'പ്രസവവേദനകൊണ്ട് പുളഞ്ഞ ഭാര്യ കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിച്ചില്ല; രക്തസ്രാവം ഉണ്ടായി മരണവെപ്രാളം കാണിച്ചിട്ടും നോക്കിനിന്നു; മൃതദേഹത്തിനൊപ്പം ചോരക്കുഞ്ഞിനേയും എടുത്തു; നവജാത ശിശു ഐസിയുവില്‍'; മരണവിവരം അറിയുന്നത് മൃതദേഹവുമായി വീട്ടിലെത്തുമ്പോഴെന്ന് അസ്മയുടെ അയല്‍വാസി
മരണവിവരം അറിയുന്നത് മൃതദേഹവുമായി വീട്ടിലെത്തുമ്പോഴെന്ന് അസ്മയുടെ അയല്‍വാസി
കൊച്ചി: മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ച് പ്രസവിച്ച യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീന്റെ ക്രൂരത തുറന്നുപറഞ്ഞ് ബന്ധുക്കളും നാട്ടുകാരും. ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് മലപ്പുറത്തെ വീട്ടില്‍വെച്ചാണ് അസ്മ പ്രസവിച്ചത്. ഒമ്പത് മണിയോടെയാണ് അസ്മ മരിച്ച വിവരം ഭര്‍ത്താവ് സിറാജുദ്ദീന്‍ പുറത്ത് പറഞ്ഞത്. രക്തസ്രാവം ഉണ്ടായിട്ടുപോലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ഇടപെടല്‍ ഉണ്ടായില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നു.
പെരുമ്പാവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീന്‍ ഭാര്യയുടെ നാടായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയിരുന്നു. വീട്ടില്‍ എത്തിച്ച മൃതദേഹം പൊലീസ് ഇടപെട്ടാണ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദ്ദീന്‍ അനുവദിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ശ്വാസം മുട്ടല്‍ ഉണ്ടെന്ന് പറഞ്ഞാണ് ആംബുലന്‍സ് വിളിച്ചത്. ഇതില്‍ മലപ്പുറത്തുനിന്ന് പെരുമ്പാവൂരിലെ അസ്മയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരികയായിരുന്നു. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തത്. ചോരക്കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ അതേ ആംബുലന്‍സില്‍തന്നെ അസ്മയുടെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മൃതദേഹവുമായി വീട്ടിലെത്തുമ്പോഴാണ് മരണവിവരം എല്ലാവരും അറിയുന്നത്. ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് പ്രസവം കഴിഞ്ഞതാണ്. രാത്രി ഒമ്പത് മണിയോടെയാണ് മരണം സംഭവിക്കുന്നത്. പ്രസവിച്ച വിവരമോ മരിച്ചവിവരമോ പെണ്‍കുട്ടിയുടെ വീട്ടുകാരോടോ ബന്ധുക്കളോടോ പറഞ്ഞിരുന്നില്ല. മരണം സംഭവിച്ചതിന് ശേഷം അവിടെനിന്ന് ആംബുലന്‍സ് വിളിച്ച് വീട്ടിലേക്ക് വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്ന് മരിച്ച അസ്മയുടെ അയല്‍വാസി അന്‍സാര്‍ പറഞ്ഞു.
അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. മൂന്ന് പ്രസവം നടന്നത് വീട്ടിലാണ്. പതിനൊന്ന് മണിക്ക് ശേഷമാണ് മരിച്ചതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, അങ്ങനെയല്ല. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ കൈ ഒക്കെ മരവിച്ചിട്ടുണ്ടായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ആളുകള്‍ പറയുന്നത്.
പ്രസവശേഷം മരണവെപ്രാളം കാണിച്ചിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. സ്വന്തം കുട്ടിയോട് വെള്ളം വേണമെന്ന് പറഞ്ഞ് വെള്ളം കൊടുത്തപ്പോഴും മതിയായ ചികിത്സ നല്‍കാന്‍ തയ്യാറായില്ല. പ്രസവസമയത്ത് വേറെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം അറിയില്ല. അദ്ദേഹം മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. ഒറ്റപ്പെട്ട വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. അയല്‍വാസികളൊന്നും ഇല്ലാത്തതുകൊണ്ട് ദൂരെനിന്ന് ആളുകളെ വിളിച്ചുവരുത്തിയാണ് മൃതദേഹം ആംബുലന്‍സില്‍ കയറ്റിയതെന്നും അന്‍സാര്‍ പറയുന്നു.
