ദിലീപിനെതിരെ പ്രോസിക്യൂഷന്‍ അവതരിപ്പിച്ചത് കെട്ടിച്ചമച്ച സാക്ഷിയെ! ദിലീപ് - ബാലചന്ദ്രകുമാര്‍ കൂടിക്കാഴ്ചയിലെ നിര്‍ണായക സാക്ഷിയാക്കി ഉള്‍പ്പെടുത്തിയ ആള്‍ ബധിരനും മൂകനും; ബാലചന്ദ്രകുമാര്‍ തെളിവുകളായി നല്‍കിയ വോയിസ് ക്ലിപ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പരിശോധനയിലും വൈരുദ്ധ്യങ്ങള്‍; അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് വിചാരണ കോടതി
ദിലീപിനെതിരെ പ്രോസിക്യൂഷന്‍ അവതരിപ്പിച്ചത് കെട്ടിച്ചമച്ച സാക്ഷിയെ!
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ ഗൂഢാലോചന തെളിയാതെ പോയതിന് കാരണമായി വിചാരണാ കോടതി ചൂണ്ടിക്കാട്ടിയത് തെളിവുകളുടെ അഭാവമാണ്. പ്രോസിക്യൂഷന്‍ ഗൂഢാലോചനാ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജറാക്കിയില്ല. കേസ് അന്വേഷണത്തിലെ വീഴ്ച്ചകളും ചൂണ്ടിയിട്ടുണ്ട്. കേസില്‍ ബാലചന്ദ്രകുമാറിനെയാണ് ഗൂഢാലോചനാ കേസില്‍ സാക്ഷിയായി പ്രോസിക്യൂഷന്‍ അവതരിപ്പിച്ചത്. എന്നാല്‍, ഇതൊന്നും കോടതി വിശ്വസിച്ചില്ല.
ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ തെളിയിക്കാന്‍ അന്വേഷണ സംഘം സാക്ഷികളെ കെട്ടിച്ചമച്ചുവെന്നും ഗൂഢമായ ഇടപെടല്‍ നടത്തിയെന്നുമാണ് വിചാരണ കോടതി കണ്ടെത്തിയത്. ജയിലിലെ ദിലീപ്- ബാലചന്ദ്രകുമാര്‍ കൂടിക്കാഴ്ചയിലെ നിര്‍ണായക സാക്ഷിയാക്കി ഉള്‍പ്പെടുത്തിയ ആള്‍ ബധിരനും മൂകനുമാണെന്ന് കണ്ടെത്തിയതോടെ അന്വേഷണസംഘം തന്ത്രപരമായി ഒഴിവാക്കിയെന്നും കോടതി വിധിയില്‍ സൂചിപ്പിക്കുന്നു. ഇതെല്ലാം ദിലീപിനെതിരെ ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കാന്‍ കോടതി പരിശ്രമിച്ചു എന്നതിന് തെളിവായി മാറി.
