ധര്‍മ്മസ്ഥലയിലെ സാക്ഷി കാലുമാറിയോ? കള്ളമൊഴി കൊടുക്കയാണെന്ന് സമ്മതിച്ചതായി കന്നഡ മാധ്യമങ്ങള്‍; പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ്; പ്രചാരണം വ്യാജമെന്ന് ആക്ഷന്‍ കമ്മറ്റി; തന്റെ കൂടെ ജോലി ചെയ്ത നാലുപേരുടെയും മൊഴിയെടുക്കണമെന്നും മതം മാറിയിട്ടില്ലെന്നും സാക്ഷിയുടെ അഭിമുഖം

ധര്‍മ്മസ്ഥലയിലെ സാക്ഷി കാലുമാറിയോ?

Update: 2025-08-19 16:55 GMT

ര്‍ണ്ണാടകയിലെ പ്രശസ്തമായ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്ത്രിലെ ദുരുഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിലെ പ്രഹേളികകള്‍ തുടരുകയാണ്. അരക്കോടിയിലേറെ ചെലവിട്ട് കുഴിച്ചിട്ടും ഒന്നും കിട്ടിയില്ലെന്നും അതിനാല്‍ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളിയെ അറസ്റ്റ്ചെയ്യണമെന്നും ആവശ്യപ്പെട്ട്, വിശ്വാസികള്‍ രംഗത്തെത്തുമ്പോഴും മൊഴിയില്‍ ഉറച്ച് നില്‍ക്കയാണ് സാക്ഷി എന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. എന്നാല്‍ ഇതേ സാക്ഷി തന്നെ കാലുമാറിയെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ കന്നഡ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. എന്നാല്‍, ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി ഇത് നിഷേധിക്കയാണ്.

കള്ളക്കഥയെന്ന് സാക്ഷി പറഞ്ഞുവോ?

ക്ഷേത്രനഗരിയെ നശിപ്പിക്കാന്‍ താന്‍ നുണക്കഥ പറഞ്ഞതാണെന്ന് പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ ശുചീകരണത്തൊഴിലാളി ഒടുവില്‍ വെളിപ്പെടുത്തിയെന്നാണ് ചില കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറോളം സ്ത്രീകളുടെ മൃതദേഹം മറവുചെയ്‌തെന്നും അവരില്‍ പലരും ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്നും അതില്‍ സ്‌കൂള്‍ ബാഗ് ചുമലിലിട്ട കുട്ടികള്‍ വരെയുണ്ടായിരുന്നെന്നും താന്‍ പറഞ്ഞ കള്ളക്കഥകള്‍ എല്ലാം തന്നെ ഒരു സംഘം പഠിപ്പിച്ച നുണക്കഥകളായിരുന്നുവെന്ന് ശുചീകരണത്തൊഴിലാളി സമ്മതിച്ചുവെന്നാണ് വാര്‍ത്ത.

17 ഇടങ്ങളില്‍ കുഴിച്ചിട്ടും കാര്യമായി യാതൊന്നും കിട്ടാതായതോടെ ശുചീകരണത്തൊഴിലാളിയെ ചോദ്യം ചെയ്യുന്ന രീതി അന്വേഷണ സംഘം മാറ്റിയതോടെയാണ് താന്‍ പറഞ്ഞതെല്ലാം കള്ളക്കഥയായിരുന്നുവെന്ന് ശുചീകരണത്തൊഴിലാളി ഏറ്റുപറഞ്ഞതെന്നാണ് കന്നഡ മാധ്യമങ്ങള്‍ പറയുന്നത്. ഈ ശുചീകരണത്തൊഴിലാളി നിലവില്‍ ഹിന്ദുവല്ലെന്നും ഇവര്‍ പറയുന്നു.

