ടിയാനെമന്‍ സ്‌ക്വയറില്‍ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചാല്‍ മൗനം; ഏഷ്യയിലെ പ്രധാന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ച് ചോദിച്ചാലും മറുപടിയില്ല; കോവിഡിന്റെ ഉറവിടത്തെക്കുറിച്ചും ഉത്തരമില്ല; ചാറ്റ് ജിപിടിയെ വെട്ടി നമ്പര്‍ വണ്ണായ ഡീപ് സീക്ക് എ ഐക്ക് ചങ്കിലെ ചൈനയെക്കുറിച്ച് മൗനം!

ഡീപ് സീക്ക് എ ഐക്ക് ചങ്കിലെ ചൈനയെക്കുറിച്ച് മൗനം!

Update: 2025-01-29 16:49 GMT

ലോകം ഇപ്പോള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത് ചൈനയുടെ എഐ ചാറ്റ്ബോട്ടായ ഡീപ്സീക്കിനെ കുറിച്ചാണല്ലോ. ഓപ്പണ്‍ എഐ, ഗൂഗിള്‍ ജെമിനി, മെറ്റാ എഐ എന്നിവയെ പിന്തള്ളിയാണ്, ചൈനയിലെ സ്വകാര്യ ലാബായ നീസ് എഐ ലാബ് പുറത്തിറക്കിയ ഡീപ്‌സീക്ക് കുതിക്കുന്നത്. കണക്കുകള്‍ പ്രകാരം ആപ്പിള്‍ ഐഒഎസില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പായി ഇത് മാറി. ജനുവരി 25-ന് ഡൗണ്‍ലോഡ് റാങ്കിംഗില്‍ 102-ാം സ്ഥാനത്തായിരുന്ന ഡീപ്‌സീക്ക് ജനുവരി 27-ന് ഒന്നാം സ്ഥാനത്തെത്തി.

മറ്റ് എഐ ആപ്പുകളെ അപേക്ഷിച്ച് സൗജന്യമാണ് എന്നതാണ് ഇതിനെ ജനപ്രിയമാക്കുന്ന പ്രധാന ഘടകം. എഐ മോഡലുകള്‍ വികസിപ്പിക്കാന്‍ വന്‍ തുക ചെലവാകുമെന്നിരിക്കേ 5.6 മില്യണ്‍ ഡോളര്‍ മാത്രമാണ് ചെലവായിട്ടുള്ളത്. ചാറ്റ് ജിപിടിയേക്കാള്‍ കൃത്യതയോടും വിശദവുമായി വിവരങ്ങള്‍ നല്‍കാന്‍ ഡീപ്സീക്കിന് സാധിക്കും.

ഡീപ്‌സീക്ക് ഷോക്കില്‍ ലോക കോടീശ്വരന്മാരിലെ പ്രമുഖര്‍ക്ക് ഒരൊറ്റ ദിവസംകൊണ്ട് നഷ്ടമായത് 9.34 ലക്ഷം കോടി(108 ബില്യണ്‍ ഡോളര്‍) രൂപയാണ്. എഐയുമായി ബന്ധമുള്ള 500ഓളം ശതകോടീശ്വരന്മാര്‍ക്കാണ് അടിതെറ്റിയത്. ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം എന്‍വിഡിയയുടെ ഹുവാങിന്റെ സമ്പത്തില്‍ 20 ശതമാനം (20.1 ബില്യണ്‍ ഡോളര്‍) കുറവുണ്ടായി. ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എല്ലിസണ് നേരിടേണ്ടിവന്നത് 12 ശതമാനം (22.6 ബില്യണ്‍ ഡോളര്‍) നഷ്ടം. ഡെല്ലിന്റെ മൈക്കല്‍ ഡെല്ലിന്റെ സമ്പത്തില്‍ 13 ബില്യണ്‍ ഡോളറും ബൈയാന്‍സ് ഹോള്‍ഡിങ്‌സിന്റെ സഹസ്ഥാപകന്‍ ഷാന്‍പെങിന്റെ സ്വത്തില്‍ 12.1 ബില്യണ്‍ ഡോളറും അപ്രത്യക്ഷമായി.

ടെക് കമ്പനികളുടെ യൂഎസിലെ സൂചികയായ നാസ്ദാക്ക് കഴിഞ്ഞ ദിവസം 3.1 ശതമാനം തിരിച്ചടി നേരിട്ടു. എസ്‌ഐന്‍ഡ്പി 500 സൂചികയാകട്ടെ 1.5 ശതമാനം താഴ്ന്നു.

ചൈനയെ കുറിച്ച് മൗനം

പക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിലും ഡീപ്പ് സീക്കിന് മറ്റൊരു കുഴപ്പമുണ്ട്. ചൈനയില്‍ സംഭവിച്ച പ്രശ്നങ്ങള്‍ക്കൊന്നും അതിന് ഉത്തരമില്ല. ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ചൈനയെ കുറിച്ച് സെര്‍ച്ച് ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കില്ല. ക്ഷമിക്കണം, മറ്റന്തെങ്കിലും കാര്യത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ഡീപ്‌സീക്ക് മുങ്ങും. ടിയാനെമന്‍ സ്‌ക്വയറില്‍ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചാല്‍ മൗനംമാണ് ഡീപ്പ് സീക്കിന്റെ മറുപടി. ഏഷ്യയിലെ പ്രധാന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ച് ചോദിച്ചാലും, കോവിഡിന്റെ ഉറവിടത്തെക്കുറിച്ചും ഉത്തരമില്ല.ചൈനയുമായി ബന്ധപ്പെട്ട എന്ത് വിവാദ ചോദ്യത്തിനും സോറിയെന്നാണ് മറുപടി.

