'150 പേരുണ്ടായിരുന്ന ജിമ്മില്‍ ഇപ്പോഴുള്ളത് 15 പേര്‍; ആളുകള്‍ ഭയം കൊണ്ടാണ് എത്താത്തത്; കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമാണ് ഇതോടെ പ്രതിസന്ധിയിലായത്; സത്യസന്ധതയ്ക്ക് കൊടുക്കേണ്ടി വന്നത് വലിയ വില'; മുസ്ലീമായ കടയുടമയെ ശല്യപ്പെടുത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ നേരിട്ട ദീപക് കുമാര്‍ പ്രതിസന്ധിയില്‍
'150 പേരുണ്ടായിരുന്ന ജിമ്മില്‍ ഇപ്പോഴുള്ളത് 15 പേര്‍
ഡെറാഡൂണ്‍: ഉത്തരഖണ്ഡില്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ അതിക്രമത്തില്‍ നിന്ന് വയോധികനെ രക്ഷപ്പെടുത്തിയ ജിമ്മുടമയായ ദീപക് കുമാറിനെ പുകഴ്ത്തിയും പ്രശംസിച്ചു രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവന്നിരുന്നു. തന്റെ പേരില്‍ മുഹമ്മദ് ദീപക് എന്നു പറഞ്ഞാണ അദ്ദേഹം അന്ന് അക്രമികളെ നേരിട്ടത്. എന്നാല്‍, നേതാക്കളെല്ലാം പുകഴ്ത്തിയെങ്കിലും ദീപക്കിന്റെ ജീവിതം ഇന്ന് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
ദീപകിന്റെ ഉപജീവന മാര്‍ഗമായ ജിമ്മില്‍ ആളുകളുടെ എണ്ണം ഒറ്റയടിക്കാണ് കുറഞ്ഞത്. 150 അംഗങ്ങളുണ്ടായിരുന്ന ജിമ്മില്‍ ഇപ്പോള്‍ 15 പേര്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് ദീപക് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആളുകള്‍ ഭയം കൊണ്ടാണ് എത്താത്തതെന്നും കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമാണ് ഇതോടെ പ്രതിസന്ധിയിലാവുന്നതെന്നും ദീപക് പറഞ്ഞു.
ആളുകള്‍ ഭയപ്പെടുന്നത് തനിക്ക് മനസിലാകുമെന്നും എന്നാല്‍ പ്രതിമാസം 40,000 രൂപ വാടക നല്‍കേണ്ട ജിമ്മില്‍ ആളുകള്‍ കുറഞ്ഞതോടെ കുടുംബത്തിന്റെ ഏക വരുമാനം പ്രതിസന്ധിയിലായിരിക്കുകയാണെന്നും ദീപക് പറഞ്ഞു. എന്നാല്‍ ബാക്കി ഉള്ള അംഗങ്ങള്‍ അവിടെ തന്നെ തുടരുമെന്നും ഒരിക്കല്‍ കസ്റ്റമറെ നഷ്ടപ്പെട്ടാല്‍ പിന്നീട് തിരികെ കൊണ്ടുവരാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ രാജ്യസഭയിലെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് ഞായറാഴ്ച ബാബ ഡ്രെസിന്റെ ഉടമയായ വക്കീല്‍ അഹമ്മദ്, ദീപക് എന്നിവരെ സന്ദര്‍ശിക്കുകയും അംഗങ്ങള്‍ കൊഴിഞ്ഞു പോയ്‌ക്കൊണ്ടിരിക്കുന്ന ദീപക്കിന്റെ ജിം സന്ദര്‍ശിച്ച് അംഗത്വം എടുത്തതായും സിപിഎം ട്വീറ്റിലൂടെ വ്യക്തമാക്കി.
ദീപക്കിനെതിരെ കേസെടുത്ത കോട്വാര്‍ പൊലീസ് സ്റ്റേഷനിലും ബ്രിട്ടാസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഫാസിസ്റ്റ് ഗുണ്ടകള്‍ക്കെതിരെ നിര്‍ഭയമായി നിലപാട് സ്വീകരിച്ചതിന് 'മുഹമ്മദ്' ദീപക്കിനെ അദ്ദേഹം അഭിനന്ദിക്കുകയും അദ്ദേഹത്തെപ്പോലുള്ള ആളുകളാണ് രാജ്യത്തിന്റെ യഥാര്‍ഥ പ്രതീക്ഷയും ശക്തിയും എന്ന് അഭിനന്ദിക്കുകയും ചെയ്തു.
താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും കരുതുന്നില്ലെന്നും പുറത്തു നിന്നുള്ള ആളുകളുടെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും പട്ടണത്തിലുള്ളവര്‍ ഇതുവരെ വന്നിട്ടില്ലെന്നും ദീപക് വ്യക്തമാക്കി. കാര്യങ്ങള്‍ പതുക്കെ ശരിയാകുമെന്ന് കരുതുന്നതായും ദീപക് പ്രതീക്ഷ പങ്കുവെച്ചു. അതേസമയം, പോലീസ് കുമാറിന് സംരക്ഷണം നല്‍കുകയും പട്ടണത്തില്‍ അധിക സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ജനുവരി 26 നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 70 കാരനായ മുസ്ലീമായ കടയുടമയെ ശല്യപ്പെടുത്തിയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെ ദീപക് നേരിട്ടത്. കടയുടെ പേരില്‍ നിന്നും ബാബ എന്ന വാക്ക് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം. ഇതിനെ തടഞ്ഞ ദീപകിനോട് പേര് ചോദിച്ചപ്പോള്‍ ദീപക് തന്റെ പേര് മുഹമ്മദ് ദീപക് എന്നാണെന്ന് പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ ദീപകിന് പിന്തുണയുമായെത്തുകയും ചെയ്തു. ഇതിന് പിന്നാലെ ദീപകിനെതിരെ ആക്രമണ ആഹ്വാനവുമായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ജനുവരി 31 ന് ദീപക്കിനെ നേരിടാന്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടിയെങ്കിലും പൊലീസ് ഇവരെ തടയുകയായിരുന്നു.
