നടി ആക്രമിക്കപ്പെട്ടതിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞത് അമ്മയുടെ പരിപാടിക്കിടെ; ശത്രുക്കളുടെ ആരോപണമെന്ന് ദിലീപിന്റെ പ്രതിരോധം; ജയിലില്‍ നിന്നുള്ള പള്‍സര്‍ സുനിയുടെ കത്തില്‍ ജനപ്രിയന്‍ പെട്ടു; അന്വേഷണത്തില്‍ തെളിഞ്ഞത് കാവ്യ-ദിലീപ് ബന്ധം വെളിപ്പെടുത്തിയതിലെ വൈരാഗ്യം ബലാത്സംഗ ക്വട്ടേഷനായ കഥ; നാളെ ദിലീപിന്റെ വിധിയെന്ത്?

അന്വേഷണത്തില്‍ തെളിഞ്ഞത് കാവ്യ-ദിലീപ് ബന്ധം വെളിപ്പെടുത്തിയതിലെ വൈരാഗ്യം ബലാത്സംഗ ക്വട്ടേഷനായ കഥ; നാളെ ദിലീപിന്റെ വിധിയെന്ത്?

Update: 2025-12-07 02:15 GMT

കൊച്ചി: ബലാത്സംഗം നടത്താന്‍ ക്വട്ടേഷന്‍ കൊടുക്കുക എന്നത് രാജ്യത്തെ തന്നെ അപൂര്‍വ്വമായ കേസുകളില്‍ ഒന്നാണ്. ആ കേസിലെ വിധിയാണ് നാളെ വരുന്നകത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നാളെ വിധി പ്രസ്താവിക്കുമ്പോള്‍ ഉറ്റുനോക്കുന്നത് നടന്‍ ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നതാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അതിക്രമിച്ചുകയറി, യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്.

നടന്‍ ദിലീപ് ഉള്‍പ്പെടെ 10 പ്രതികളാണ് കേസിലുള്ളത്. പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. 2017 ഫെബ്രുവരി 17 ന് വൈകീട്ട് സിനിമാ ഷൂട്ടിങ്ങിനായി തൃശൂരില്‍ നിന്നും എറണാകുളത്തു വരുന്നതിനിടെയാണ് നടി ആക്രമിക്കപ്പെടുന്നത്. ലാല്‍ ക്രിയേഷന്‍സ് എന്ന നിര്‍മ്മാണ കമ്പനി ഏര്‍പ്പാടു ചെയ്ത എസ് യു വിയിലാണ് നടി കൊച്ചിയിലേക്ക് വന്നത്. ഈ വാഹനം ഓടിച്ച മാര്‍ട്ടിന്‍ കേസില്‍ രണ്ടാം പ്രതിയാണ്.

ആലുവ അത്താണിയില്‍ വെച്ച് മുഖ്യപ്രതി പള്‍സര്‍ സുനി ഓടിച്ച ടെമ്പോ ട്രാവലര്‍ എസ് യു വിയില്‍ ഇടിക്കുകയും, തുടര്‍ന്ന് സുനി വാഹനത്തില്‍ അതിക്രമിച്ചുകയറി നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയിലാണ് ദിലീപ് പ്രതിയാകുന്നത്. എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.

ട്വിസ്റ്റുകള്‍ക്ക് ഒടുവില്‍ ദിലീപ് പ്രതി

സിനിമയെ വെല്ലുവിധമുള്ള ട്വിസ്റ്റിനൊടുവിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത്. കേസിന്റെ തുടക്കത്തില്‍ പള്‍സര്‍ സുനിയും സംഘവും മാത്രമാണ് പ്രതികള്‍ എന്നായിരുന്നു കരുതപ്പെട്ടത്. എന്നാല്‍ പിന്നാലെ വലിയ ഗൂഢോലോചന ഇതിന് പിന്നില്‍ ഉണ്ടെന്ന തരത്തിലുള്ള സംശയങ്ങള്‍ ശക്തമായി. ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ തന്നെയായിരുന്നു ആദ്യ ആ സംശയം ഉന്നയിച്ചത്. നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ താരസംഘടനയായ അമ്മയുടെ പരിപാടിക്കിടെയായിരുന്നു മഞ്ജു ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് സംശയം പങ്കുവെച്ചത്.


 



ഇതോടെ ദിലീപിലേക്ക് സംശയങ്ങള്‍ നീണ്ടു. നടിയോടുള്ള വൈരാഗ്യത്തിന്റെ കഥകള്‍ അടക്കം പുറത്തുവന്നു. എന്നാല്‍, അതേസമയം തന്നെ തകര്‍ക്കാന്‍ ശത്രുക്കള്‍ പറഞ്ഞ് പരത്തുന്ന ആരോപണം മാത്രമാണ് ഇതെന്നായിരുന്നു ദിലീപിന്റെ ആദ്യ പ്രതിരോധം. ആ സമയത്ത് ദിലീപിനെതിരെ കാര്യമായ തെളിവുകള്‍ പോലീസിന് മുന്നിലും ഉണ്ടായിരുന്നില്ല. എന്നാല്‍ വളരെ അപ്രതീക്ഷിതമായി കേസില്‍ ആ ട്വിസ്റ്റ് സംഭവിച്ചു.

