മകരവിളക്ക് കാണാന്‍ വിഐപി പാസുള്ള 'സ്‌പോണ്‍സര്‍മാര്‍'! ആചാരപ്പെരുമയുള്ള അമ്പലപ്പുഴ സംഘത്തെ തഴഞ്ഞു; പോലീസിന്റെ തള്ളലില്‍ സമൂഹപ്പെരിയോന് പരിക്ക്; പതിനെട്ടാം പടിയില്‍ അമ്പലപ്പുഴ പേട്ട സംഘ പ്രമുഖനെ തള്ളിയിട്ടു; സന്നിധാനത്ത് പോലീസ് അതിക്രമം; സ്വര്‍ണ്ണക്കൊള്ളയ്ക്ക് കളമൊരുക്കിയവര്‍ക്ക് 'ആചാര്യന്മാരെ' കണ്ടാല്‍ കലിയിളകുമ്പോള്‍

Update: 2026-01-14 04:12 GMT

സന്നിധാനം: മകരവളിക്ക് ദര്‍ശനത്തിന് സോപാനത്തും മറ്റും വിഐപികളെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കയറ്റുന്നത്. അല്ലാതെ ആര്‍ക്കും പ്രവേശനമില്ല. ഇങ്ങനെ സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വേണ്ടി നിലകൊള്ളുന്നവര്‍ ആചാരങ്ങള്‍ക്ക് വില കൊടുക്കുന്നില്ല. ഇതിന് തെളിവാണ് ശബരിമലയില്‍ പേട്ടതുള്ളലിന് ശേഷം സന്നിധാനത്തെത്തിയ അമ്പലപ്പുഴ യോഗം പേട്ടസംഘം സമൂഹപ്പെരിയോന്‍ എന്‍. ഗോപാലകൃഷ്ണ പിള്ളയ്ക്ക് പതിനെട്ടാംപടിയില്‍ വെച്ച് പരിക്ക്. തീര്‍ത്തും അസാധാരണമാണ് ഈ സംഭവം. മകരവിളക്കിന് ശബരിമല തിരുസന്നിധിയില്‍ സ്‌പോണ്‍സര്‍മാര്‍ മാത്രമേ ഉണ്ടാകൂ. അതും സര്‍ക്കാരിന്റെ ആഗോള സംഗമവുമായി സഹകരിച്ചവര്‍. ഇങ്ങനെ ഇഷ്ടക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നവര്‍ ആചാരപരമായി നല്‍കേണ്ട പ്രാധാന്യം അമ്പലപ്പുഴ യോഗത്തിനും നല്‍കിയില്ല. ഇതാണ് സമൂഹപ്പെരിയോന് പരിക്കുണ്ടാകാന്‍ കാരണം.

ഒന്നരലക്ഷത്തോളം പേരെങ്കിലും മകരവിളക്ക് ദര്‍ശനത്തിനെത്തുമെന്നാണ് കണക്ക്. ഇന്ന് രാവിലെ 10മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും 11മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും ഭക്തരെ കടത്തിവിടില്ല. മുന്‍കൂട്ടി പാസ് നല്‍കിയവര്‍ക്ക് മാത്രമാണ് പ്രവേശനം. ഇവരെല്ലാം സ്‌പോണ്‍സര്‍ വിഐപികളാണ്. എന്തിനാണ് ഇങ്ങനെ ആളെ കയറ്റുന്നതെന്ന് ആര്‍ക്കും അറിയില്ല. ഇതിനിടെ അമ്പലപ്പുഴ യോഗം പേട്ടസംഘം സമൂഹപ്പെരിയോന് പതിനെട്ടാം പടിയില്‍ ദുരനുഭവം ഉണ്ടാകുന്നത്.

