വഖഫ് നിയമഭേദഗതി മുസ്ലിം സമുദായത്തിലെ ഒരാള്‍ക്കും നീതി നിഷേധിക്കുന്നില്ല; വഖഫ് നിയമത്തിന്റെ ഇരകളായ ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം പൗരന്മാര്‍ നേരിടുന്ന അനീതിക്ക് അറുതിയാകും; ബില്ലിനെ പിന്തുണച്ചില്ലെങ്കില്‍ കേരളത്തിലെ എം.പിമാര്‍ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരും; മുന്നറിയിപ്പുമായി ദീപിക ദിനപത്രം

മുന്നറിയിപ്പുമായി ദീപിക ദിനപത്രം

Update: 2025-04-01 02:39 GMT

കോഴിക്കോട്: സിപിഎമ്മിനും കോണ്‍ഗ്രസിനും മുന്നറിയിപ്പുമായി കത്തിലോക്ക സഭയുടെ മുഖപത്രമായ ദീപിക. വഖഫ് നിയമഭേദഗതിയെ പിന്തുണച്ചില്ലെങ്കില്‍ കേരളത്തിലെ എം.പിമാര്‍ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്ന് ദീപികയുടെ മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു. വഖഫ് ഭേദഗതി ബില്‍ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്റില്‍ വെക്കും. ഇന്‍ഡ്യമുന്നണി അതിനെ എതിര്‍ക്കുകയാണെങ്കിലും മുനമ്പത്തെ നൂറുകണക്കിനു കുടുംബങ്ങളെ തെരുവിലിറക്കാന്‍ ഇടയാക്കിയ വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ കോണ്‍ഗ്രസിനോടും സി.പി.എമ്മിനോടും ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ ദീപിക പറയുന്നു.

വഖഫ് നിയമഭേദഗതി മുസ്ലിം സമുദായത്തിലെ ഒരാള്‍ക്കും നീതി നിഷേധിക്കുന്നില്ല. വഖഫ് നിയമത്തിന്റെ ഇരകളായ ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം പൗരന്മാര്‍ നേരിടുന്ന അനീതിക്ക് അറുതി വരുത്തുകയും ചെയ്യുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കേരളത്തിലെ എംപിമാരോട് കഴിഞ്ഞദിവസം കെ.സി.ബി.സി (കേരള കത്തോലിക്കാ മെത്രാന്‍ സംഘം) ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. 'മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചുവന്ന ഭൂമിക്കുമേലുള്ള റവന്യു അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവിധം ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യണം.

മുനമ്പത്തെ ജനത്തിന് ഭൂമി വിറ്റ ഫാറൂഖ് കോളജ് തന്നെ, പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എതിര്‍വാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകള്‍ വഖഫ് നിയമത്തില്‍ ഉള്ളത് ഭേദഗതി ചെയ്യാന്‍ ജനപ്രതിനിധികള്‍ സഹകരിക്കണം'' എന്നാണ് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടത്.

1995ലെ വഖഫ് നിയമത്തിലെ 40-ാം അനുച്ഛേദപ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോര്‍ഡ് കരുതിയാല്‍ നിലവിലുള്ള ഏതു രജിസ്‌ട്രേഷന്‍ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം. ഇരകള്‍ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചുകൊള്ളണം. 40-ാം വകുപ്പിന്റെ ഈ കൈയേറ്റസാധ്യത ഉപയോഗിച്ചാണ് 2019ല്‍ കൊച്ചി വൈപ്പിന്‍ ദ്വീപിലെ മുനമ്പം വേളാങ്കണ്ണി കടപ്പുറത്തെ 404 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന്റെ ആസ്തിവിവരത്തില്‍ ഉള്‍പ്പെടുത്തിയത്.

