എല്ലാം ശരിയാകുമെന്ന് പറഞ്ഞ് കൂട്ടുകാരെ ആശ്വസിപ്പിച്ചിരുന്ന ജസ്‌ലിയ, വീ മിസ് യു! കോളേജ് പഠനത്തിനൊപ്പം ഡോമിനോസിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങവേ അങ്കമാലിയിലെ കൊടുംവളവില്‍ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍; സ്‌പോര്‍ട്‌സിലും മുന്‍പന്തിയിലായിരുന്ന ആ മിടുക്കി മരണത്തിന് കീഴടങ്ങി; അവയവദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി മടക്കം
അങ്കമാലി: ഫെബ്രുവരി 28. പതിവുപോലെ ഡോമിനോസിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് രാത്രി 7.30യോടെ ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു ജസ്ലിയാ ജോണ്‍സണ്‍. റോഡിലെ വെള്ളവര കടക്കാതെ വശത്തുകൂടി പതിവുപോലെ നടത്തം. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കുടുംബത്തെ സഹായിക്കാനാണല്ലോ എടവനക്കാട് സ്വദേശിനി അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളേജിലെ ബികോം പഠനത്തിനൊപ്പം ഡോമിനോസില്‍ ജോലി നോക്കിയിരുന്നത്. പക്ഷേ, അന്ന് അവളുടെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് അങ്കമാലി ടെല്‍ക്ക് ജംഗ്ഷന് സമീപം അമിതവേഗത്തിലെത്തിയ കാര്‍ പിന്നിലൂടെ വന്ന് ദേഹത്തേക്ക് പാഞ്ഞുകയറി. സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ വെള്ളവരയും മറികടന്ന് വന്ന് ജസ്ലിയയെ ഇടിക്കുന്നത് വ്യക്തമായി കാണാം.
ടെല്‍ക്കിന് സമീപത്തെ കൊടും വളവ് കൂടെക്കൂടെ അപകടങ്ങള്‍ ഉണ്ടാകാറുള്ള സ്ഥലമാണ്, ശരിയാണ്. പക്ഷേ, അതല്ല, ആ കാറുകാര്‍ നിര്‍ത്താതെ ഓടിച്ചുപോയതാണ് ക്രൂരം. ഭാഗ്യത്തിന് അതിലെ വന്ന പട്രോളിങ് വാഹനമാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം അങ്കമാലിയിലെ സ്വകാര്യആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതോടെ ആലുവ രാജഗിരി മള്‍ട്ടി സ്പഷ്യാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍, വെന്റിലേറ്ററിലായിരുന്ന ജസ്ലിയ(19) ഇന്നുമരണത്തിന് കീഴടങ്ങി. ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജസ്ലിയയുടെ മസ്തിഷ്‌ക മരണം ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഥിരീകരിച്ചത്.
കോളേജിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ
അങ്കമാലി ടെല്‍ക്കിന് സമീപമുള്ള കൊടുംവളവില്‍ വളവില്‍ കാറിടിച്ചുവീഴ്ത്തിയത് ഒരു പെണ്‍കുട്ടിയെ മാത്രമല്ല, ഒരു നാടിന്റെയും ഒരു കോളേജിന്റെയും പ്രതീക്ഷകളെ കൂടിയാണ്. മോണിംഗ് സ്റ്റാര്‍ കോളേജിലെ സഹപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും അവള്‍ വെറുമൊരു വിദ്യാര്‍ത്ഥിനിയായിരുന്നില്ല; തളരുമ്പോള്‍ താങ്ങായിരുന്ന, തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാളിയായിരുന്നു
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തെ സഹായിക്കാനാണ് ജസ്ലിയാ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിക്ക് പോയിരുന്നത്. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന, ആത്മവിശ്വാസം നല്‍കുന്ന പ്രിയപ്പെട്ടവളായിരുന്നു അവള്‍.
