ഡിജിറ്റല്‍ അറസ്റ്റ് കേസുകളില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്; ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കണം; ആവശ്യമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടാം; അന്വേഷണത്തില്‍ സിബിഐയോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളോട് ചീഫ് ജസ്റ്റിസ്
ഡിജിറ്റല്‍ അറസ്റ്റ് കേസുകളില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്;
ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകള്‍ വ്യാപകമാകുമ്പോള്‍ ശക്തമായ നടപടിക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കേസുകളില്‍ അന്വേഷണം നടത്താനാണ് കോടതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ കേന്ദ്ര ഏജന്‍സിയുടെ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ നിക്ഷേപം നടത്തിയാല്‍ കൂടുതല്‍ നേട്ടം, പാര്‍ട്ട് ടൈം ജോലി എന്നിങ്ങനെയുള്ള പേരുകളില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചും സിബിഐ അന്വേഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഡിജിറ്റല്‍ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട് നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇത്തരം കേസുകളില്‍ അന്വേഷണം നടത്താന്‍ സംസ്ഥാനങ്ങള്‍ സിബിഐയ്ക്ക് അനുമതി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന കേസുകളില്‍ അഴിമതി നിരോധന നിയമപ്രകാരം ബാങ്കര്‍മാരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐക്ക് സ്വതന്ത്രമായ അധികാരം ഉണ്ടായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ആവശ്യമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തിന് വെളിയിലേക്ക് പോകാനും സിബിഐയ്ക്ക് അനുമതി നല്‍കി. അന്വേഷണ സമയത്ത് സിബിഐയോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. കൃത്രിമബുദ്ധിയും മെഷീന്‍ ലേണിങ് ടൂളുകളും ഉപയോഗിച്ച് അത്തരം അക്കൗണ്ടുകള്‍ തിരിച്ചറിയാനും കുറ്റകൃത്യങ്ങളിലൂടെ നേടിയ വരുമാനം മരവിപ്പിക്കാനും എപ്പോള്‍ കഴിയുമെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി റിസര്‍വ് ബാങ്കിന്റെ സഹായം തേടി.
'ഡിജിറ്റല്‍ അറസ്റ്റ്' എന്നത് ഒരു സൈബര്‍ തട്ടിപ്പാണ്. അതില്‍ നിയമപാലകരായി വേഷമിട്ട് എത്തുന്ന തട്ടിപ്പുകാര്‍ ഓഡിയോ അല്ലെങ്കില്‍ വിഡിയോ കോളുകള്‍ വഴി ഇരകളെ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ഭയം സൃഷ്ടിച്ച് ഇര അറസ്റ്റിലാണെന്നും നിയമനടപടികളോ തടങ്കലോ ഒഴിവാക്കാന്‍ പണം കൈമാറണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്.
നേരത്തെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ വഴി 3,000 കോടിയിലധികം രൂപ ആളുകള്‍ക്ക് നഷ്ടമായതായി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് എത്തിയിരുന്നു. മുതിര്‍ന്ന പൗരന്മാരാണ് കൂടുതലും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയായിട്ടുള്ളതെന്നും സുപ്രീം കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ചാണ് ഡിജിറ്റല്‍ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകള്‍ സുപ്രീം കോടതി പങ്കുവെച്ചത്.
ഡിജിറ്റല്‍ അറസ്റ്റ് കേസുകള്‍ വളരെ വെല്ലുവിളി നിറഞ്ഞ പ്രശ്നമാണെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നതായി ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. വിചാരിച്ചതിനേക്കാളും വളരെ കൂടുതലാണ് കേസുകളുടെ വ്യാപ്തിയെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു. യിരിക്കുമെന്നും ജസ്റ്റിസ് കാന്ത് ചോദിച്ചു.