വഖഫ് നിയമം ആ കുടുംബങ്ങളിലെ പ്രകാശം കെടുത്തിക്കളഞ്ഞു. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് വസ്തുവില്പന നടത്തിയ ഫാറൂഖ് കോളജ് മാനേജ്‌മെന്റും വാങ്ങിയ മുനമ്പം നിവാസികളും ആണയിട്ടു പറഞ്ഞിട്ടും അവകാശമുന്നയിക്കാന്‍ ബോര്‍ഡിനു കഴിയുന്നത് ഈ നിയമം ഉള്ളതുകൊണ്ടു മാത്രമാണ്. അതുകൊണ്ടുമാത്രമാണ് വഖഫ് സംരക്ഷണവേദി പോലെയുള്ള ബിനാമി സംഘടനകള്‍ക്ക് മുനമ്പം നിവാസികളെ ദ്രോഹിക്കാനും കോടതിയില്‍ ഹരജി സമര്‍പ്പിക്കാനും കഴിയുന്നതെന്നും മുഖപ്രസംഗത്തില്‍ ദീപിക വിമര്‍ശിക്കുന്നു.

ദീപികയുടെ മുഖപ്രസംഗം ഇങ്ങനെ:

വഖഫ് ചെരുപ്പിനൊപ്പിച്ച് മതേതര-ജനാധിപത്യ മൂല്യങ്ങളെ വെട്ടിവെട്ടി മുടിപ്പിക്കരുത്.

വഖഫ് നിയമഭേദഗതിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അന്തിമതീരുമാനം എടുക്കാന്‍ സമയമായി. വഖഫ് നിയമം ഇല്ലാതാക്കാനല്ല, കൈയേറ്റാനുമതി നല്‍കുന്നതും ഭരണഘടനാപരിഹാരം നിഷേധിക്കുന്നതുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്.

അത്, മുസ്ലിം സമുദായത്തിലെ ഒരാള്‍ക്കും നീതി നിഷേധിക്കുന്നില്ല. വഖഫ് നിയമത്തിന്റെ ഇരകളായ ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം പൗരന്മാര്‍ നേരിടുന്ന അനീതിക്ക് അറുതി വരുത്തുകയും ചെയ്യും.

ഇപ്പറയുന്നതിന്റെ ന്യായം കോണ്‍ഗ്രസിനും സിപിഎമ്മിനും ഇനിയും മനസിലായിട്ടില്ലെങ്കില്‍ ഒന്നും പറയാനില്ല. വഖഫ് പാര്‍ലമെന്റിലെ മതേതരത്വ പരീക്ഷയാണ്. നിങ്ങള്‍ പിന്തുണച്ചില്ലെങ്കിലും ഭേദഗതി പാസാകുമോ എന്നതു വേറെ കാര്യം. പക്ഷേ, പിന്തുണച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമായിരിക്കും; മതേതര തലമുറകളോടു കണക്കു പറയേണ്ട ചരിത്രം.

വഖഫ് ഭേദഗതി ബില്‍ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്റില്‍ വച്ചേക്കാം. 'ഇന്ത്യ' മുന്നണി അതിനെ എതിര്‍ക്കുകയാണെങ്കിലും മുനന്പത്തെ നൂറുകണക്കിനു കുടുംബങ്ങളെ തെരുവിലിറക്കാന്‍ ഇടയാക്കിയ വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ അനുകൂലമായി വോട്ടു ചെയ്യണമെന്നു കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നു.

കേരളത്തിലെ എംപിമാരോട് കഴിഞ്ഞദിവസം കെസിബിസി (കേരള കത്തോലിക്കാ മെത്രാന്‍ സംഘം) ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ''മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചുവന്ന ഭൂമിക്കുമേലുള്ള റവന്യു അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവിധം ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യണം.

മുനമ്പത്തെ ജനത്തിന് ഭൂമി വിറ്റ ഫാറൂഖ് കോളജ് തന്നെ, പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എതിര്‍വാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകള്‍ വഖഫ് നിയമത്തില്‍ ഉള്ളത് ഭേദഗതി ചെയ്യാന്‍ ജനപ്രതിനിധികള്‍ സഹകരിക്കണം'' എന്നാണ് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടത്.