മരണശേഷവും മറ്റുള്ളവരിലൂടെ
ജസ്ലിയയുടെ വിയോഗത്തിന്റെ വേദനയ്ക്കിടയിലും അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ വീട്ടുകാര്‍ സമ്മതം അറിയിച്ചു. ജാസ്ലിയയയുടെ കരള്‍, വൃക്കകള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുക. കരള്‍ ആലുവ രാജഗിരി ആശുപത്രിയിലെ രോഗിക്കും വൃക്കകള്‍ അമൃത ആശുപത്രിക്കും കോട്ടയം മെഡിക്കല്‍ കോളേജിനും, നേത്രപടലം അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിക്കും കൈമാറും
കളിമുറ്റത്തെ അത്ഭുതം; സ്‌പോര്‍ട്‌സ് പശ്ചാത്തലമില്ലാതെ യൂണിവേഴ്‌സിറ്റി താരം
2024-ല്‍ മോണിംഗ് സ്റ്റാര്‍ കോളേജില്‍ കൊമേഴ്സ് പഠിക്കാനെത്തുമ്പോള്‍ സ്‌പോര്‍ട്‌സുമായി ജസ്ലിയയ്ക്ക് വലിയ ബന്ധമൊന്നുമില്ലായിരുന്നു. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് അവള്‍ കോളേജിന്റെ അഭിമാനമായി മാറി. മോണിംഗ് സ്റ്റാര്‍ കോളേജിലെ കായിക രംഗത്ത് ഏറെ സജീവമായിരുന്നു ജസ്ലിയാ. എം.ജി യൂണിവേഴ്‌സിറ്റി യോഗ ടീമിലും കോളേജ് ഖോ ഖോ ടീമിലും അംഗമായി ജസ്ലിയാ തിളങ്ങി. കോളേജ് ടൂര്‍ണമെന്റുകള്‍ക്കായി ഫണ്ട് ശേഖരിക്കുന്നതിലും അവള്‍ മുന്‍പന്തിയിലായിരുന്നു.
എം.ജി യൂണിവേഴ്‌സിറ്റി യോഗ ടീമില്‍ അംഗമായ ജസീല, കോളേജ് രണ്ടാം സ്ഥാനം നേടിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഖോ ഖോ ടീമിലും തന്റേതായ മുദ്ര പതിപ്പിച്ച അവള്‍, അവിടെയും കോളേജിനെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
ടീമില്‍ ആളില്ലാതെ കഷ്ടപ്പെട്ടപ്പോള്‍, 'മിസ്സേ എനിക്ക് വലിക്കാന്‍ അറിയില്ല, പക്ഷെ വിഷമിക്കണ്ട ഞാന്‍ വരാം' എന്ന് പറഞ്ഞ് മുന്നോട്ടുവന്ന ആത്മവിശ്വാസമായിരുന്നു ജസീല. കോളേജ് ടൂര്‍ണമെന്റുകള്‍ക്കായി ഫണ്ട് ശേഖരിക്കാന്‍ ജസീല കാണിച്ച ആവേശം അധ്യാപകര്‍ ഇന്നും ഓര്‍ക്കുന്നു. കൂപ്പണുകള്‍ വിറ്റ് അവള്‍ സമാഹരിച്ച തുക മറ്റാരെക്കാളും വലുതായിരുന്നു. ആ തുക ഓരോന്നും അവളുടെ കഠിനാധ്വാനത്തിന്റെ വിയര്‍പ്പായിരുന്നു.
ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനിടയിലും കുടുംബത്തെ സഹായിക്കാന്‍ അവള്‍ സമയം കണ്ടെത്തി. പഠനം കഴിഞ്ഞ് ഡൊമിനോസില്‍ പാര്‍ട്ട് ടൈം ജോലിക്ക് പോയിരുന്നത് സ്വന്തം സ്വപ്നങ്ങള്‍ക്കും കുടുംബത്തിന്റെ തണലിനും വേണ്ടിയായിരുന്നു. ആ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വിധി കാറിന്റെ രൂപത്തില്‍ പാഞ്ഞെത്തിയത്.
'എല്ലാം ശരിയാകും...'
പ്രശ്‌നങ്ങളില്‍ തളരുന്നവര്‍ക്ക് 'എല്ലാം ശരിയാകും' എന്ന് പറഞ്ഞ് ആത്മവിശ്വാസം നല്‍കിയിരുന്ന ബോള്‍ഡ് ആയ പെണ്‍കുട്ടി. ആരോടും ദേഷ്യമില്ലാത്ത, എല്ലാവരെയും ഒരുപോലെ സ്‌നേഹിച്ച ജസീല സുഹൃത്തുക്കള്‍ക്ക് വെറുമൊരു കൂട്ടുകാരിയായിരുന്നില്ല, ഒരു കൂടെപ്പിറപ്പായിരുന്നു.
അതീവ ഗുരുതരമായ അവസ്ഥയില്‍ മരണത്തോട് മല്ലിടുമ്പോഴും, അവള്‍ തിരികെ വരുമെന്ന് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഒരു നാട് മുഴുവന്‍. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളെയും വിഫലമാക്കി ജസീല യാത്രയായി. കോളേജിലെ വാാട്‌സാപ് ഗ്രൂപ്പുകളില്‍ നിറയെ സന്ദേശങ്ങള്‍ വരികയാണ്:
'ജസ്ലിയാ... നീ വെറുമൊരു സുഹൃത്തായിരുന്നില്ല, ഞങ്ങളുടെ കൂടെപ്പിറപ്പായിരുന്നു. നിന്റെ ആത്മവിശ്വാസവും ആ ചിരിയും എന്നും ഞങ്ങളുടെ ഓര്‍മ്മകളില്‍ ഉണ്ടാകും. വീ മിസ് യു...'
