ആശുപത്രി വാസത്തിന്റെ വ്യാജ രേഖയില്‍ തെളിയുന്നത് അസ്വാഭാവികത; പണമിടപാടിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അപ്പീല്‍ കാലത്ത് നിര്‍ണ്ണായകമാകും; കൂട്ടബലാത്സംഗത്തിന് ക്വട്ടേഷന്‍ എന്നതിന് തെളിവ് വീഡിയോ ചിത്രീകരണവും; മാഡത്തിന് കൈവിലങ്ങ് വീഴാത്തത് തിരിച്ചടിയായി; അപ്പീലില്‍ പ്രതീക്ഷകള്‍ ഏറെ; ദിലീപ് സമ്പൂര്‍ണ്ണ ആത്മവിശ്വാസത്തില്‍

Update: 2025-12-09 01:23 GMT

കൊച്ചി: സ്ത്രീകള്‍ക്കു നേരേ നടന്ന അതിക്രമക്കേസുകളില്‍ കൂട്ടബലാത്സംഗത്തിനു ക്വട്ടേഷന്‍ നല്‍കിയെന്ന അപൂര്‍വമായ കുറ്റം ആരോപിക്കപ്പെട്ട നടി ആക്രമണക്കേസില്‍ വിധിയിലേക്ക് കാര്യങ്ങളെത്തുമ്പോഴും ഉയരുന്നത് നിരവധി ചോദ്യങ്ങള്‍. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിചാരണ കോടതി വിധിയോടെ ദിലീപ് സമ്പൂര്‍ണ്ണ ആത്മവിശ്വാസത്തിലാകുകയാണ്. ഏത് കോടതിയിലും തന്റെ ഭാഗം ജയിക്കുമെന്ന വിലയിരുത്തലിലാണ് ദിലീപ്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നതും ഇത് ഒന്നാംപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനു കൈമാറിയെന്നുമുള്ള പോലീസിന്റെ കണ്ടെത്തല്‍ കേസിലെ ഗൂഢാലോചനയ്ക്കുള്ള കൃത്യമായ തെളിവാണ്. ഈ ദിവസങ്ങളില്‍ ദിലീപ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്നും വരുത്തി തീര്‍ത്തു. ഇതിനായി വ്യാജ രേഖകള്‍ ഉണ്ടാക്കി. ആശുപത്രിയിലെ ഈ വ്യാജ രേഖകള്‍ അടക്കം പ്രോസിക്യൂഷന്‍ ചര്‍ച്ചയാക്കി. പക്ഷേ ഇതൊന്നും അന്തിമ വിധിയില്‍ പ്രതിഫലിച്ചില്ല. പള്‍സറിന്റെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ വഴിയാണ് ദൃശ്യങ്ങള്‍ ദിലീപിനു നല്‍കിയതെന്ന് പോലീസിന്റെ അന്വേഷണറിപ്പോര്‍ട്ടിലുമുണ്ട്. ഇതിന് ഒന്നരക്കോടി രൂപയാണു പ്രതിഫലം നിശ്ചയിച്ചത്. കൃത്യത്തിനുശേഷം കേസായാല്‍ നിയമനടപടികള്‍ക്കായി മൂന്നര കോടിയും നല്‍കാമെന്ന ഉറപ്പും ഉണ്ടായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

നടി ആക്രമണക്കേസില്‍ 2017 ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 84 ദിവസം ജയില്‍ശിക്ഷ അനുഭവിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ആ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് പുറത്തിറങ്ങിയത്. ഏഴര വര്‍ഷത്തോളം വിചാരണത്തടവിലായിരുന്ന ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണു പുറത്തിറങ്ങാനായത്. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സുനിയുടെ ജാമ്യം. ഇതു കഴിഞ്ഞുള്ള ശിക്ഷാകാലം പള്‍സര്‍ സുനിയ്ക്ക് ഇനി ജയിലില്‍ കിടന്നാല്‍ മതി. ക്രിമിനല്‍ ഗൂഢാലോചനയ്ക്കു നേരിട്ട് തെളിവുകളുള്ള കേസാണിത്. രേഖാപരവും ഡിജിറ്റലും ശാസ്ത്രീയവുമായ തെളിവുകള്‍ ഇതിലുണ്ട്. നടിയെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രതികള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് എന്ന ചോദ്യം പ്രസക്തമാണ്. നിങ്ങളെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കിട്ടിയിട്ടുണ്ടെന്ന് പ്രതികള്‍ ഇരയോടു പറഞ്ഞതിനും തെളിവുണ്ട്. ഇത് മാഡത്തിന്റെ ക്വട്ടേഷന്‍ ആണെന്നും പറയുന്നു. ഈ മാഡം മറഞ്ഞിരിക്കുന്നതാണ് ഗൂഡാലോചന വാദത്തെ അപ്രസക്തമാക്കുന്നത്.

2015ല്‍ പള്‍സര്‍ സുനിക്ക് 1.10 ലക്ഷം രൂപയും കേസിലെ പ്രധാന സാക്ഷികളിലൊരാളായ നടന്‍ നാദിര്‍ഷാ വഴി 30,000 രൂപയും ദിലീപ് കൈമാറിയതിന്റെ തെളിവുകള്‍ കിട്ടിയതാണ്. ഇതു ക്വട്ടേഷന്‍ പണമിടപാടുകളുടെ അഡ്വാന്‍സ് ആണെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇത്തരം കാര്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകളും കോടതിയ്ക്ക് മുന്നിലെത്തി. അപ്പീല്‍ ഘട്ടത്തില്‍ ഇതെല്ലാം ചര്‍ച്ചയാകും. പ്രതികള്‍ നടത്തിയ ആക്രമണം അവര്‍ തന്നെ വീഡിയോയില്‍ പകര്‍ത്തിയത് തങ്ങളെ അതിനു നിയോഗിച്ചവര്‍ക്ക് കൈമാറാനാണെന്ന് വ്യക്തമാണ്. മാഡത്തെ കുറിച്ച് ഇരയോടും പള്‍സര്‍ പറഞ്ഞു. ഈ മാഡത്തെ കണ്ടെത്താത്തതു കൊണ്ടു മാത്രമാണ് കേസില്‍ ദിലീപ് അടക്കം കുറ്റവിമുക്തരായത്.

ആക്രമണദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ടതിലെ ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ഇക്കാര്യവും അപ്പീല്‍ കാലത്ത് ചര്‍ച്ചയാകും.

Similar News