രാത്രി ജയിലിലെത്തി തടവുകാരെ കണ്ട് ഡീല്‍ ഉറപ്പിക്കും; സെല്ലിനുള്ളില്‍ ലഹരി ഉപയോഗിക്കാനടക്കം അനുമതി; പരോളിനും പണം; അക്കൗണ്ടിലേക്ക് വന്നത് ലക്ഷങ്ങള്‍; സിപിഎമ്മിന്റെ സ്വന്തക്കാരന്‍; കൊടി സുനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ജയില്‍ ഡിഐജി വിനോദ് കുമാര്‍ ഒരു ചെറിയ മീനല്ല!
രാത്രി ജയിലിലെത്തി തടവുകാരെ കണ്ട് ഡീല്‍ ഉറപ്പിക്കും
കോഴിക്കോട്: രാത്രി തടവുകാരെ തുറന്നുവിട്ട് മോഷണം നടത്തി അതിന്റെ വിഹിതം പറ്റുന്ന പൊലീസുകാരെയും, ജയില്‍ സൂപ്രണ്ടുമാരെയുമൊക്കെ നാം സിനിമകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാല്‍ ഇപ്പോള്‍, കൊടി സുനിയില്‍നിന്ന് കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ വിജിലന്‍സ് കേസെടുത്ത, ജയില്‍ ഡിഐജി എം കെ വിനോദ്കുമാറിന്റെ പേരില്‍ ഇനി വരാന്‍ ബാക്കിയുള്ളത്, തടവുകാരെ തുറന്ന് വിട്ട് കക്കാന്‍ കൊണ്ടുപോവുക എന്ന ആരോപണം മാത്രമാണ്! ജയിലിനുള്ളിലേക്ക് ലഹരിമരുന്ന് കടത്താന്‍ പണം വാങ്ങി കൂട്ടുനില്‍ക്കുക, അനധികൃത പരോള്‍ അനുവദിക്കുക, ജയിലിലെ കേസുകള്‍ തേച്ച് മാച്ച് കളയുക തുടങ്ങിയവയൊക്കെയും ഇയാളുടെപേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരോപണമായുണ്ട്.
എന്നാല്‍ സിപിഎമ്മുമായി ഒക്കെയുള്ള നല്ല ബന്ധങ്ങള്‍ കാരണം ഇയാള്‍ പിടിക്കപ്പെടാതെ പോവുകയായിരുന്നു. എന്നാല്‍, വിരമിക്കാന്‍ നാലുമാസം മാത്രം അവശേഷിക്കേ ഇപ്പോള്‍ വിനോദ് കുമാറിന് പൂട്ട് വീണിരിക്കയാണ്. വിനോദ് കുമാറിനെതിരായ അഴിമതികേസില്‍ ആഭ്യന്തര സെക്രട്ടറിക്ക് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് ഗുരുതരമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ സസ്പെന്‍ഷനും ശുപാര്‍ശയുണ്ട്.
രാത്രിയിലെ ജയില്‍ സന്ദര്‍ശനം എന്തിന്?
വിനോദ്കുമാര്‍ അധികാര പരിധിക്ക് പുറത്തുള്ള ജയിലുകളില്‍ അനധികൃത സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ആരോപണമുണ്ട്. രാത്രികാല സന്ദര്‍ശനങ്ങള്‍ പലതും തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങാനെന്നാണ് സംശയം. ഇക്കാര്യം ചൂണ്ടിക്കാട്ടി മറ്റ് ഡിഐജിമാര്‍ നല്‍കിയ റിപ്പോര്‍ട്ട് ജയില്‍ മേധാവി പൂഴ്ത്തിയതായം ആരോപമുണ്ട്. വിനോദ് കുമാര്‍ സി.പി.എമ്മിന്റെ പിന്തുണയുള്ള ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്. ഇതിന്റെ മറപിടിച്ചാണ് കൈക്കൂലി ഇടപാടും, ക്രിമിനലുകള്‍ക്ക് ലഹരി എത്തിച്ചതടക്കമുള്ള മറ്റ് വഴിവിട്ട ഇടപാടുകളും. ജയില്‍ ആസ്ഥാനത്തെ ഡിഐജിക്ക് മറ്റ് ജയിലുകള്‍ സന്ദര്‍ശിക്കാനോ പരിശോധിക്കാനോ അധികാരമില്ല.പക്ഷെ വിനോദ് 2022ല്‍ മൂവാറ്റുപുഴ, പൊന്‍കുന്നം, കോട്ടയം സബ് ജയിലുകളില്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ സന്ദര്‍ശിച്ചു. പലതും രാത്രികളില്‍. ജയിലിലെത്തും ചില തടവുകാരെ കാണും അരമണിക്കൂര്‍ കൊണ്ട് തിരികെ പോകും. ഈ നടപടി ചട്ടലംഘനവും സംശയാസ്പദവുമാണെന്ന് അന്ന് തന്നെ മറ്റ് ഡി.ഐ.ജിമാര്‍ ചൂണ്ടിക്കാട്ടി.
