ഒരുവര്‍ഷം അനക്കമില്ലാതെ കിടന്ന പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസില്‍ തുമ്പുണ്ടാക്കി; അന്വേഷണ സംഘത്തെ മണ്ടരാക്കാനുള്ള ഗ്രീഷ്മയുടെ തന്ത്രങ്ങള്‍ മടക്കി ഇരുമ്പഴിക്കുള്ളിലാക്കി; സയനൈഡ് കൊണ്ട് ജീവനുകളെടുത്ത ജോളിയെയും കുടുക്കി; ഡി ശില്‍പ ഐപിഎസ് ഇനി സിബിഐയില്‍

ഡി ശില്‍പ ഐപിഎസ് ഇനി സിബിഐയില്‍

Update: 2025-04-08 17:09 GMT

കാസര്‍കോട്: കൂടത്തായി കൂട്ടക്കൊലക്കേസ്, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ മരണം, ഷാരോണ്‍ വധക്കേസ് തുടങ്ങി കേരളത്തില്‍ ഏറെ ചര്‍ച്ചയായ കൊലപാതക കേസുകളില്‍ അന്വേഷണം നടത്തി പ്രതികളെ അഴിക്കുള്ളിലാക്കിയ ഡി ശില്പ ഐപിഎസ് ഇനി സിബിഐയില്‍.

സിബിഐയുടെ അന്വേഷണ, നിയമ നിര്‍വഹണ സേവനങ്ങളിലേക്കാണ് ഡി ശില്‍പ്പയുടെ മാറ്റം. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായിരിക്കെയാണ് അവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. കാസര്‍കോട് ജില്ലയുടെ ആദ്യ വനിതാ ജില്ലാ പൊലീസ് മേധാവിയും ശില്‍പ്പ തന്നെയായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. കാസര്‍കോടിന്റെ താത്കാലിക ചുമതല കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാളിന് നല്‍കി. ചുമതല ഇന്ന് കൈമാറി.

അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകം

പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുല്‍ റഹ്‌മയിലെ എം.സി.അബ്ദുള്‍ ഗഫൂര്‍ ഹാജി(55)യുടെ മരണം കൊലപാതകമെന്ന് വ്യക്തമായതിന് പിന്നില്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഡി ശില്‍പ്പയുടെ അന്വേഷണ മികവായിരുന്നു. ജില്ലാ പോലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.കെ.ജെ.ജോണ്‍സണിന്റെയും ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈന്റെയും നേതൃത്വത്തിലുള്ള 11 അംഗ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ കേസിലേക്ക് ഡിവൈ.എസ്.പി.കെ.ജെ.ജോണ്‍സണിനെ കൊണ്ടു വന്നത് ശില്‍പ്പയാണ്. ജോണ്‍ണിന്റെ അന്വേഷണ മികവ് അടുത്തു നിന്ന് അറിഞ്ഞ ഐപിഎസുകാരിയാണ് ശില്‍പ.

ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ വാങ്ങിക്കൊടുത്തു

പാറശ്ശാലയിലെ ഷാരോണ്‍ വധവും ഉരൂട്ടമ്പലത്തെ ഇരട്ടക്കൊലയും ജോണ്‍സണ്‍ തെളിയിച്ചപ്പോഴും അന്വേഷണ മേല്‍നോട്ടം ശില്‍പ്പയ്ക്കായിരുന്നു.ഷാരോണ്‍ വധക്കേസില്‍ കേസ് സമര്‍ഥമായി അന്വേഷിച്ചതിന് കേരള പൊലീസിനെ കോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു. അന്വേഷണ സംഘത്തെ ഗ്രീഷ്മ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും പല ഘട്ടങ്ങളിലും വെല്ലുവിളി നിറഞ്ഞപ്പോഴും ശില്പ അടങ്ങുന്ന സംഘത്തിന്റെ കൃത്യമായ അന്വേഷണമാണ് കൊലയാളിയിലേക്ക് എത്തിച്ചത്. 85 ദിവസത്തിനകമാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഒടുവില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയും വാങ്ങിക്കൊടുത്തു.





