കൂട്ടബലാത്സംഗക്കേസുകളില്‍ ഒരാള്‍ കുറ്റം ചെയ്താല്‍ ആ കൂട്ടത്തിലുള്ള എല്ലാവരും അതേ കുറ്റം ചെയ്തവരാകും; അത് പൊതു ഉദ്ദേശത്തിലാണ് എല്ലാവരും പ്രവര്‍ത്തിച്ചതെന്ന നിയമ തത്വം; 'പ്രവേശിത ലൈംഗികാതിക്രമം' നടത്തിയില്ലെന്നത് ശിക്ഷ കുറക്കില്ല; ക്വട്ടേഷന്‍ നല്‍കിയര്‍ക്കും ഇനി രക്ഷയില്ല; നടിയെ ആക്രമിച്ച കേസിലെ ശിക്ഷയെ ഈ സുപ്രീംകോടതി വിധി സ്വാധീനിക്കുമോ?

Update: 2025-05-03 07:49 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി വരാനിരിക്കെ സുപ്രീംകോടതിയില്‍ നിന്നും മറ്റൊരു കേസിലെ നിര്‍ണ്ണായക ഉത്തരവ്. ആലുവ കോടതിയില്‍ നിന്നും നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ ഇതും നിര്‍ണ്ണായകമാകും. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെല്ലാം ശിക്ഷ ഉറപ്പാവുകയാണ്. കൂട്ടബലാത്സംഗക്കേസുകളില്‍ ലൈംഗിക പീഡനം നടത്തിയത് ഒരാളാണെങ്കിലും സംഘത്തിലെ മറ്റുള്ളവരെയും ശിക്ഷിക്കാമെന്ന് സുപ്രീംകോടതി. ഐപിസി 376(2) (ജി) വകുപ്പ് പ്രകാരം കൂട്ടബലാത്സംഗക്കേസുകളില്‍ ഒരാള്‍ കുറ്റം ചെയ്താല്‍ ആ കൂട്ടത്തിലുള്ള എല്ലാവരും കുറ്റക്കാരാകും. പൊതുഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൂട്ടത്തില്‍ എല്ലാവരും പ്രവര്‍ത്തിച്ചതെന്ന നിയമതത്ത്വമാണ് ഇതിന് അടിസ്ഥാനം ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

2004ല്‍ മധ്യപ്രദേശിലെ കട്നി ജില്ലയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ വിചാരണക്കോടതിയും ഹൈക്കോടതിയും രണ്ടുപ്രതികളെ കൂട്ടബലാത്സംഗക്കുറ്റത്തിന് ശിക്ഷിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ശിക്ഷിക്കപ്പെട്ട പ്രതി സുപ്രീംകോടതിയെ സമീപിച്ചു. താന്‍ 'പ്രവേശിത ലൈംഗികാതിക്രമം' നടത്തിയിട്ടില്ലെന്നും അതുകൊണ്ട് കൂട്ടബലാത്സംഗ കുറ്റം ചുമത്താനാകില്ലെന്നുമുള്ള വാദമാണ് പ്രതി ഉന്നയിച്ചത്. എന്നാല്‍, ലൈംഗികാതിക്രമം നടത്തുകയെന്ന ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ പ്രതികള്‍ ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ഇതേ ആരോപണമാണ് നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ബലാത്സംഗത്തെ കുറിച്ച് അറിയാമെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എല്ലാവര്‍ക്കും ഈ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കടുത്ത ശിക്ഷ ലങിക്കാന്‍ ഇടയുണ്ട്.

കൂട്ടബലാത്സംഗക്കേസുകളില്‍ ഒരോ പ്രതിയും പീഡിപ്പിച്ചതിന്റെ തെളിവുകള്‍ പ്രത്യേകം ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ല. ഒന്നോ അതിലധികമോ കുറ്റവാളികള്‍ ഒരേ ഉദ്ദേശത്തോടെ കുറ്റകൃത്യം ചെയ്താല്‍ കുറ്റകൃത്യത്തിന്റെ കൂട്ടുത്തരവാദിത്വത്തിന്റെ പേരില്‍ ഒരോരുത്തരും ശിക്ഷാര്‍ഹരാണെന്നും സുപ്രീംകോടതി വിശദീകരിച്ചു. നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായിരുന്നു. വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് അടുത്ത മാസം 21ന് പരിഗണിക്കും. അതിന് ശേഷം വിചാരണകോടതി കേസ് വിധിപറയാന്‍ മാറ്റും. ഏഴുവര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ ഒടുവിലാണ് നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയാകുന്നത്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദമാണ് ആദ്യം പൂര്‍ത്തിയായത്. പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂര്‍ത്തിയാക്കി. നേരത്തെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.

വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി. വാദം പൂര്‍ത്തിയായതോടെ ഇനി ഏറെപ്രമാദമായ കേസില്‍ വിധിയും അധികം വൈകാതെ ഉണ്ടാകും. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ ഒന്‍പത് പ്രതികളാണ് കേസിലുള്ളത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. വിചാരണ നീണ്ടതോടെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നീളുന്നതില്‍ വലിയ വിമര്‍ശനമാണ് വിചാരണ കോടതിക്ക് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതില്‍ വിധി വരാന്‍ ഇരിക്കെയാണ് സുപ്രീംകോടതിയുടെ കൂട്ട ബലാത്സംഗ കേസിലെ പുതിയ നിരീക്ഷണം എത്തുന്നത്.

Tags:    

Similar News