കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം; മുഴുവന്‍ പ്രതികളുടെയും ചിത്രങ്ങളും കൊടിയില്‍; ഡാന്‍സ് നടത്തുകയും മുദ്രവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്; കൊലയാളികള്‍ക്കായി സഖാക്കളുടെ കൂത്താട്ടം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം

Update: 2025-03-31 05:49 GMT

കണ്ണൂര്‍: ക്ഷേത്രോത്സവങ്ങളും കൊലയാളികള്‍ക്ക് വേണ്ടി ആഘോഷമാക്കി സിപിഎം. കണ്ണൂര്‍ പറമ്പയില്‍ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ചിത്രങ്ങളുമായാണ് ആഘോഷം. കുട്ടിച്ചാത്തന്‍ മഠം ഉത്സവത്തിന്റെ ഭാഗമായുള്ള കലശ ഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രമുള്ള കൊടികള്‍ ഉപയോഗിച്ചത്.

പറമ്പായി കുട്ടിച്ചാത്തന്‍ മഠം ഉത്സവത്തിന്റെ ഭാഗമായാണ് ഇന്നലെ രാത്രി കലശ ഘോഷയാത്ര നടന്നത്. കലശം വരവിന്റെ ഭാഗമായി ഡിജെ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളടങ്ങിയ കൊടികള്‍ ഉപയോഗിച്ചത്. സൂരജ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെയും ചിത്രങ്ങള്‍ കൊടിയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. കൊടി ഉപയോഗിച്ച് ഡാന്‍സ് നടത്തുകയും മുദ്രവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

സൂരജ് വധക്കേസിലെ പ്രതികളെ പൂര്‍ണമായും സിപിഎം പിന്തുണക്കുന്നുണ്ട്. ഇതിനിടെയാണ് അണികളുടെ വക ക്ഷേത്രത്തില്‍ കയറി പിന്തുണ അറിയിക്കലും. നേരത്തെ കടയ്ക്കാവൂരില്‍ ക്ഷേത്രത്തില്‍ അലോഷിയുടെ ഗാനമേള നടത്തിയതും വിവാദമായിരുന്നു. പുഷ്പ്പനെ അറിയാമോ എന്ന ഗാനം പാടിതും വിവാദമായിരുന്നു. ഈ ഗാനമേളയില്‍ ഡിവൈഎഫ്‌ഐയുടെ പതാകയുടെ ലൈറ്റിംഗ് അടക്കം പ്രദര്‍ശിപ്പിച്ചതാണ് വിവാദമായത്.

സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. രണ്ട് മുതല്‍ ഒമ്പത് വരെ പ്രതികള്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ.തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും വിധിച്ചു.കേസില്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ പി.എം മനോരാജ്, ടി.പി കേസ് പ്രതി ടി.കെ രജീഷ് എന്നിവര്‍ ഉള്‍പ്പടെ ഒമ്പത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.അഞ്ച് പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും നാല് പേര്‍ക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു.

നേരത്തെ ശിക്ഷ വിധിച്ച ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കവാടത്തിലും നേതാക്കളും പ്രവര്‍ത്തകരും അഭിവാദ്യമര്‍പ്പിക്കാനെത്തിയിരുന്നു. നേതാക്കളോടൊപ്പം ജയില്‍ കാന്റീനില്‍ നിന്ന് ചായയും പലഹാരവും കഴിച്ച ശേഷമാണ് പ്രതികള്‍ ജയിലിനുള്ളിലേക്ക് കടന്നത്. പോലീസ് വാഹനത്തില്‍ നേരിട്ട് ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്ന ഇവരെ നേതാക്കളുടെ ആവശ്യപ്രകാരം കാന്റീനിലെത്തിക്കുകയായിരുന്നു. ചായ കഴിച്ചശേഷം തിരിച്ചെത്തുമ്പോഴേക്കും ജയില്‍കവാടത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി.

'ധീരന്‍മാരാം പോരാളികളേ.., കണ്ണൂരിന്റെ പോരാളികളെ, നിങ്ങള്‍ക്കായിരമഭിവാദ്യങ്ങള്‍, ചോരപ്പൂകൊണ്ടഭിവാദ്യങ്ങള്‍' എന്ന

മുദ്രാവാക്യം മുഴക്കിയാണ് തലശ്ശേരി കോടതിവളപ്പില്‍നിന്ന് ജയിലിലേക്ക് യാത്രയാക്കിയത്. എല്ലാവരും നിരപരാധികളാണെന്നും കള്ളക്കേസാണ് ചുമത്തിയതെന്നുമാണ് സിപിഎം നിലപാട്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരേ അപ്പീല്‍ പോവുമെന്നും ഇവരെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞിരുന്നു.

ജില്ലാ കമ്മിറ്റി അംഗം കാരായി രാജന്‍, ഏരിയാ സെക്രട്ടറിമാരായ സി.കെ. രമേശന്‍, എം.കെ. മുരളി, കെ. ശശിധരന്‍ തുടങ്ങി വിവിധ നേതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയിലെത്തി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ മുഹമ്മദ് ഷാഫി ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതികളായവരും ശിക്ഷിക്കപ്പെട്ടവരും കോടതി പരിസരത്തെത്തിയിരുന്നു. ശിക്ഷിക്കപ്പെട്ടവരോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സാമൂഹികമാധ്യമങ്ങളിലും പ്രവര്‍ത്തകര്‍ പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്.

സൂരജ് വധക്കേസിലെ സെഷന്‍സ് കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ആവര്‍ത്തിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശിക്ഷിക്കപ്പെട്ടവര്‍ കുറ്റവാളികളാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. കോടതി തെളിവുകളും വസ്തുതകളും നോക്കിയിട്ടായിരിക്കും ഇപ്പോള്‍ ശിക്ഷ വിധിച്ചത്.

ശിക്ഷിക്കപ്പെട്ട നിരപരാധികളെ രക്ഷിക്കാനും അവരുടെ നിരപരാധിത്വം തെളിയിക്കാനും പരിശ്രമിക്കും. ഏരിയാ സെക്രട്ടറി അടക്കമുള്ള നേതാക്കളെയാണ് തെറ്റായി കേസില്‍പ്പെടുത്തിയത്. ഏരിയാ സെക്രട്ടറിയായിരുന്ന ടി.പി. രവീന്ദ്രന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടിവന്നേനെ. ലോക്കല്‍ സെക്രട്ടറിയും മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി. പ്രഭാകരനും സര്‍വരും അംഗീകരിക്കുന്ന കമ്യൂണിസ്റ്റുകാരനാണ്. ഇവരൊക്കെ ആളെക്കൊന്നുവെന്നു പറഞ്ഞാല്‍ ജനം അംഗീകരിക്കില്ല-ജയരാജന്‍ വ്യക്തമാക്കി.

Tags:    

Similar News