കെ പി ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; മാറ്റം കൊല്ലം വിജിലന്‍സ് കോടതി നിര്‍ദ്ദേശപ്രകാരം; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം
ശങ്കരദാസിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ നേതാവുമായ കെ.പി. ശങ്കരദാസിനെ (85) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി.എസ്. മോഹിത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മാറ്റിയത്.
ഹൃദയാഘാത സാധ്യതയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്ന ശങ്കരദാസിനെ 12 ദിവസത്തേക്കാണ് വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. നിലവില്‍ ലഭിച്ചിരുന്ന ചികിത്സാ സൗകര്യങ്ങള്‍ അതേപടി മെഡിക്കല്‍ കോളേജില്‍ ലഭ്യമാക്കണമെന്ന് ജഡ്ജി നിര്‍ദ്ദേശം നല്‍കിയിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായും കടുത്ത പക്ഷാഘാതമുണ്ടായെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. മാനസിക സമ്മര്‍ദം പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന ബന്ധുക്കളുടെ ആശങ്കയും കോടതി പരിഗണിച്ചു. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശങ്കരദാസിനെ പിന്നീട് ഹൃദ്രോഗ വിഭാഗത്തിലേക്ക് മാറ്റി.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ 11-ാം പ്രതിയായ കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിനെയും ആശുപത്രിവാസം നീളുന്നതിനെയും ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മകന്‍ എസ്.പി. ആയതുകൊണ്ടാണ് ശങ്കരദാസ് ആശുപത്രിയില്‍ തുടരുന്നതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഇതിനുപിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ബുധനാഴ്ച രാത്രി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി. ശശിധരനാണ് ആശുപത്രിയിലെത്തി അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. കൂടുതല്‍ ചോദ്യം ചെയ്യാനായി ഒരു ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ വിജയകുമാറിനെ കസ്റ്റഡിയില്‍ ലഭിച്ചത്. 2019-ല്‍ എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ദേവസ്വം ബോര്‍ഡ് ഭരണസമിതിയിലെ സി.പി.എം. പ്രതിനിധിയായിരുന്നു എന്‍. വിജയകുമാര്‍. എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത് പത്മകുമാറായിരുന്നു എന്നും മിനിറ്റ്സ് തിരുത്തിയത് അറിഞ്ഞില്ലെന്നുമാണ് വിജയകുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കോടതി ഇനി പരിഗണിക്കും.