ഒന്നാം പ്രതിയായ പള്‍സര്‍ സുനി ആദ്യ ഘട്ടത്തില്‍ ദിലീപിനെതിരെ മൊഴി നല്‍കിയിരുന്നില്ല. ക്വട്ടേഷന്‍ നല്‍കിയത് ദിലീപെന്നതിന് വ്യക്തമായ സൂചനകളടങ്ങിയ കത്ത് പള്‍സര്‍ സുനി സഹതടവുകാരനെകൊണ്ട് എഴുതിച്ചതോടെയാണ് കേസില്‍ ട്വിസ്റ്റ് സംഭവിക്കുന്നത്. സഹതടവുകാരനായ വിഷ്ണു സനിലിനെ കൊണ്ടായിരുന്നു സുനി ആ കത്ത് എഴുതിച്ചത്. നാലാം പ്രതിയായ വിജീഷ് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെയായിരുന്നു സുനിയുടെ നീക്കം. അപായപ്പെടുമെന്ന് ഭയന്നായിരുന്നു സുനിയുടെ കത്തിന് പിന്നില്‍. ദിലീപിനെതിരെ ഗുരുതര ആരോപണമായിരുന്നു ആ കത്തിലുണ്ടായിരുന്നത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ പറഞ്ഞുറപ്പിച്ച ഒന്നരക്കോടി വേണമെന്നും സുനി കത്തിലൂടെ ആവശ്യപ്പെട്ടു.

ഈ കത്താണ് പ്രതിരോധമെന്ന നിലയില്‍ ദിലീപ് പോലീസിന് കൈമാറുന്നത്. തനിക്കെതിരെ പള്‍സര്‍ സുനി വലിയ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് കാണിച്ച് അന്നത്തെ പോലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് ദിലീപ് പരാതി നല്‍തിയത്. ഈ കത്തിന്റെ പകര്‍പ്പും നല്‍കി. ആ പരാതി ഐജിക്ക് കൈമാറിയ ഡിജിപി എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഈ അന്വേഷണത്തിനൊടുവിലാണ് ദിലീപ് കുരുക്കിലാവുന്നത്.അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തതോടെ ദിലീപിന് ഈ കേസിലെ ദിലീപിന്റെ പങ്കിനെ കുറിച്ച് പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കുകയായിരുന്നു. ഈ കത്തിന്റെ പകര്‍പ്പ് പിന്നീട് കോടതിയില്‍ വെച്ച് തന്റെ അമ്മയ്ക്കും സുനി നല്‍കിയിരുന്നു. അന്ന് അവര്‍ ഇത് പുറത്തുവിട്ടിരുന്നു.

വളരെ ചടുലമായ നീക്കമായിരുന്നു ദിലീപിനെതിരെ പോലീസ് പിന്നീട് നടത്തിയത്. ആദ്യം നടനെ ആലുവ പോലീസ് ക്ലബ്ലില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തു. 11 മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. താന്‍ വളരെ കോണ്‍ഫിഡന്റ് ആണെന്നായിരുന്നു മൊഴിയെടുത്തതിന് ശേഷം ദിലീപ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്. എന്നാല്‍ ആ ആത്മവിശ്വാസത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. ദിലീപിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിത്രങ്ങളടക്കം ഇതിനിടയില്‍ പുറത്തുവന്നു. ഒടുക്കണം അറസ്റ്റിലായി അഴിക്കുള്ളിലേക്ക്. ഏകദേശം 85 ദിവസത്തോളമാണ് ദിലീപ് ജയിലില്‍ കഴിഞ്ഞത്. പല തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. പിന്നീട് കര്‍ശന നിയമങ്ങളോടെ ജാമ്യം നേടി.

കേസില്‍ ഗൂഢാലോചന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. എട്ടാം പ്രതിയാണ് ദിലീപ്. പള്‍സര്‍ സുനി അടക്കമുള്ള ഏഴ് പ്രതികള്‍ക്കും ശക്തമായ ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ദിലീപിന്റെ വിധി എന്താകുമെന്നാണ് ചോദ്യം. നടനെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ അവകാശപ്പെടുന്നത്. എന്തായാലും വിധി അറിയാന്‍ രണ്ട് നാള്‍കൂടി കാത്തിരിക്കണം.

