നടിയെ തട്ടിക്കൊണ്ടു പോകുന്നതിന് മൂന്നു ദിവസം മുന്‍പേ പനി ബാധിച്ച് ആലുവായിലെ ആശുപത്രിയില്‍ ദിലീപ് അഡ്മിറ്റായതായി രേഖ; ഡോക്ടര്‍ പറഞ്ഞ പ്രകാരം പിന്നീട് എഴുതി തയ്യാറാക്കിയതാണെന്ന് ആശുപത്രി ജീവനക്കാരിയുടെ മൊഴിയും; അപ്പുണ്ണിയുടെ ടവര്‍ ലൊക്കേഷനും നിര്‍ണ്ണായകമാകും; അപ്പീലില്‍ ജയിക്കാന്‍ സാധ്യത കൂടുതല്‍; സുപ്രീംകോടതിയിലെ പ്രമുഖന്‍ അതിജീവിതയ്ക്ക് വേണ്ടി വാദിക്കാന്‍ എത്തും

Update: 2025-12-10 06:54 GMT

കൊച്ചി: കേരളത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ വാദങ്ങളെ നിഷേധിച്ചുകൊണ്ട് ശക്തമായ തെളിവുകള്‍ നിരത്തി അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി പ്രോസിക്യൂഷന്‍. കേസില്‍ നിര്‍ണായകമാകുന്നതും ദിലീപിന്റെ നിരപരാധിത്വ വാദങ്ങളെ ചോദ്യം ചെയ്യുന്നതുമായ ഒട്ടേറെ തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയുടെ മുന്നില്‍ വയ്ക്കുക. ഇവയുടെ അടിസ്ഥാനത്തില്‍, വിചാരണക്കോടതിയുടെ കണ്ടെത്തലുകള്‍ ചോദ്യം ചെയ്യാനും കേസില്‍ നീതി ഉറപ്പാക്കാനുമാണ് പ്രോസിക്യൂഷന്റെ നീക്കം. അതിനിടെ അപ്പീല്‍ വാദത്തില്‍ അതിജീവിതയ്ക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എത്തിയേക്കും. ഇതിനുള്ള നിയമ നീക്കങ്ങള്‍ അതിജീവിത തുടങ്ങി കഴിഞ്ഞു.

ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം, സംഭവദിവസം ദിലീപിന്റെ ഫോണ്‍ ഉപയോഗത്തിലുണ്ടായ അസ്വാഭാവികതകള്‍, നിര്‍ണായക മൊഴികളിലെ വൈരുദ്ധ്യങ്ങള്‍, സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെല്ലാം പ്രോസിക്യൂഷന്‍ അപ്പീലില്‍ പ്രധാന വിഷയങ്ങളാക്കി ഉയര്‍ത്തും. സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രങ്ങള്‍: ബന്ധം സ്ഥാപിക്കാന്‍ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് സ്ഥാപിക്കുന്നതിലൂടെയാണ് പ്രോസിക്യൂഷന്‍ തങ്ങളുടെ വാദങ്ങള്‍ ആരംഭിക്കുന്നത്. സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, തൃശ്ശൂരിലെ ടെന്നീസ് അക്കാദമിയിലും സിനിമാ ലൊക്കേഷനിലുമായി സുനി ദിലീപിനോടൊപ്പം ഒരേ സമയത്തുണ്ടായിരുന്നതിന്റെ ഫോട്ടോ തെളിവായി ഹാജരാക്കും. ദിലീപിന്റെ കാരവന്റെ സമീപം പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രവും പ്രോസിക്യൂഷന്റെ കൈവശമുണ്ട്. നേരിട്ട് പരിചയമില്ലെന്ന ദിലീപിന്റെ വാദത്തെ തകര്‍ക്കാന്‍ ഈ ചിത്രങ്ങള്‍ നിര്‍ണായകമായേക്കും.