ചോരക്കുഞ്ഞിനെ പോലും ആശുപത്രിയിലാക്കിയില്ല. ആ കുഞ്ഞിനേയും കൊണ്ടാണ് കിലോമീറ്ററോളം സഞ്ചരിച്ച് ഇവിടെ എത്തിച്ചത്. പിന്നീട് ഞങ്ങളാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. ഐസിയുവിലാണ് കുഞ്ഞ്. ഒന്നും പറയാറായിട്ടില്ല. സിദ്ധചികിത്സയുമൊക്കെ ആയി നടക്കുന്നയാളാണ് അസ്മയുടെ ഭര്‍ത്താവെന്നാണ് അറിയുന്നത്. ആശുപത്രിയിലെ ചികിത്സയെ ഒക്കെ എതിര്‍ക്കുന്നവരാണ് ഇവരെന്നും അന്‍സാര്‍ പറഞ്ഞു.
'മടവൂര്‍ ഖാഫില'
സിറാജുദ്ദീന്‍ 'മടവൂര്‍ ഖാഫില' എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. മരിച്ചുപോയ ഒരാളുടെ ഐതിഹ്യങ്ങള്‍ പ്രചരിപ്പിക്കുകയെന്നതാണ് ഈ ചാനലിലൂടെ നടത്തുന്നത്. 63,500 സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ചാനലാണ് മടവൂര്‍ ഖാഫില. സിറാജുദ്ദീന് എന്താണ് ജോലിയെന്ന് നാട്ടുകാര്‍ക്ക് അറിയില്ല. കാസര്‍കോട് ഒരു പള്ളിയിലാണ് ജോലിയെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നത്. പ്രഭാഷണത്തിന് പോകാറുള്ളത് നാട്ടുകാരില്‍ ചിലര്‍ക്കൊക്കെ അറിയാം.
ഈ കുടുംബത്തില്‍ നാലുകുട്ടികള്‍ ഉള്ളതുപോലും ആര്‍ക്കും അറിയില്ല. കുട്ടികളെ സ്‌കൂള്‍ വണ്ടിയില്‍ വിടാനായി മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒന്‍പതാം ക്ലാസിലും രണ്ടാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന കുട്ടികളെ പലരും കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു കുഞ്ഞ് കൂടി അവിടെയുണ്ടെന്നുള്ളത് ആര്‍ക്കും അറിവില്ല. കഴിഞ്ഞ ദിവസം ഈ സ്ത്രീയെ പുറത്തുകണ്ടപ്പോള്‍ അയല്‍ക്കാരി ഗര്‍ഭിണിയാണോയെന്ന് ചോദിച്ചെന്നും എട്ടുമാസം ഗര്‍ഭിണിയാണെന്ന് മറുപടി പറഞ്ഞെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
മന്ത്രവാദവും അന്ധവിശ്വാസവും കൊണ്ടുനടന്ന ഇയാള്‍ സിദ്ധവൈദ്യത്തില്‍ ആണ് വിശ്വാസമര്‍പ്പിച്ചിരുന്നത്. ഭര്‍ത്താവ് സിറാജുദ്ദീന്‍ ആലപ്പുഴ സ്വദേശിയാണ്. മലപ്പുറം ചട്ടിപ്പറമ്പില്‍ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് ഈ കുടുംബം വാടകവീട്ടിലെത്തുന്നത്. ഈ വീട്ടില്‍ താമസിക്കുന്നത് ആരൊക്കെയാണെന്നുപോലും നാട്ടുക്കാര്‍ക്കോ അയല്‍ക്കാര്‍ക്കോ അറിയില്ല. പേര് പോലും അറിയാത്ത ദുരൂഹത നിറഞ്ഞ കഥാപാത്രമാണെന്നാണ് നാട്ടുകാരില്‍ പലരും ഇയാളെക്കുറിച്ച് പറയുന്നത്.