മധ്യമേഖല ഡി.ഐ.ജിയായിരുന്ന പി.അജയകുമാര്‍ ഇതു സംബന്ധിച്ച് ജയില്‍ മേധാവിക്ക് കത്ത് നല്‍കിയിരുന്നു. മൂന്നുവട്ടം അദ്ദേഹം വിനോദിന്റെ വഴിവിട്ട ഇടപാട് ചൂണ്ടിക്കാണിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. ഈ സന്ദര്‍ശനങ്ങളെല്ലാം തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങാനുള്ള യാത്രയായിരുന്നൂവെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. ഇതൂകൂടാതെ സെല്ലിനുള്ളില്‍ ലഹരി ഉപയോഗിക്കാനുള്ള അനുമതി നല്‍കാമെന്ന പേരിലും വിനോദ്കുമാര്‍ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തല്‍. എ.ഡി.ജി.പി കഴിഞ്ഞാല്‍ തൊട്ടടുത്ത പ്രധാന പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി വിനോദ് കുമാര്‍. കേസെടുത്ത പശ്ചാത്തലത്തില്‍ നടപടിയുണ്ടാകും. സസ്‌പെന്‍ഷന്‍ നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പൂജപ്പുര വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
വിയ്യൂര്‍ ജയിലിലെ തടവുകാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കി പണം വാങ്ങിയതില്‍ വിജിലന്‍സിന് തെളിവ് ലഭിച്ചു. തെക്കന്‍ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടില്‍ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിനും തെളിവ് ലഭിച്ചു. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്
അക്കൗണ്ടിലെത്തിയത് ലക്ഷങ്ങള്‍
കൊടി സുനി അടക്കം ടിപി കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കാനും ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. തടവില്‍ നിന്നും കൊടി സുനിയുടെ ക്വട്ടേഷന്റെ തെളിവുകള്‍ നശിപ്പിക്കാനും വിനോദ് കുമാര്‍ കൂട്ടുനിന്നു.
കൊടി സുനിയെ നിരന്തരമായി ജയിലില്‍ സന്ദര്‍ശിക്കുന്ന കൂട്ടാളിയുടെ അക്കൗണ്ടില്‍ നിന്നാണ് കൈക്കൂലി വിനോദ് കുമാറിന് കൈമാറിയത്. ജയിലില്‍ നിന്നും ഡിഐജിയെ അണ്ണന്‍ സിജിത്ത് വിളിച്ചു. പരോളിന് പുറത്തിറങ്ങിയതിന് പിന്നാലെ ഗൂഗിള്‍ പേ വഴിയും പണവും കൈമാറിയത്. കൊച്ചിയിലെ ക്വട്ടേഷന്‍ സംഘത്തിപ്പെട്ട റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് സൗകര്യമൊരുക്കാനും പണം വാങ്ങി. ലഹരിക്കേസില്‍ ജയില്‍ ശിക്ഷ അനുവഭിക്കുന്നയാളില്‍ നിന്നും പണം വാങ്ങി. അങ്ങനെ ഒരു മാസം മാത്രം അക്കൗണ്ടിലേക്ക് ശമ്പളം കൂടാതെ വന്നിരിക്കുന്ന 35 ലക്ഷം രൂപയാണെന്ന് വിജിലന്‍സ് കണ്ടെത്തി. ഭാര്യയുടെ അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നത് 40,80,000 രൂപ.
