ക്ഷേത്രങ്ങളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ വര്‍ഗീയവല്‍കരിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുക്കണം; എസ്.ഡി.പി.ഐ ജമാത്തെ ഇസ്ലാമി വര്‍ഗീയ പ്രചരണങ്ങളെയും തടയണം; സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്
സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്
കണ്ണൂര്‍: പാര്‍ട്ടിയിലെത്തിയ പുതിയ കേഡര്‍മാര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്ന് തളിപറമ്പില്‍ നടന്നു വരുന്ന സിപി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്. ആകെയുള്ള ബ്രാഞ്ച് സെക്രട്ടറിമാരില്‍ 28 ശതമാനം പുതിയ കേഡര്‍മാരാണ്. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായും പുതിയ കാഡര്‍മാരുണ്ട്. അവര്‍ക്കെല്ലാം രാഷ്ട്രീയ വിദ്യാഭ്യാസവും പരിശീലനവും നല്‍കേണ്ടതുണ്ട്. പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തിലൊരിക്കല്‍ അനുഭാവി യോഗം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാര്‍ട്ടി പ്രസീദ്ധീകരണങ്ങളുടെ വരിക്കാര്‍ കണ്ണൂരിലാണെങ്കിലും പാര്‍ട്ടിക്കെതിരെയുള്ള രാഷ്ട്രീയ എതിരാളികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കുപ്രചരണം തുറന്നുകാട്ടാന്‍ പാര്‍ട്ടി പ്രസിദ്ധികരണങ്ങളുടെ പ്രചാരണം ഇനിയും വര്‍ദ്ധിപ്പിക്കണം.
ക്ഷേത്രങ്ങളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ വര്‍ഗീയവല്‍ക്കരിക്കാന്‍ സംഘ് പരിവാര്‍ നടത്തുന്ന നീക്കത്തെയും ജമാത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തീവ്രവാദസംഘടനകളുടെ തെറ്റായ നിലപാടുകളെയും ചെറുക്കണം. വര്‍ഗീയതക്കെതിരെ മതനിരപേക്ഷ നിരപേക്ഷ നിലപാടുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞു
കണ്ണൂര്‍ ജില്ലയിലെ വനിതാ കേഡര്‍മാരില്‍ വര്‍ദ്ധനവെന്ന് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പാര്‍ട്ടി സംഘടനയെന്ന ഭാഗത്തിലാണ് വനിതാ പ്രാതിനിധ്യത്തിലെ വര്‍ദ്ധനവ് ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടി അംഗങ്ങളില്‍ 32. 99 ശതമാനമാണ് വനിതാ പ്രാതിനിധ്യം. ഏറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യമുള്ളത് കൂത്തു പറമ്പിലാണ്. 34.13 ശതമാനമാണ് ഇവിടെ വനിതകളുള്ളത്. കുത്തു പറമ്പ് ഏരിയയില്‍ എല്ലാ ബ്രാഞ്ചിലും വനിതാ പ്രാതിനിധ്യമുണ്ട്. കൂത്തു പറമ്പ് ഈസ്റ്റ് ലോക്കലിലെ നൂഞ്ഞുമ്പായി ബ്രാഞ്ചില്‍ മാത്രം 15 അംഗങ്ങള്‍ വനിതകളാണ്.
കഴിഞ്ഞ സമ്മേളനത്തിന് ശേഷം പാര്‍ട്ടി അംഗസംഖ്യയിലും ഘടകങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായി. മൂന്ന് വര്‍ഷം മുന്‍പ് 61, 688 മെംപര്‍മാരും, 4247 ബ്രാഞ്ചുകളും 243 ലോക്കല്‍ കമ്മിറ്റികളും 18 ഏരിയാ കമ്മിറ്റികളുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 65 , 550മെംപര്‍മാരും, 4421 ബ്രാഞ്ച് കമ്മിറ്റികളും 249 ലോക്കല്‍ കമ്മിറ്റികളും 18 ഏരിയാ കമ്മിറ്റികളുമുണ്ട്. പ്രധാന വര്‍ഗബഹുജന സംഘടനകളുടെ അംഗസംഖ്യ 2021 ല്‍ 27.41 ലക്ഷമായിരുന്നു. ഈ സമ്മേളനകാലയളവില്‍ 29.51 ലക്ഷമായി അതു വര്‍ദ്ധിച്ചു. ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പുതുതായി ചേര്‍ന്നത് കര്‍ഷകസംഘത്തിലും ജനാധിപത്യ മഹിളാ അസോസിയേഷനിലുമാണെന്ന് പ്രവര്‍ത്തന റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.