ദിലീപിനെതിരായ നിര്‍ണായക തെളിവുകളെന്ന് പ്രോസിക്യൂഷന്‍ അവതരിപ്പിച്ച ശബ്ദസാംപിളുകള്‍ക്കു വിശ്വാസ്യതയില്ലെന്ന് കാര്യകാരണങ്ങള്‍ സഹിതം വിധിയില്‍ വ്യക്തമാക്കുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ സമാനതകളില്ലാത്ത കൃത്യവിലോപവും വീഴ്ചകളുമാണ് വിധിയില്‍ അക്കമിട്ട് നിരത്തുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് ബാലചന്ദ്രകുമാര്‍ എപ്പിസോഡിലെ സാക്ഷി ഫ്രാന്‍സിസ് സേവ്യര്‍. ബാലചന്ദ്രകുമാര്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടതിന് സാക്ഷിയായിരുന്നു റിമാന്‍ഡ് തടവുകാരനായ ഫ്രാന്‍സിസ് സേവ്യര്‍. ദിലീപിനെ കാണാന്‍ ചെന്നപ്പോള്‍ ഫ്രാന്‍സിസ് സേവ്യറുമായി താന്‍ സംസാരിച്ചുവെന്ന് മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ അയച്ച പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
തന്റെ സിനിമയെ കുറിച്ചടക്കം ദിലീപ് സംസാരിച്ചിരുന്നതായി ഇയാള്‍ പറഞ്ഞതായും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട് .എന്നാല്‍ കുറ്റപത്രത്തില്‍ ഈ ഭാഗം പൂര്‍ണമായും ഒഴിവാക്കി. ഇതിന്റെ കാരണം തേടിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍ ഫ്രാന്‍സിസ് സേവ്യര്‍ ബധിരനും മൂകനുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും ബാലചന്ദ്രകുമാറും ക്രോസ് വിസ്താരത്തില്‍ സമ്മതിച്ചു. ഫ്രാന്‍സിസ് സേവ്യര്‍ ആ ദിവസം ജയിലില്‍ ഉണ്ടായിരുന്നോ എന്ന് ഉറപ്പുവരുത്താന്‍ ജയില്‍ രേഖകള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടു. ഈ ഒഴിവാക്കല്‍ മനപൂര്‍വമെന്നും ഇത് കെട്ടിചമച്ച തെളിവെന്നും കോടതി വിലയിരുത്തി.
ദിലീപ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടതടക്കം സ്ഥാപിക്കാന്‍ ബാലചന്ദ്രകുമാര്‍ ടാബില്‍ റെക്കോര്‍ഡ് ചെയ്ത വോയ്‌സ് ക്ലിപ്പുകളാണ് പ്രോസിക്യൂഷന്‍ തെളിവായി സമര്‍പ്പിച്ചത്. വോയിസ് ക്ലിപ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പരിശോധനയില്‍ കാര്യമായ വൈരുദ്ധ്യങ്ങള്‍ കോടതി നിരീക്ഷിച്ചു. 2017 നവംബര്‍ 15-ന് റെക്കോര്‍ഡ് ചെയ്തു എന്ന് പറയുന്ന ശബ്ദരേഖകള്‍ പെന്‍ഡ്രൈവില്‍ പരിശോധിച്ചപ്പോള്‍ 2022 ജനുവരി2ന് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. ദിലീപിന്റെ സുഹൃത്ത് ബൈജു സംസാരിക്കുന്നത് കേട്ടാണ് താന്‍ റെക്കോര്‍ഡിങ് ആരംഭിച്ചതെന്ന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയെങ്കിലും ക്ലിപ്പില്‍ ബൈജുവിന്റെയോ ബാലചന്ദ്രകുമാറിന്റെയോ ശബ്ദമില്ല.
ദൃശ്യങ്ങള്‍ കണ്ട ടാബിലെ ശബ്ദവും പതിഞ്ഞില്ല. ഇതിന് കൂടാതെ പങ്കുവെച്ച ഓഡിയോ ക്ലിപ്പുകളുടെ എണ്ണത്തിലും അന്തരം കണ്ടെത്തി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ക്ലിപ്പുകള്‍ പതിനെട്ടെങ്കില്‍ മഹസറില്‍ 24 ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയത് 29 ക്ലിപ്പുകള്‍. ഇതെല്ലാം റെക്കോര്‍ഡ് ചെയ്ത ഉപകരണം കോടതിയില്‍ ഹാജരാക്കിയില്ല. മാത്രമല്ല ആറ് ഉപകരണങ്ങളിലൂടെ ശബ്ദക്ലിപ്പുകള്‍ കൈമാറിയെങ്കിലും ഇതും കോടതിയില്‍ എത്തിയില്ല.