കന്നഡ മാധ്യമങ്ങളിലെ വാര്‍ത്തയുടെ ചുരുക്കം ഇങ്ങനെയാണ്- 'ഇയാള്‍ പണ്ട് ദളിതനായ ഹിന്ദുവായിരുന്നു. പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയനായി ഹിന്ദു അല്ലാതായി. തന്നെ കഥ പറഞ്ഞുപഠിപ്പിച്ചത് മഹേഷ് റെഡ്ഡി തിമ്മറോഡി എന്ന ധര്‍മ്മസ്ഥലയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റാണെന്നാണ് ഇയാള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇയാള്‍ പണ്ട് ഇവിടെ പല ഭൂമിക്കച്ചവടം നടത്തിയിരുന്നതായി പറയുന്നു. എന്നാല്‍ ക്ഷേത്ര ധര്‍മ്മാധികാരി മഹേഷ് റെഡ്ഡി തിമ്മറോഡിയുടെ ഭൂമിക്കച്ചവടത്തിന് പിന്നില്‍ ക്ഷേത്രത്തിന് പങ്കില്ലെന്ന് വെളിപ്പെടുത്തിയതോടെയാണ് ക്ഷേത്രാധികാരികളും തിമ്മറോഡിയും തമ്മില്‍ തെറ്റിയതെന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ ശുചീകരണത്തൊഴിലാളിയെക്കൊണ്ട് ഇതെല്ലാം പറയിച്ചതിന് പിന്നില്‍ മതപരിവര്‍ത്തന ലോബിയ്ക്കും എന്‍ജിഒ സംഘങ്ങള്‍ക്കും ചില മുസ്ലിംസംഘടനകള്‍ക്കും പങ്കുണ്ടോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്.

വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ശക്തമായ ആരോപണം തിമ്മറോഡി ഉയര്‍ത്തിയിട്ടുണ്ട്. സിദ്ധരാമയ്യ 28 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ് മഹേഷ് റെഡ്ഡി തിമ്മറോഡി ആരോപിച്ചിരിക്കുകയാണ്.'- ഇങ്ങനെയാണ് വാര്‍ത്ത പോവുന്നത്. എന്നാല്‍ ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി ഇക്കാര്യം നിഷേധിക്കയാണ്. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലും സാക്ഷി താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കയാണ്.

സാക്ഷിയുടെ അഭിമുഖം പുറത്ത്

ധര്‍മ്മസ്ഥല കൂട്ടസംസ്‌ക്കാരത്തിലെ സാക്ഷി ഇപ്പോഴും താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കയാണ്. ഇന്ത്യാ ടുഡേക്ക് ദിവങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ അയാള്‍ പഴയകാര്യങ്ങള്‍ ആവര്‍ത്തിക്കയാണ്. കേസ് വന്നതിനുശേഷമുളള സാക്ഷിയുടെ ആദ്യ അഭിമുഖമാണിത്. എല്ലാ ശവസംസ്‌കാര നിര്‍ദ്ദേശങ്ങളും ക്ഷേത്രത്തിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് നേരിട്ട് നല്‍കുകയായിരുന്നു എന്നാണ് മുന്‍ ശുചീകരണ തൊഴിലാളി പറയുന്നത്. 'ഞങ്ങള്‍ക്ക് ഒരിക്കലും പഞ്ചായത്തില്‍ നിന്ന് ഉത്തരവുകള്‍ ലഭിച്ചില്ല. എന്തുചെയ്യണമെന്ന് ഞങ്ങളോട് പറഞ്ഞത് എപ്പോഴും ക്ഷേത്രത്തിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററായിരുന്നു,' - അയാള്‍ പറയുന്നു.

താനടക്കം നാലുപേരാണ് ശവസംസ്‌ക്കാര ടീമിലുണ്ടായിരുന്നത് എന്നു അദ്ദേഹം പറയുന്നു-'ഇവിടെ ശ്മശാനങ്ങള്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ വനങ്ങളിലും പഴയ റോഡുകളിലും, നദീതീരങ്ങള്‍ക്ക് സമീപം പോലും മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നു. ബാഹുബലി കുന്നുകളില്‍ ഒരു സ്ത്രീയെ ഞങ്ങള്‍ അടക്കം ചെയ്തു. നേത്രാവതി കുളിക്കടവില്‍ ഏകദേശം 70 മുതല്‍ 80 വരെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ട്. നാട്ടുകാര്‍ ചിലപ്പോള്‍ ശവസംസ്‌കാരങ്ങള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ഒരിക്കലും ഇടപെട്ടില്ലെന്നും അദ്ദേഹം പറയുന്നു. പല മൃതദേഹങ്ങളിലും ലൈംഗികാതിക്രമത്തിന്റെയും വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറയുന്നു.

മണ്ണൊലിപ്പ്, വനവളര്‍ച്ച, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാരണം ചില സ്ഥലങ്ങള്‍ ആകെ മാറയിരിക്കാം എന്നാണ് അയാള്‍ പറയുന്നത്. 'നേരത്തെ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഒരു പഴയ റോഡ് ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. അന്ന് വനം വിരളമായിരുന്നു; ഇപ്പോള്‍ അത് വളര്‍ന്ന് കഴിഞ്ഞു. മിക്കയിടത്തും പാറക്കൂട്ടങ്ങളായി'- അയാള്‍ പറയുന്നു.

