'ഞാന്‍ കരയുന്നത് എല്ലാദിവസവും അരുന്ധതി കാണും, സ്മൃതിക്കും എല്ലാമറിയാം'; സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ മനസ്സുതുറന്ന് ജെമീമ റോഡ്രിഗസ്; ജെമീമയുടെ തുറന്നു പറച്ചിലിനെ പ്രശംസിച്ച് ബോളിവുഡ് നടി ദീപിക പദുക്കോണും; ഉത്കണ്ഠാ അവസ്ഥയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍
'ഞാന്‍ കരയുന്നത് എല്ലാദിവസവും അരുന്ധതി കാണും, സ്മൃതിക്കും എല്ലാമറിയാം'
മുംബൈ: വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ജെമീമ റോ്ഡ്രിഗസിന്റെ സ്വപ്‌നതുല്യമായ ഇന്നിംഗാസായിരുന്നു. ഓസ്‌ട്രേലിയ എന്ന മഹാമേരുവിനെ വീഴ്ത്തി ആ ഇന്നിംഗ്‌സിന് പിന്നാലെ അതിവൈകാരികമായി പ്രതികരണമായിരുന്നു ജെമീമ നടത്തിയത്. കരഞ്ഞു കൊണ്ടുള്ള അവരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഉത്ണ്ഠാ രോഗാവസ്ഥയെ കുറിച്ചാണ് ജെമീമ വെളിപ്പെടുത്തിയത്. ഇതോടെ ജെമീമയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചകളില്‍ നിറകുയാണ്.
വ്യാഴാഴ്ച മുംബൈ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയ താരം, ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയും ചെയ്തു. മത്സരത്തില്‍ 134 പന്തില്‍ പുറത്താകാതെ 127 റണ്‍സാണ് ജെമീമ നേടിയത്. ജയത്തിനു പിന്നാലെ വികാരനിര്‍ഭരയായി പ്രതികരിച്ച ജെമീമ, ടൂര്‍ണമെന്റിന് മുമ്പ് താന്‍ അനുഭവിച്ച മാനസിക പ്രയാസവും പങ്കുവെച്ചു. ഉത്കണ്ഠയോട് പൊരുതിയിരുന്നയാളാണ് താനെന്നാണ് ജെമീമ പറഞ്ഞത്. താരത്തിന്റെ തുറന്നുപറച്ചിലിനെ പ്രശംസിച്ച് ബോളിവുഡ് നടി ദീപിക പദുക്കോണും രംഗത്തെത്തി.
''ഇപ്പോള്‍ ഇതുകാണുന്ന ആരെങ്കിലുമൊക്കെ എന്നെപ്പോലെ ഈ അവസ്ഥയില്‍ കടന്നുപോകുന്നുണ്ടാകാം. എന്നാല്‍, തുറന്നുപറയാന്‍ അവര്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. അതിനാലാണ് ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ കടുത്ത ഉത്കണ്ഠയിലൂടെയാണ് ഞാന്‍ കടന്നുപോയത്. അമ്മയെ വിളിച്ച് കരയുമായിരുന്നു. ഒരുപാട് കരഞ്ഞ് വിഷമം തീര്‍ക്കും. കാരണം ഉത്കണ്ഠയിലൂടെ കടന്നുപോകുമ്പോള്‍ മരവിപ്പാണ് അനുഭവപ്പെടുക. എന്ത് ചെയ്യണമെന്ന് മനസ്സിലാകില്ല. ആ സമയത്തൊക്കെയും മാതാപിതാക്കളാണ് ഏറ്റവുമധികം പിന്തുണച്ചത്.