ഓഡിയോ ക്ലിപ്പുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് 2021 നവംബറില്‍ തന്റെ കയ്യിലുണ്ടെന്ന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയെങ്കിലും ഉപകരണം ഹാജരാക്കിയത് 2022 ജനുവരി മൂന്നിന് മാത്രം. ഇലക്ട്രോണിക് തെളിവുകള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റിലും കോടതി ഗുരുതരമായ പിഴവുകള്‍ കണ്ടെത്തി. ചുരുക്കത്തില്‍, വോയിസ് ക്ലിപ്പുകള്‍ കൈകാര്യം ചെയ്ത രീതി, ഉപയോഗിച്ച ഉപകരണങ്ങളുടെ അവ്യക്തത, സര്‍ട്ടിഫിക്കറ്റിലെ വൈരുദ്ധ്യങ്ങള്‍, ഒറിജിനല്‍ ഫയലുകള്‍ ഹാജരാക്കാത്തത് എന്നിവ പ്രോസിക്യൂഷന്‍ കേസിന് തിരിച്ചടിയാകുന്ന ഘടകങ്ങളായി കോടതി നിരീക്ഷിക്കുന്നു.
ദിലീപും പള്‍സര്‍ സുനിയും ബന്ധമുണ്ട് എന്ന് തെളിയിക്കാന്‍ സാധിട്ടില്ലെന്നും വിധിയിലുണ്ട്. ദിലീപ് പള്‍സര്‍ സുനിക്ക് മൂന്ന് തവണ പണം നല്‍കി എന്ന വാദത്തിനും തെളിവില്ല. പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലെത്തിയ പണം ദിലീപ് നല്‍കിയതാണ് എന്ന് തെളിയിക്കാനും സാധിച്ചില്ല. നാദിര്‍ഷ പള്‍സര്‍ സുനിക്ക് പണം നല്‍കിയതും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിധിയില്‍ പറയുന്നു.
2015 നവംബര്‍ ഒന്നിന് തൃശൂരിലെ ഒരു ഹോട്ടലിന് മുന്നില്‍ വച്ച് ദിലീപ് പള്‍സര്‍ സുനിയെ കണ്ടിരുന്നു. ഈ വേളയില്‍ 10000 രൂപ നല്‍കി. തൊട്ടടുത്ത ദിവസം ഒരു ലക്ഷം നല്‍കി. ഈ തുക സുനി അമ്മയുടെ അക്കൗണ്ടില്‍ ഇട്ടു. 2016 സെപ്തംബര്‍ 26ന് ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ തൊടുപുഴയില്‍ വച്ച് 30000 രൂപ സുനിക്ക് നല്‍കി- ഇതായിരുന്നു പ്രോസിക്യൂഷന്‍ വാദങ്ങള്‍.
സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെങ്കിലും അത് ദിലീപ് നല്‍കിയതാണ് എന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. മറ്റു വാദങ്ങള്‍ക്ക് തെളിവ് നല്‍കാനും പ്രോസിക്യൂഷന് സാധിച്ചില്ല. ദിലീപിന് നടിയോട് വിരോധമുണ്ട് എന്ന് തെളിയിക്കാനും പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. ദിലീപ് ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി.
ദിലീപ് പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ട് എന്ന് തെളിയിക്കാന്‍ മുകേഷ് ഉള്‍പ്പെടെ നല്‍കിയ മൊഴികളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു പള്‍സര്‍ സുനി. സിനിമാ സെറ്റില്‍ പള്‍സര്‍ സുനി ദിവസവും വന്ന് പോകുകയാണ് ചെയ്തത് എന്ന് മുകേഷ് മൊഴി നല്‍കി. മറ്റു കാര്യങ്ങള്‍ ഓര്‍മയില്ല എന്നും മുകേഷ് മൊഴി നല്‍കി. മൊഴിയിലെ അവ്യക്തത പ്രോസിക്യൂഷന് തിരിച്ചടിയായി. ലക്ഷ്യയില്‍ പള്‍സര്‍ സുനി പോയതിന് ഹാജരാക്കിയ തെളിവ് പര്യാപതമല്ലെന്നും കോടതി വിലയിരുത്തി. എന്നാല്‍ തെളിവുകള്‍ പര്യാപ്തമാണെന്നും അവ മേല്‍ക്കോടതിയില്‍ ഹാജരാക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ പറയുന്നത്.