നടിയെ തട്ടിക്കൊണ്ടുപോയ 2017 ഫെബ്രുവരി 17-ലെ ദിലീപിന്റെ ഫോണ്‍ ഉപയോഗരീതിയിലെ അസ്വാഭാവികത പ്രോസിക്യൂഷന്‍ എടുത്തുപറയും. സംഭവദിവസം രാവിലെ 11-ന് സ്വിച്ച് ഓഫ് ചെയ്ത ദിലീപിന്റെ ഫോണ്‍ പിന്നീട് ഓണ്‍ ചെയ്യുന്നത് രാത്രി 9.30-നാണ്. നിര്‍ണായകമായ ഈ സമയദൈര്‍ഘ്യത്തിലെ ഫോണ്‍ സ്വിച്ച് ഓഫ് നില ദിലീപിന്റെ അറിവോടു കൂടിയുള്ള നീക്കമാണോ എന്ന് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യുന്നു. ഇതിനിടെ, ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം രാത്രി ഒന്‍പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ്. നടിയെ തട്ടിക്കൊണ്ടുപോയ സമയത്തെ പള്‍സര്‍ സുനിയുടെ ലൊക്കേഷനിലും അപ്പുണ്ണിയുടെ ഫോണ്‍ ലൊക്കേഷനുണ്ടായിരുന്നു. ഡ്രൈവര്‍ അപ്പുണ്ണിയുമായി ബന്ധപ്പെട്ട മൊഴികളിലെ വൈരുദ്ധ്യങ്ങളും ദിലീപ് മറ്റുള്ളവരെ വിളിക്കാന്‍ അപ്പുണ്ണിയുടെ ഫോണ്‍ ഉപയോഗിച്ചതിന്റെ തെളിവുകളും പ്രോസിക്യൂഷന്‍ ആയുധമാക്കും.

അപ്പുണ്ണിയുടെ ഫോണില്‍ നിന്ന് ദിലീപിന്റെ സഹോദരിയെയും പേഴ്‌സണല്‍ ഡോക്ടറായ ഹൈദരലിയെയും വിളിച്ചതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, അപ്പുണ്ണി തന്നെ വിളിക്കാറില്ലെന്ന ഹൈദരലിയുടെ മൊഴി, ആ കോളുകള്‍ ദിലീപിന്റെ അറിവോടെയായിരുന്നു എന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ ഉപയോഗിക്കുന്നു. ഡ്രൈവര്‍ അപ്പുണ്ണിയുടെ മൊബൈലില്‍ നിന്ന് ദിലീപ് പലരേയും വിളിക്കാറുണ്ടെന്ന് തെളിഞ്ഞതും ഈ വാദത്തിന് ബലം നല്‍കുന്നുവെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ദിലീപിന്റെ ആശുപത്രി അഡ്മിഷന്‍ രേഖകളെപ്പറ്റിയുള്ള ജീവനക്കാരിയുടെ മൊഴിയും നിര്‍ണായകമാണ്. നടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്നുദിവസം മുന്‍പേ പനിബാധിച്ച് ആലുവായിലെ ആശുപത്രിയില്‍ ദിലീപ് അഡ്മിറ്റായതായി രേഖയുണ്ട്. എന്നാല്‍, ഈ രേഖകള്‍ ഡോക്ടര്‍ പറഞ്ഞ പ്രകാരം പിന്നീട് എഴുതി തയ്യാറാക്കിയതാണെന്ന് ആശുപത്രി ജീവനക്കാരിയുടെ മൊഴി പ്രോസിക്യൂഷനുണ്ട്. ഇത് കേസില്‍ നിന്നും വഴിതിരിച്ചുവിടാനുള്ള ശ്രമമായിരുന്നോ എന്ന് പ്രോസിക്യൂഷന്‍ സംശയിക്കുന്നു.

നടി ആക്രമിക്കപ്പെട്ട വിവരം താന്‍ അറിഞ്ഞത് നിര്‍മാതാവ് ആന്റോ ജോസഫ് പറഞ്ഞപ്പോഴാണെന്ന ദിലീപിന്റെ വാദത്തെ പ്രോസിക്യൂഷന്‍ തള്ളിക്കളയുന്നു. ആന്റോ ജോസഫ് പറയുന്നതിനു മുന്‍പേ, നടി ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്ത ദിലീപിന്റെ മൊബൈലില്‍ ലഭിക്കുകയും അത് കണ്ടിട്ടും ഉണ്ടെന്നും പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വിചാരണ കോടതിയിലും വാദിച്ചിരുന്നു. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ടവരെയും സാക്ഷികളെയും സ്വാധീനിക്കാനുള്ള ശ്രമങ്ങളും പ്രോസിക്യൂഷന്റെ അപ്പീലില്‍ പ്രധാന വിഷയമാകും. സംഭവത്തിനുശേഷം പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ ബൊട്ടീക്കായ 'ലക്ഷ്യ'യിലെത്തിയതിന് തെളിവുണ്ട്. ഇതിന് സാക്ഷിയായ ജീവനക്കാരന്‍ സാഗര്‍ വിന്‍സന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ ഈ തെളിവുകളൊന്നും വിചാരണ കോടതി കാര്യമായെടുത്തില്ലെന്നാണ് പ്രോസിക്യൂഷന്‍ നിഗമനം. എന്നാല്‍ ഹൈക്കോടതിയില്‍ ഇവയെല്ലാം വാദിച്ച് വിജയം നേടാനാകുമെന്നാണ് സൂചന.

Similar News