കാവ്യ-ദിലീപ് ബന്ധം വെളിപ്പെടുത്തിയതില്‍ വ്യക്തിവൈരാഗ്യം ക്വട്ടേഷനായി

അന്വേഷണം പുരോഗമിച്ചപ്പോള്‍ മലയാള സിനിമയുടെ ക്വട്ടേഷന്‍ ബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്. കാവ്യ-ദിലീപ് ബന്ധം പുറത്തറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇക്കാര്യം വ്യക്തമാക്കിയാണ് പ്രോസിക്യൂഷന്‍ വാദിച്ചതും. താരങ്ങളുടെ ബന്ധത്തെക്കുറിച്ച് ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജുവാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്നും ഇതേ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് നടിക്കെതിരെ ക്വട്ടേഷന്‍ കൊടുക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നുമാണ് പ്രൊസിക്യൂഷന്‍ വാദിച്ചത്.


 



ദിലീപിന്റെ ഫോണില്‍ പല പേരുകളിലാണ് കാവ്യയുടെ നമ്പരുകള്‍ സേവ് ചെയ്തിരുന്നത്. രാമന്‍, ആര്‍യുകെ അണ്ണന്‍, മീന്‍, വ്യാസന്‍ എന്നീ പേരുകളിലാണ് നമ്പരുകള്‍ സേവ് ചെയ്തിരുന്നത്. ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണില്‍ 'ദില്‍ കാ' എന്ന പേരിലാണ് കാവ്യയുടെ നമ്പര്‍ സേവ് ചെയ്തിരുന്നത്. കാവ്യയുമായുള്ള ബന്ധം മഞ്ജുവാര്യരില്‍ നിന്ന് മറച്ചുപിടിക്കാനാണ് ഇത്തരത്തില്‍ കള്ളപ്പേരുകള്‍ ഉപയോഗിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.2012ല്‍ തന്നെ താരങ്ങളുടെ ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യര്‍ തിരിച്ചറിഞ്ഞെന്നും പ്രോസിക്യൂഷന്‍ വാദത്തില്‍ പറയുന്നുണ്ട്. ദിലീപിന്റെ ഫോണില്‍ തുടര്‍ച്ചയായി പല നമ്പരുകളില്‍ നിന്ന് മെസേജ് വരുന്നത് മഞ്ജുവാര്യരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇതില്‍ സംശയം തോന്നിയതോടെ ഗീതു മോഹന്‍ദാസിനും സംയുക്ത വര്‍മ്മയ്ക്കുമൊപ്പം മഞ്ജുവാര്യര്‍ നടിയെ പോയി കാണുകയായിരുന്നു. ഇക്കാര്യം മുന്നേ അറിയുന്ന നടി താരങ്ങളുടെ ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യരോട് തുറഞ്ഞ് പറഞ്ഞുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതില്‍ നടിയോട് ദിലീപിന് തോന്നിയ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്.അതേസമയം, പ്രോസിക്യൂഷന്‍ വാദങ്ങളെ ദിലീപ് തള്ളിക്കളഞ്ഞു. പ്രോസിക്യൂഷന്റേത് വെറും ആരോപണങ്ങളാണെന്നും അതിന് തെളിവില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. പൊലിസിന്റെ കെട്ടുകഥകളാണിതെന്നാണ് ദിലീപ് കോടതിയില്‍ വാദിച്ചത്. ആക്രമിക്കപ്പെട്ട നടിയോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും മഞ്ജുവുമായുള്ള വിവാഹമോചനത്തിന് നടി ഒരു കാരണമായിരുന്നില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.

കേസിലെ പ്രതികള്‍ ഇവരെല്ലാം

കൊച്ചിയില്‍ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമണത്തിന് ഇരയായത്. കേസില്‍ ആകെ ഒമ്പത് പ്രതികളാണ് ഉള്ളത്. പള്‍സര്‍ സുനി ഒന്നാംപ്രതിയായ കേസില്‍ നടന്‍ ദിലീപ് എട്ടാംപ്രതിയാണ്. 12 പ്രതികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

കേസില്‍ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി,ബി. മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് , ചാര്‍ലി തോമസ്, നടന്‍ ദിലീപ് (പി ഗോപാലകൃഷ്ണന്‍), സനില്‍കുമാര്‍ (മേസ്തിരി സനില്‍) എന്നിവരാണ് പ്രതികള്‍. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കി. പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. 2018 മാര്‍ച്ച് എട്ടിനാണ് കേസില്‍ വിചാരണ തുടങ്ങിയത്.

കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയിട്ട് മാസങ്ങള്‍ പിന്നിട്ടു. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായത്. കേസിലെ വിചാരണയ്ക്കിടെ 28 സാക്ഷികളാണ് കൂറുമാറിയത്. ആദ്യഘട്ടത്തില്‍ ദിലീപിനെ പ്രതി ചേര്‍ത്തിരുന്നില്ല. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലായ് പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തിന് ശേഷം ഒക്ടോബര്‍ മൂന്നിന് ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

Tags:    

Similar News