടങ്ങിയതിനിടെയാണ് സ്വകാര്യ ബ്രൂവറിക്ക് വെള്ളം നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം.

Tags:    

Similar News