തിരക്ക് നിയന്ത്രിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ തള്ളിയതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വീണ അദ്ദേഹത്തിന്റെ മുട്ടിനാണ് പരിക്കേറ്റത്. പോലീസിന്റെ മോശം പെരുമാറ്റത്തിനെതിരെ അദ്ദേഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ശബരിമലയില്‍ 'അയ്യപ്പകോപവും' മറ്റും വിശ്വാസികള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മകരവിളക്കിന് തലേ ദിനം സന്നിധാനത്ത് ഈ സംഭവമുണ്ടാകുന്നത്. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയിലും മറ്റും നിറയുന്ന വിശ്വാസ ചര്‍ച്ചകള്‍ക്ക് ഇതു പുതുമാനം നല്‍കും. അയ്യപ്പ വിശ്വാസം അനുസരിച്ച് പ്രാധാന്യം നല്‍കേണ്ടവരെ തഴയുന്നതിന് തെളിവായി ഇതും മാറുന്നു. ശബരിമലയില്‍ സ്‌പോണ്‍സര്‍മാര്‍ക്ക് മാത്രമായി മകരവിളിക്ക് ദര്‍ശനം സുഗമമാക്കുന്നവരാണ് അമ്പലപ്പുഴ യോഗത്തിന്റെ പ്രാധാന്യം കാണാതെ പോകുന്നത്.

പമ്പ വിളക്കും സദ്യയും പൂര്‍ത്തിയാക്കി ഇന്നലെ വൈകിട്ടോടെയാണ് അമ്പലപ്പുഴ സംഘം സന്നിധാനത്ത് എത്തിയത്. വലിയ നടപ്പന്തലില്‍ നിന്ന് ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി കയറ്റിവിട്ടിരുന്നെങ്കിലും പതിനെട്ടാംപടിക്കല്‍ എത്തിയപ്പോള്‍ തടസ്സങ്ങള്‍ നേരിട്ടു. മുകളിലേക്ക് കയറാന്‍ പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്ന് അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ നിലപാടെടുത്തു. ഇതേത്തുടര്‍ന്ന് പടിക്കല്‍ വലിയ തിരക്ക് അനുഭവപ്പെടുകയും ഭക്തരെ നിയന്ത്രിക്കാനായി പോലീസ് നടത്തിയ തള്ളലില്‍ ഗോപാലകൃഷ്ണ പിള്ള താഴെ വീഴുകയുമായിരുന്നു.

പരമ്പരാഗതമായ ആചാരപ്രകാരം എത്തുന്ന സംഘത്തോടുള്ള പോലീസിന്റെ പെരുമാറ്റം ശരിയായില്ലെന്ന് പരാതിയുണ്ട്. ആചാര വിശ്വാസങ്ങള്‍ അനുസരിച്ച് അമ്പലപ്പുഴ സംഘത്തിന് പ്രത്യേക പരിഗണന നല്‍കാറുണ്ട്. മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ഇതുവരെ 51 ലക്ഷം ഭക്തര്‍ എത്തിയതായും 420 കോടി രൂപ വരുമാനം ലഭിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ശബരിമലയില്‍ മകരവിളക് മഹോത്സവത്തോടനുബന്ധിച്ച ശുദ്ധിക്രിയകള്‍ സന്നിധാനത്ത് പൂര്‍ത്തിയായി. ഇന്ന് വൈകിട്ട് 2.45ന് നടതുറന്ന് 3.08നാണ് മകര സംക്രമപൂജ.സന്നിധാനത്ത് വലിയരീതിയിലുള്ള തീര്‍ത്ഥാടക നിയന്ത്രണമുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി 30000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗ് വഴി 5000 പേര്‍ക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം.

തിരുവാഭണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കുശേഷമേ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ.തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തും. 6.15ന് കൊടിമരച്ചുവട്ടില്‍ സ്വീകരിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേര്‍ന്ന് സ്വീകരിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. 6.30ന് നടയടച്ച് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. നടതുറക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയും.17വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാം.

നെയ്യഭിഷേകം 18 വരെയുണ്ടാകും. 18ന് മണിമണ്ഡപത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 19ന് രാത്രി 10ന് മാളികപ്പുറത്ത് വലിയ ഗുരുതി. 19ന് രാത്രി നടയടയ്ക്കും വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. 20ന് പുലര്‍ച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയശേഷം നടയടയ്ക്കും.

Tags:    

Similar News