1995ലെ വഖഫ് നിയമത്തിലെ 40-ാം അനുച്ഛേദപ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോര്‍ഡ് കരുതിയാല്‍ നിലവിലുള്ള ഏതു രജിസ്‌ട്രേഷന്‍ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.

ഇരകള്‍ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചുകൊള്ളണം. 40-ാം വകുപ്പിന്റെ ഈ കൈയേറ്റസാധ്യത ഉപയോഗിച്ചാണ് 2019ല്‍ കൊച്ചി വൈപ്പിന്‍ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 404 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന്റെ ആസ്തിവിവരത്തില്‍ ഉള്‍പ്പെടുത്തിയത്.

വഖഫ് നിയമം ആ കുടുംബങ്ങളിലെ പ്രകാശം കെടുത്തിക്കളഞ്ഞു. മുനന്പത്തെ ഭൂമി വഖഫ് അല്ലെന്ന് വസ്തുവില്പന നടത്തിയ ഫാറൂഖ് കോളജ് മാനേജ്‌മെന്റും വാങ്ങിയ മുനന്പം നിവാസികളും ആണയിട്ടു പറഞ്ഞിട്ടും അവകാശമുന്നയിക്കാന്‍ ബോര്‍ഡിനു കഴിയുന്നത് ഈ നിയമം ഉള്ളതുകൊണ്ടു മാത്രമാണ്.

അതുകൊണ്ടുമാത്രമാണ് വഖഫ് സംരക്ഷണവേദി പോലെയുള്ള ബിനാമി സംഘടനകള്‍ക്ക് മുനന്പം നിവാസികളെ ദ്രോഹിക്കാനും കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനും കഴിയുന്നത്. യാഥാര്‍ഥ്യം ഇതായിരിക്കെ, ജനങ്ങളെ സഹായിക്കുമെന്നു മുനന്പത്തെത്തി പറയുന്ന കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പാര്‍ലമെന്റില്‍ വഖഫ് നിയമത്തെ പിന്തുണച്ച് ഇരട്ടത്താപ്പു കാണിക്കുകയാണ്.

ഭേദഗതി ഉണ്ടായാലും അതുവച്ച് മുനന്പത്തെ ജനങ്ങള്‍ക്കു നീതി കിട്ടാനിടയില്ലെന്നു പറയുന്നവര്‍ മുനന്പത്ത് കിട്ടിയില്ലെങ്കിലും ഭാവിയില്‍ പ്രയോജനമുണ്ടാകുമെന്ന് അംഗീകരിക്കുകയാണല്ലോ. ഭേദഗതി വന്നാല്‍ അതിനുശേഷമെങ്കിലും വഖഫ് പേടിയില്ലാതെ ഈ രാജ്യത്തെ മനുഷ്യര്‍ക്ക് സമാധാനമായി ഉറങ്ങാമല്ലോ.

മുനന്പത്ത് ഉള്‍പ്പെടെ വഖഫ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ഭൂമിയൊക്കെ യഥാര്‍ഥ അവകാശികള്‍ക്കു തിരിച്ചുകിട്ടാന്‍ ഭേദഗതിയില്‍ വകുപ്പുണ്ടെന്ന് ബിജെപി ഉറപ്പാക്കുകയും വേണം. രാഷ്ട്രീയമല്ലല്ലോ നീതിയല്ലേ നിയമഭേദഗതിയുടെ ലക്ഷ്യം.

ബില്ല് പാസാക്കിയാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് ഹാരിസ് ബീരാന്‍ എംപി പറഞ്ഞു. തീര്‍ച്ചയായും അവര്‍ക്കതിന് അവകാശമുണ്ട്. പക്ഷേ, ഭരണഘടന ഉറപ്പുനല്‍കുന്ന ഇതേ അവകാശത്തിനുവേണ്ടിയാണ് മുനന്പത്തെ മനുഷ്യര്‍ സമരപ്പന്തലില്‍ ഇരിക്കുന്നതെന്നുകൂടി മനസിലാക്കിയാല്‍ കൊള്ളാം.

