ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും ഒപ്പം നിര്‍ത്താന്‍ ഫഡ്‌നാവിസ്; ഉദ്ധവ് ശത്രുവല്ലെന്നും പ്രഖ്യാപനം; ആര്‍എസ്എസിനെ കണ്ടുപഠിക്കണമെന്ന് ശരദ് പവാറും; മഹാവികാസ് അഘാഡിയെ പിളര്‍ത്താന്‍ ബിജെപി; ഇടഞ്ഞുനില്‍ക്കുന്ന ഏകനാഥ് ഷിന്‍ഡെയ്ക്ക് മറുപടിയായി നിര്‍ണായക രാഷ്ട്രീയ നീക്കം
മഹാവികാസ് അഘാഡിയില്‍ ഭിന്നത രൂക്ഷം
മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭ രൂപീകരണ സമയത്ത് ഇടഞ്ഞ ശിവസേന ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന് മറുപടി നല്‍കാന്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തെയും എന്‍സിപി ശരദ് പവാര്‍ വിഭാഗത്തെയും ഒപ്പം നിര്‍ത്താന്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങളുമായി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ നീക്കം. ശിവസേനാ (ഉദ്ധവ് വിഭാഗം) അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തങ്ങളുടെ ശത്രുവല്ലെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമര്‍ശം പുതിയ ചര്‍ച്ചകളിലേക്കാണ് വഴിതുറന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാഡിയിലെ ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവന്നത്.
മഹാരാഷ്ട്രയില്‍ പഞ്ചായത്ത്, കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറയാനുള്ള സാധ്യത കൂടിയാണു പരാമര്‍ശത്തിലൂടെ ബിജെപി നേതാവ് ഉദ്ദേശിച്ചിട്ടുള്ളതെന്നാണു വിലയിരുത്തല്‍. മാറ്റാന്‍ പറ്റാത്തതായി രാഷ്ട്രീയത്തില്‍ ഒന്നുമില്ല. ഉദ്ധവ് താക്കറെ നേരത്തേ ഞങ്ങളുടെ സുഹൃത്തായിരുന്നു. പിന്നീട് രാജ് താക്കറെ സുഹൃത്തായി. രാജ് സുഹൃത്തായി എന്നതുകൊണ്ട് ഉദ്ധവ് ശത്രുവാണ് എന്ന് അര്‍ഥമില്ല' എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫഡ്‌നാവിസ് പറഞ്ഞത്. ബിജെപിയുടെ മുഖമായ ഫഡ്‌നാവിസ് മുഖ്യമന്ത്രിപദം ഏറ്റെടുത്തതിനു പിന്നാലെ ഉദ്ധവ് അദ്ദേഹത്തെ സന്ദര്‍ശിച്ച് അഭിനന്ദിച്ചിരുന്നു.
ഉദ്ധവിന്റെ മകനും എംഎല്‍എയുമായ ആദിത്യ താക്കറെ ഒന്നര മാസത്തിനിടെ മൂന്നു തവണയാണ് ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കോര്‍പറേറ്റര്‍മാരടക്കം ഒട്ടേറെപ്പേരാണ് ഉദ്ധവ് വിഭാഗത്തില്‍ നിന്ന് ബിജെപിയിലേക്കും ഷിന്‍ഡെ വിഭാഗത്തിലേക്കും ചേക്കേറിയത്.
അതിനിടെ ആദര്‍ശത്തോടുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രതിബദ്ധതയും പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ഥതയും എന്‍സിപി പ്രവര്‍ത്തകര്‍ കണ്ടുപഠിക്കണമെന്നും കേഡര്‍ സംവിധാനം എന്‍സിപിയിലും ശക്തമാക്കണമെന്നുമുള്ള ശരദ് പവാറിന്റെ ആഹ്വാനവും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ദക്ഷിണ മുംബൈയില്‍ എന്‍സിപി പ്രവര്‍ത്തകരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
'ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വിജയത്തെ തുടര്‍ന്നു പ്രതിപക്ഷം അമിത ആത്മവിശ്വാസം പുലര്‍ത്തിയപ്പോള്‍ ബിജെപിയും ആര്‍എസ്എസും തങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നേറാനാണു ശ്രമിച്ചത്' പവാര്‍ കൂട്ടിച്ചേര്‍ത്തു. വ്യാജവാര്‍ത്തകളിലൂടെ ഭരണം നേടാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം ഭരണപക്ഷം തകര്‍ത്തെന്നും അതു തിരിച്ചറിഞ്ഞാണ് ശരദ് പവാര്‍ പ്രശംസിച്ചതെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു.
വരാനിരിക്കുന്ന പഞ്ചായത്ത്, കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ ശിവസേനാ (ഉദ്ധവ്) ഒറ്റയ്ക്ക് മത്സരിക്കുമെന്നും ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് ഇന്ത്യാസഖ്യത്തിന്റെ ഭാഗമാകുകയെന്നും നേതാവ് സഞ്ജയ് റാവുത്ത് അറിയിച്ചു. 'ഇന്ത്യാസഖ്യം ഇതുവരെ പൊതു കണ്‍വീനറെ തിരഞ്ഞെടുത്തിട്ടില്ല. അതു നല്ല പ്രവണതയല്ല. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു യോഗം പോലും സഖ്യം നടത്തിയിട്ടില്ല. സഖ്യത്തിലെ പ്രധാന പാര്‍ട്ടി എന്ന നിലയ്ക്ക് അത്തരമൊരു യോഗം വിളിക്കുക എന്നത് കോണ്‍ഗ്രസിന്റെ ചുമതലയായിരുന്നു' റാവുത്ത് കുറ്റപ്പെടുത്തി.
സഖ്യത്തിലെ കക്ഷികളെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് റാവുത്ത് നേരത്തേയും ആരോപിച്ചിരുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തള്ളിയ ഉദ്ധവ് വിഭാഗം എഎപിക്കാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും ഇന്ത്യാസഖ്യത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.