ദുബായ് വിമാനത്താവളത്തിന നേരേ ഇറാന്റെ ചാവേര്‍ ഡ്രോണാക്രമണം; ഇന്ത്യക്കാരനടക്കം നാലുപേര്‍ക്ക് പരുക്ക്; യാത്രക്കാരെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി; തിരിച്ചടിച്ച് യുഎസും ഇസ്രയേലും; ഹോര്‍മുസ് കടലിടുക്കില്‍ 16 ഇറാനിയന്‍ കപ്പലുകളെ മുക്കി യുഎസ്; ഇറാന് പിന്തുണയുമായി പുടിന്‍ വരുമോ? ഈദിന് മുന്നേ വെടിനിര്‍ത്തലിന് നീക്കം; സമാധാന ചര്‍ച്ചകളുമായി ഗള്‍ഫ് ഭരണാധികാരികള്‍

ദുബായ് വിമാനത്താവളത്തിന നേരേ ഇറാന്റെ ചാവേര്‍ ഡ്രോണാക്രമണം

Update: 2026-03-11 12:29 GMT

ദുബായ്: അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം നാലുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകള്‍ പതിച്ചതായി ദുബായ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ പൗരനെ കൂടാതെ രണ്ട് ഘാന സ്വദേശികള്‍ക്കും ഒരു ബംഗ്ലാദേശി പൗരനും നിസ്സാര പരുക്കുകളേറ്റു. ഡ്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളത്തിലെ യാത്രക്കാരെ ഉടനടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

യുഎസ്-ഇസ്രയേല്‍ യുദ്ധം 12-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, അയല്‍രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ഭാഗമായാണ് ദുബായ് വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് പുറമെ, ദുബായ് തീരത്ത് 50 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്കുകപ്പലിന് നേരെയും ആക്രമണമുണ്ടായി.

ടെഹ്റാനെ തകര്‍ത്ത് യുഎസ്-ഇസ്രയേല്‍ സഖ്യം

ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലും ഇസ്ഫഹാന്‍, കരാജ് നഗരങ്ങളിലും യുഎസ്-ഇസ്രയേല്‍ സംയുക്ത സേന ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.

യുഎസ് ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. യുഎസിന്റെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനം തകര്‍ത്തതായും ഇറാന്‍ അവകാശപ്പെടുന്നു. റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളം ലക്ഷ്യമിട്ടെത്തിയ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തു. കുവൈറ്റില്‍ എട്ട് ഡ്രോണുകളും ഖത്തറില്‍ ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു.

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം

ആഗോള എണ്ണ വിതരണത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച 16 ഇറാനിയന്‍ കപ്പലുകളെ യുഎസ് തകര്‍ത്തു. കടലിടുക്കില്‍ സ്ഥാപിച്ച മൈനുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനു കര്‍ശന മുന്നറിയിപ്പ് നല്‍കി. ഇതിനിടെ കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് യുഎസ് അകമ്പടി പോയെന്ന ഊര്‍ജസെക്രട്ടറിയുടെ അവകാശവാദം വൈറ്റ് ഹൗസ് തള്ളിയത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടവയില്‍ തായ്ലന്‍ഡിന്റെ ചരക്കുകപ്പലും ഉള്‍പ്പെടുന്നു. 20 നാവികരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് നാവികരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് തായ് നേവി അറിയിച്ചു.

സമാധാന നീക്കവുമായി ഗള്‍ഫ് രാജ്യങ്ങള്‍

യുദ്ധം വന്‍ ദുരന്തത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍, വരാനിരിക്കുന്ന ഈദ് പ്രമാണിച്ച് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ സൗദി വിദേശകാര്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. സമാധാന ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനാണ് നിലവില്‍ ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം.

യുഎസ്-ഇസ്രയേല്‍ സഖ്യത്തിനെതിരായ പോരാട്ടത്തില്‍ ഇറാന് പിന്തുണയുമായി റഷ്യ തങ്ങളുടെ സൈന്യത്തെ അയച്ചേക്കാമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡമിര്‍ സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവിന് രണ്ട് കാലുകളിലും പരുക്കേറ്റതായി ഇസ്രയേല്‍ അവകാശപ്പെടുന്നു. പിതാവ് കൊല്ലപ്പെട്ട അതേ ദിവസമാണ് ഇദ്ദേഹത്തിന് പരുക്കേറ്റതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Similar News