ഭൂമി കൈവശപ്പെടുത്തിയ മതബോര്‍ഡിനെതിരേ അതിന്റെ ഭാഗമായ ട്രൈബ്യൂണലിനെ സമീപിക്കുന്നതിനു പകരം നേരിട്ടു കോടതിയില്‍ പോകാന്‍ ഇരകള്‍ക്കു സാധിക്കണം. ഈ രാജ്യത്തെ നിയമം അനുസരിച്ചു കാശുകൊടുത്തു വാങ്ങിയ ഭൂമിക്കുവേണ്ടി മറ്റൊരു മതത്തിന്റെയും ട്രൈബ്യൂണല്‍ പടിക്കല്‍ കാത്തുകെട്ടി കിടക്കേണ്ട ഗതികേട് ഹാരിസ് ബീരാന്‍ ഉള്‍പ്പെടെയുള്ള വഖഫ് ആരാധകര്‍ക്കില്ല.

മറ്റൊരു മതത്തിന്റെയും ബോര്‍ഡോ കമ്മിറ്റിയോ തങ്ങളുടേതാണെന്നു തോന്നിയതിന്റെ പേരില്‍ മറ്റുള്ളവരുടെ ഭൂമിയിന്മേല്‍ അവകാശം ഉന്നയിച്ചിട്ടുമില്ല. തര്‍ക്കത്തിന്റെ പേരില്‍ അങ്ങനെ അവകാശവാദം ഉന്നയിച്ചാലും മത ട്രൈബ്യൂണലല്ല ന്യായാന്യായം വിധിക്കുന്നത്; ഭരണഘടനാനുസൃതമായ സിവില്‍ കോടതികളാണ്. ഈ നീതിയാണ് വഖഫ് ഇരകള്‍ ആവശ്യപ്പെടുന്നത്.

വഖഫ് ബോര്‍ഡിന്റെ കീഴില്‍ 9.4 ലക്ഷം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 1.2 ലക്ഷം കോടി രൂപ വിലവരുന്ന 8.7 ലക്ഷം സ്വത്തുക്കളുണ്ട്. അതില്‍ മുനന്പത്തേതുപോലെ കൈവശപ്പെടുത്തിയവ ഒഴികെയുള്ളവ അഴിമതിയില്ലാതെ കൈകാര്യം ചെയ്താല്‍ തന്നെ മുസ്ലിം സമുദായത്തിലെ പാവങ്ങള്‍ക്ക് മികച്ച സാന്പത്തിക കെട്ടുറപ്പ് നല്‍കാനാകും.

ആ സ്വത്തുക്കളില്‍ ബോര്‍ഡിലെ കൈകാര്യക്കാര്‍ ഉള്‍പ്പെടെ അന്യാധീനപ്പെടുത്തിയതെല്ലാം തിരിച്ചുപിടിക്കുന്നതുപോലെയല്ല, കാശുകൊടുത്ത് വാങ്ങി കരമടച്ചുകൊണ്ടിരിക്കുന്ന കിടപ്പാടവും മറ്റു വസ്തുക്കളും പഴുതുകളുപയോഗിച്ചു വഖഫ് കൈയേറുന്നത്.

ചില സമുദായങ്ങളുടെ വോട്ട് പരന്പരാഗതമായി തങ്ങള്‍ക്കുള്ളതാണെന്നും മറ്റു ചിലരുടേത് കാലാകാലങ്ങളില്‍ പരിഗണിച്ചില്ലെങ്കില്‍ നഷ്ടപ്പെടുമെന്നുമുള്ള ധാരണയാകാം കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സമ്മര്‍ദം. അതെന്തായാലും വഖഫ് ചെരുപ്പിനൊപ്പിച്ച് മതേതര-ജനാധിപത്യ മൂല്യങ്ങളെ വെട്ടിവെട്ടി മുടിപ്പിക്കരുത്.

Tags:    

Similar News