മതം മാറിയിട്ടില്ല, ഇപ്പോഴും ഹിന്ദു

അന്വേഷണ സംഘത്തില്‍ വിസില്‍ബ്ലോവര്‍ വിശ്വാസമര്‍പ്പിച്ചെങ്കിലും അവരുടെ സമീപനത്തില്‍ നിരാശയും പ്രകടിപ്പിച്ചു. 'ഞാന്‍ എസ്ഐടിയില്‍ വിശ്വസിക്കുന്നു. പക്ഷേ അവര്‍ എന്നെ വിശ്വസിക്കുന്നതായി തോന്നുന്നില്ല. എന്റെ ഓര്‍മ്മയെ ആശ്രയിച്ച് ഞാന്‍ അവരെ ശ്മശാന സ്ഥലങ്ങള്‍ കാണിക്കാന്‍ വന്നതാണ്. പക്ഷേ വര്‍ഷങ്ങളായി മണ്ണും ഭൂമിയും വളരെയധികം മാറിയിരിക്കുന്നു. കൃത്യമായ സ്ഥലങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നു, അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ എസഐടി കൂടുതല്‍ കുഴിക്കണം.'

സ്പോട്ട് 13 ഉള്‍പ്പെടെ നാലോ അഞ്ചോ സ്ഥലങ്ങള്‍ കൂടി തിരച്ചില്‍ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.'എസ്ഐടി എന്റെ കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ വിളിക്കട്ടെ. എല്ലാവരും സത്യം പറയണം. എല്ലാവരെയും വിളിച്ചാല്‍, പ്രക്രിയ എളുപ്പത്തിലും വേഗത്തിലും ആകും.'

2012-ല്‍ ധര്‍മ്മസ്ഥലയ്ക്കടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് സൗജന്യ എന്ന 17 വയസ്സുകാരിയുടെ കൊലപാതകത്തെക്കുറിച്ചുള്ള തന്റെ അനുഭവത്തെക്കുറിച്ചും അയാള്‍ പറഞ്ഞു-'അവള്‍ കൊല്ലപ്പെട്ട രാത്രി ഞാന്‍ എവിടെയാണെന്ന് ചോദിച്ചുകൊണ്ട് എനിക്ക് കോള്‍ വന്നു. ഞാന്‍ അവധിക്ക് എന്റെ നാട്ടില്‍ എത്തിയെന്ന് പറഞ്ഞു. അവധിയെടുത്തതിന് അവര്‍ എന്നെ വരിട്ടി. അടുത്ത ദിവസം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഞാന്‍ കണ്ടു,' അയാള്‍ ഓര്‍ത്തു.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം കുറ്റബോധം കൊണ്ടാണ് സത്യം പറയുന്നതെന്നും സാക്ഷി പറയുന്നു. 'ഞാന്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ സ്വപ്നം കാണാറുണ്ടായിരുന്നു. എനിക്ക് കുറ്റബോധം തോന്നി, അതിനാല്‍ ഞാന്‍ തിരിച്ചുവന്നു'. തദേഹങ്ങളില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചതായോ ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായോ ഉള്ള ആരോപണങ്ങളും മൂന്‍ ശുചീകരണതൊഴിലാളി നിഷേധിച്ചു. ''മോഷ്ടിച്ച് ജീവിക്കേണ്ടിവന്നാല്‍, ഞാന്‍ എന്തിനാണ് ക്ഷേത്രത്തില്‍ ജോലി ചെയ്യുകയും സേവിക്കുകയും ചെയ്യേണ്ടത്? ഞാന്‍ ഒരു ഹിന്ദുവാണ്, ഒരു പട്ടികജാതിയില്‍ നിന്നുള്ളയാളാണ്,' അദ്ദേഹം പറഞ്ഞു. എന്നാല്‍ മതംമാറിയെന്നും മുസ്ലീം ആയെന്നുമാണ് സാക്ഷിയെകുറിച്ച് പലരും പ്രരിപ്പിക്കുന്നത്.

1995 നും 2014 നും ഇടയില്‍ ക്ഷേത്ര അധികൃതരുടെ ഉത്തരവനുസരിച്ച് സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരുമായ 100 ലധികം മൃതദേഹങ്ങള്‍ അടക്കം ചെയ്തതായാണ് ധര്‍മ്മസ്ഥലയിലെ മൂന്‍ ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് കുഴിച്ച് പരിശോധന നടത്തിയത്. ഇതില്‍ എത്ര മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയെന്നൊന്നും എസ്ഐടി ഒരു വിവരവും നല്‍കുന്നില്ല.

Tags:    

Similar News