അതായത് ചൈനീസ് ഭരണകുടം ഡീപ്പ് സീക്കിനെയും സെന്‍സര്‍ ചെയ്യുന്നുവെന്ന് ചുരുക്കം. ലോകം എന്തറിയണമെന്ന് ചൈന തീരുമാനിക്കുകയാണ്. ലോകത്തിന് മുന്‍പില്‍ ചൈന മറച്ച് പിടിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ഡീപ്‌സീക്കും മറച്ചുപിടിക്കും. ചൈനീസ് താത്പര്യങ്ങള്‍ ഡീപ്‌സീക്കിനെ നിയന്ത്രിച്ചാല്‍ ലോകത്തിന് വലിയ ഭീഷണിയാകും ഇത് സൃഷ്ടിക്കുകയെന്ന് വിമര്‍ശനമുണ്ട്. ഇത് അറിയാനുള്ള സ്വതന്ത്ര്യത്തിനും അഭിപ്രായ സ്വതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.



ലിയാന്‍ വെന്‍ഫെംഗ് സ്ഥാപിച്ച ചൈനീസ് എഐ ടെക് സ്റ്റാര്‍ട്ടപ്പാണ് ഡീപ്‌സീക്ക്. ശക്തമായ എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിന് വന്‍തോതില്‍ മൂലധന ചെലവ് അനിവാര്യമാണെന്നിരിക്കെ വെറും 5.6 മില്യണ്‍ ഡോളര്‍ ചെലവാക്കിയാണ് ഡീപ്‌സീക്കിന്റെ വരവ്. ആഗോള നിക്ഷേപകരില്‍ ആശങ്ക ഉയര്‍ത്താനിടയായതും അതുകൊണ്ടുതന്നെ. രണ്ടര വര്‍ഷത്തോളമായി വിപണിയുടെ മൂന്നേറ്റത്തിലൂടെ വന്‍തോതില്‍ നേട്ടമുണ്ടാക്കിയ (എഐ ശൃംഖലയുടെ ഭാഗമായ) ശതകോടീശ്വരന്മാര്‍ക്ക് കനത്ത ആഘാതമായി ഡീപ്‌സീക്കിന്റെ വരവ്. മെറ്റ പ്ലാറ്റ്‌ഫോംസ്, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നിവയുടെ എഐ മോഡലുകള്‍ ആഗോളതലത്തില്‍ കോടീശ്വരന്മാരുടെ സമ്പത്തില്‍ വന്‍ വര്‍ധനവിന് കാരണമായിരുന്നു.

എഐ പദ്ധതികള്‍ക്കായി 65 ബില്യണ്‍ ഡോളര്‍ വരെ ചെലവഴിക്കാന്‍ പദ്ധതിയുള്ളതായി മെറ്റ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 2025ല്‍ എഐക്കായി വന്‍കിട ടെക് കമ്പനികള്‍ മുടക്കാനിരിക്കുന്നത് 200 ബില്യണ്‍ ഡോളറാണ്. ഇതിനിടെയാണ് കുറഞ്ഞ ചെലവില്‍ എഐയുമായി ഡീപ്‌സീക്കിന്റെ ഷോക്ക്.

വന്‍തുക ചെലവാക്കിയിട്ടും പരിമിതമായ വരുമാനം മാത്രമാണ് കമ്പനികള്‍ക്ക് ലഭിച്ചുതുടങ്ങിയിട്ടുള്ളതെങ്കിലും വിപണികള്‍ യുഎസ് ടെക് സ്റ്റോക്കുകള്‍ക്ക് ഉയര്‍ന്ന മൂല്യം നല്‍കി. അതേ തുടര്‍ന്നുണ്ടായ കുതിപ്പില്‍ ടെക് കമ്പനി ഉടമകള്‍ക്ക് വന്‍തോതില്‍ സമ്പത്ത് സൃഷ്ടിക്കാനായി.എഐ വഴി എന്‍വിഡിയയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 2023 മുതല്‍ കഴിഞ്ഞ വെള്ളിയാഴ്ചവരെയുള്ള എഐ ബൂമില്‍ ഹുവാങ്ങിന്റെ ആസ്തി എട്ട് മടങ്ങ് വര്‍ധിച്ച് 121 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. സക്കര്‍ബര്‍ഗിന്റെ സമ്പത്താകട്ടെ 385 ശതമാനം ഉയര്‍ന്ന് 229 ബില്യണ്‍ ഡോളറായി. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന്റെ സമ്പത്താകട്ടെ 133 ശതമാനം ഉയര്‍ന്ന് 154 ബില്യണുമായി. എന്‍വിഡിയയുടെ ഹുവാങ്ങും എലിസണും കനത്ത നഷ്ടം നേരിട്ടപ്പോള്‍ മറ്റ് പ്രമുഖ കോടീശ്വരന്മാര്‍ കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് മറ്റ് ബിസിനസുകള്‍ കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് എന്നാണ് വിലയിരുത്തല്‍.

Tags:    

Similar News