കൂടത്തായി കൂട്ടക്കൊലക്കേസ്

മറ്റൊന്ന് കൂടത്തായി കൊലക്കേസ് ആയിരുന്നു ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ജോളി. ഭര്‍ത്താവ് റോയ് തോമസ് ഉള്‍പ്പെടെ കൂടത്തായി പൊന്നാമറ്റം തറവാട്ടിലെ ആറുപേരാണ് 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019ലാണ് കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്.ആറ് മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

അന്വേഷണ സംഘം വിപുലീകരിച്ചപ്പോഴാണ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയത്. അന്ന് കണ്ണൂര്‍ എഎസ്പി ഡി ശില്‍പയും ഒപ്പം ചേര്‍ന്നു. അങ്ങനെ അന്വേഷണത്തില്‍ പ്രതിയായ ജോളിയെ കണ്ടെത്താനും ശിക്ഷ വാങ്ങിച്ചു നല്‍കാനും ശില്‍പ അടങ്ങുന്ന അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു.

കൊലപാതക കേസുകള്‍ കൂടാതെ നിരവധി മയക്കുമരുന്ന് വേട്ടയും ഡി ശില്‍പയുടെ ലിസ്റ്റിലുണ്ട്. കോവിഡ് കാലത്ത് കാസര്‍കോട് മികച്ച പ്രവര്‍ത്തനം നടത്താനും അവര്‍ക്ക് കഴിഞ്ഞിരുന്നു. 2016 ഐപിഎസ് ബാച്ചുകാരിയായ ശില്‍പ്പ ജില്ലയുടെ പോലീസ് മേധാവിയായി രണ്ടാം തവണയാണ് എത്തിയത്.

ഡി ശില്‍പയെ പുതിയ ജില്ലാ പൊലീസ് മേധാവിയായി വീണ്ടും നിയമിച്ചത് ഈ വര്‍ഷം ഓഗസ്റ്റിലാണ്. പൊലീസ് ഹെഡ്ക്വാര്‍ടേഴ്സില്‍ പ്രൊക്യൂര്‍മെന്റ് (സംഭരണം) അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറലായി ജോലി നോക്കുന്നതിനിടെയാണ് പുതിയ ചുമതല എത്തിയത്. ബംഗളൂരു എച് എസ് ആര്‍ ലേ ഔട് സ്വദേശിയായ ശില്‍പ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നേരത്തെ 2020ല്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി മികച്ച സേവനം കാഴ്ചവെച്ചിരുന്നു. കാസര്‍കോട്ടെ ആദ്യ വനിതാ ജില്ലാ പോലീസ് മേധാവിയെന്ന പ്രത്യേകതയും ശില്‍പയ്ക്കുണ്ട്. ശില്‍പ പ്രൊബേഷന്റെ ഭാഗമായി കാസര്‍കോട് എഎസ്പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറ്റാന്വേഷണ രംഗത്തും മികവ് തെളിയിച്ച ഉദ്യോഗസ്ഥയാണ് ഇവര്‍. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും കാസര്‍കോടിനെ അടുത്ത അറിയുന്ന പോലീസുകാരി.

കേന്ദ്ര ഡപ്യൂട്ടേഷനില്‍ സിബിഐയിലേക്ക് പോകുന്നത് പൂര്‍ണ സംതൃപ്തിയോടെ ആണെന്ന് ഡി ശില്‍പ പ്രതികരിച്ചു. സിബിഐയിലേക്ക് പോകുന്നത് നേരത്തെ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു. രാജ്യത്തെ വലിയ അന്വേഷണ ഏജന്‍സിയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും ഡി ശില്‍പ പറഞ്ഞു.


Tags:    

Similar News