പണം വാങ്ങി ചട്ടവിരുദ്ധമായി പരോളുകള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ വഴിയും പണം വാങ്ങിയിട്ടുണ്ട്. ഇയാളുടെ മൊഴിയും ഒരു ജയില്‍ സൂപ്രണ്ടിന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി. കൊടി സുനിക്ക് എം.കെ വിനോദ് കുമാറിന്റെ സംരക്ഷണം കിട്ടുന്നത് ഇത് ആദ്യമല്ല. ജയിലില്‍ കിടന്ന് കൊച്ചിയിലെ ഗുണ്ടാ സംഘത്തിന് സുനി ക്വട്ടേഷന്‍ നല്‍കിയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വിയ്യൂര്‍ ജയിലില്‍ നിന്നും സുനി വിളിച്ച ഫോണ്‍ പിടിച്ചെടുക്കാന്‍ അന്ന് വിയ്യൂര്‍ ജയില്‍ സൂപ്രണ്ടായിരുന്ന വിനോദ് കുമാറിനോട് ജയില്‍ മേധാവിയായിരുന്ന ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടു.
ഫോണ്‍ പിടിച്ചെടുന്നതിന് പകരം ഫോണ്‍ മുക്കി.
ഇതില്‍ വിനോദിനോട് ജയില്‍മേധാവി വിശദീകരണം ചോദിച്ചുവെങ്കിലും ഉന്നത സമര്‍ദ്ദം മൂലം തുടര്‍നടപടികള്‍ മരവിപ്പിച്ചു. ഫോണ്‍ പുറത്തുവന്നിരുന്നുവെങ്കിലും പല ഉന്നത ബന്ധങ്ങളും പുറത്തുപോകുമെന്നുള്ളതുകൊണ്ടാണ് ഭരണനേതൃത്വവുമായി ബന്ധമുള്ള വിനോദ് കുമാര്‍ തൊണ്ടി നശിപ്പിച്ചതെന്ന ആരോപണം അന്നേ ജയില്‍വകുപ്പിലുണ്ട്. ആലപ്പുഴയിലെയും കണ്ണൂരിലെയും സിപിഎം നേതാക്കളുമായി നല്ല അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് വിനോദ് കുമാര്‍. പരോളിന് കൈക്കൂലി വാങ്ങുന്നതായും ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതായും വിനോദിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജന്‍സാണ് വിജിലന്‍സിന് വിവരങ്ങള്‍ കൈമാറിയത്.
ലഹരി കേസുകളിലടക്കം പ്രതികളായവര്‍ക്ക് പെട്ടെന്ന് പരോള്‍ കിട്ടാന്‍ ഇടപെടാമെന്ന് പറഞ്ഞാണ് പണം വാങ്ങുന്നത്. ഗൂഗിള്‍ പേ വഴി വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തി. സ്ഥലം മാറ്റത്തിന് ഉദ്യോഗസ്ഥരില്‍നിന്ന് പണം വാങ്ങാറുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കേസെടുത്തത്. മുമ്പും പല കേസുകളിലും വിനോദ് കുമാര്‍ ആരോപണവിധേയനായിട്ടുണ്ട്. രണ്ടുവട്ടം സസ്പെന്‍ഷനിലായി. സംസ്ഥാനത്തെ മുഴുവന്‍ ജയിലിന്റെയും ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടായിരുന്നപ്പോള്‍ സസ്‌പെന്‍ഷന്‍ നേരിട്ട ആളാണ് വിനോദ് കുമാര്‍. ടിപി കേസിലെ പ്രതികള്‍ക്ക് വിയ്യൂരില്‍ വഴിവിട്ട സൗകര്യങ്ങളൊരുക്കിയതിനാണ് രണ്ടാമത്തെ സസ്‌പെന്‍ഷന്‍. വകുപ്പതല അന്വേഷണങ്ങളെല്ലാം ഒതുക്കി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡിഐജിയായ ഉയര്‍ത്തിയ വിനോദ് കുമാറിനെ ജയില്‍ ആസ്ഥാനത്ത് നിയമിച്ചു. നിരവധി പരാതികള്‍ വന്നപ്പോഴും, ജോലിയില്‍ വീഴ്ച വരുത്തിയിപ്പോഴും ഡിഐജിയെ ജയില്‍ ആസ്ഥാനത്തുമാറ്റണമെന്ന് ജയില്‍ മേധാവിമാര്‍ ആഭ്യന്തരവകുപ്പിനോട് പല ആവശ്യപ്പെട്ടുവെങ്കിലും ഉദ്യോഗസ്ഥന് സംരക്ഷണം നല്‍കുകയായിരുന്നു.