സഹതാരമായ അരുന്ധതി റെഡ്ഡി ഞാന്‍ കരയുന്നത് എല്ലാദിവസവും കാണും. പിന്നീട് നീ എന്റെ മുമ്പില്‍ വരേണ്ട, ഞാന്‍ കരയാന്‍ തുടങ്ങും എന്ന് തമാശയോടെ പറഞ്ഞിരുന്നു. പക്ഷേ ഓരോ ദിവസവും അരുന്ധതി എന്റെ അവസ്ഥ അന്വേഷിച്ചു. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും സഹായിച്ചു. ഞാന്‍ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സ്മൃതിക്കും അറിയാമായിരുന്നു. നെറ്റ് സെഷനുകള്‍ക്ക് ശേഷം സ്മൃതി അരികെ വന്നുനില്‍ക്കും. പ്രത്യേകിച്ച് ഒന്നും സംസാരിക്കില്ല. പക്ഷേ ആ സാന്നിധ്യം എനിക്ക് പ്രധാനമാണെന്ന് അവള്‍ക്ക് അറിയമായിരുന്നു.
രാധാ യാദവും കരുതലുമായി കൂടെയുണ്ടായിരുന്നു. ടീമില്‍ കുടുംബം എന്ന് വിളിക്കാനാവുന്ന സുഹൃത്തുക്കള്‍ ഉള്ളതില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്. ഇത്തരമൊരു അവസ്ഥ ഒറ്റക്ക് അതിജീവിക്കേണ്ട സാചര്യമുണ്ടായില്ല. സഹായത്തിന് എല്ലാവരുമെത്തി. എന്റെ അമ്മയും എന്നെപ്പോലെയാണ്. കുടുംബത്തില്‍ എല്ലാവര്‍ക്കും അറിയാം. എനിക്ക് ഒന്നിനും സാധിക്കില്ലെന്ന് കരുതി നിരാശപ്പെട്ടിരുന്നപ്പോഴും അവര്‍ എന്നില്‍ വിശ്വസിച്ചു'' -ജെമീമ പറഞ്ഞു.
ഉത്കണ്ഠയേക്കുറിച്ച് തുറന്നുപറഞ്ഞ ജെമീമയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ദീപിക ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചത്. നിങ്ങളുടെ കഥ പങ്കുവെച്ചതിന് നന്ദി എന്നാണ് ദീപിക കുറിച്ചത്. വിഷാദരോഗത്തിലൂടെ കടന്നുപോയതിനേക്കുറിച്ചും മാനസികാരോഗ്യ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ടതിനേക്കുറിച്ചും നിരന്തരം സംസാരിക്കുന്നയാളാണ് ദീപിക. ദീപികയും വിഷയത്തില്‍ പ്രതികരിച്ചതോടെ ഉത്്കണ്ഠയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചകള്‍ നടന്നിരുന്നു.
തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പലപ്പോഴും ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. ഉത്കണഠാരോഗികള്‍ പൊതുവായ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. അമിതമായ നെഞ്ചിടിപ്പ്, ഉറക്കക്കുറവ്, ദഹനക്കേട്, തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന വെപ്രാളം, ശ്വാസതടസ്സം പാനിക് ഡിസോര്‍ഡര്‍ എന്ന അവസ്ഥ വ്യാപകമായി കാണുന്ന ഉത്കണ്ഠാ രോഗങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെയുണ്ടാകുന്ന പരവേശമാണിത്. നെഞ്ചിടിപ്പ്, കൈകാലുകള്‍ മരവിക്കുക, നെഞ്ചില്‍ ഭാരം അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങള്‍.
ഉത്കണ്ഠ നിയന്ത്രിക്കാനുള്ള കൗണ്‍സലിങ്ങും തെറാപ്പികളും ഇപ്പോള്‍ ലഭ്യമാണ്, മനസ്സിന്റെ വൈകാരിക അവസ്ഥ ക്രമീകരിക്കാന്‍ സഹായിക്കുന്ന ഉത്കണ്ഠാവിരുദ്ധ ഔഷധങ്ങളും ചിലര്‍ക്ക് നിര്‍ദേശിക്കാറുണ്ട്.
