11.60 ലക്ഷം മുടക്കി ഫാം ഇട്ടാല്‍ 5.60 ലക്ഷം സബ്സിഡി; ക്ഷീര വികസന വകുപ്പിന്റെ എംഎസ്ഡിപി പദ്ധതി വിശ്വസിച്ച് വായ്പയെടുത്തവര്‍ പെട്ടു; ക്ഷീരകര്‍ഷകരെ സ്മാര്‍ട്ടായി പറ്റിച്ച് ചിഞ്ചുറാണിയും കൂട്ടരും; പദ്ധതി വിഹിതം വെട്ടിക്കുറച്ചത് സബ്‌സിഡിയില്ല; കടക്കെണിയില്‍ കര്‍ഷകര്‍

പദ്ധതി വിഹിതം വെട്ടിക്കുറച്ചത് സബ്‌സിഡിയില്ല; കടക്കെണിയില്‍ കര്‍ഷകര്‍

Update: 2025-08-20 04:52 GMT

അടൂര്‍: ക്ഷീരവികസന വകുപ്പിന്റെ വാഗ്ദാനം വിശ്വസിച്ച് ലക്ഷങ്ങള്‍ വായ്പയെടുത്ത് പശുഫാം തുടങ്ങിയ യുവതി കടം കയറി ആത്മഹത്യയുടെ വക്കില്‍. കടമ്പനാട് നെല്ലിമുകള്‍ അരുണ്‍ നിവാസില്‍ എല്‍.ജി. അശ്വതി എന്ന ക്ഷീരകര്‍ഷകയാണ് ലക്ഷങ്ങളുടെ ബാധ്യത തിരിച്ചടയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്. ക്ഷീരവികസന വകുപ്പിന്റെ 2024-25 ലെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതി (എംഎസ്ഡിപി) പദ്ധതി പ്രകാരം സ്മാര്‍ട്ട് ഡയറി യൂണിറ്റ് തുടങ്ങുന്നതിന് അശ്വതി അപേക്ഷ നല്‍കിയിരുന്നു.

10 പശുക്കള്‍ അടങ്ങുന്ന ഒരു യൂണിറ്റും അനുബന്ധ സാമഗ്രികളുമാണ് പദ്ധതി പ്രകാരം സ്ഥാപിക്കേണ്ടത്. ഇതിനായി അശ്വതി ക്ഷീരശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. 11.60 ലക്ഷം രൂപ ചെലവു വരുന്ന പദ്ധതിക്ക് 4.60 ലക്ഷം രൂപ സബ്സിഡിയായി നല്‍കുമെന്നും അറിയിച്ചിരുന്നു. വായ്പ നല്‍കുന്ന ബാങ്കിനാകും സബ്സിഡി തുക ക്ഷീരവികസന വകുപ്പ് കൈമാറുക. ജില്ലാ ക്ഷീരവികസന ഓഫീസറും പറക്കോട് ബ്ലോക്ക് ഓഫീസറും വീട്ടിലെത്തി പ്രൊജക്ട് അനുവദിച്ചതായി അറിയിച്ചു.

അവരുടെ നിര്‍ദേശപ്രകാരം പദ്ധതിക്ക് ആവശ്യമായ 10 പശുക്കള്‍, പുല്ല്കട്ടര്‍, കറവയന്ത്രം, റബര്‍ മാറ്റ് എന്നിവ വാങ്ങുകയും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു. രണ്ടു മാസത്തിനുള്ളില്‍ സബ്സിഡി തുക കിട്ടുമെന്ന് ഉറപ്പും നല്‍കി. ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും അത് ലഭിക്കുന്നതിന് മുന്‍പ് പലരില്‍ നിന്ന് കടം വാങ്ങിയും മറ്റും പദ്ധതി പൂര്‍ത്തീകരിച്ചു. അപ്പോഴേക്കും ബാങ്ക് വായ്പയും ലഭ്യമായി.

അശ്വതിക്ക് വായ്പ നല്‍കണമെന്നാവശ്യപ്പെട്ട് ക്ഷീരവികസന വകുപ്പ് ബാങ്കിന് കത്ത് നല്‍കിയിരുന്നു. പദ്ധതിയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി ബാങ്ക് ലോണ്‍ നല്‍കിയതിന്റെ കത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറിയതിന് പിന്നാലെ ക്ഷീരവികസന ഡയറക്ടററ്റേില്‍ നിന്നും പദ്ധതി മാറ്റി വച്ചതായി അറിയിപ്പു കിട്ടി. 2025-26 സാമ്പത്തിക വര്‍ഷം ഈ പദ്ധതിയുടെ ആനുകൂല്യം നിങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പും ലഭിച്ചു. അശ്വതി ഈ വര്‍ഷവും ഇതേ സ്‌കീമിന് അപേക്ഷിച്ചു. എന്നാല്‍, കഴിഞ്ഞ തവണ അപേക്ഷിച്ചത് കാരണം നിങ്ങള്‍ ഈ വര്‍ഷം അപേക്ഷിക്കാന്‍ യോഗ്യയല്ല എന്ന മറുപടിയാണ് ലഭിച്ചത്.

സ്മാര്‍ട്ട് ഡയറി യൂണിറ്റ് തുടങ്ങുന്നതിന് സംസ്ഥാനത്താകെ 17 യുവകര്‍ഷകരെയാണ് തെരഞ്ഞെടുത്തിരുന്നത്. ഇവരില്‍ ചിലര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുമുണ്ട്. സര്‍ക്കാര്‍ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് കാരണമാണ് ഈ പദ്ധതിക്ക് സബ്സിഡി നല്‍കാന്‍ കഴിയാതെ പോയത് എന്നാണ് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശാലിനി പറയുന്നത്. എന്തായാലും പ്രതിമാസം 25,000 രൂപയോളം തിരിച്ചടയ്ക്കേണ്ട ഗതികേടിലാണ് അശ്വതി. ക്ഷീരവികസന വകുപ്പ് വാഗ്ദാനം ചെയ്ത സബ്സിഡി ലഭിച്ചിരുന്നുവെങ്കില്‍ പ്രതിമാസ തവണകളില്‍ വലിയ കുറവ് ലഭിക്കുമായിരുന്നുവെന്നും അശ്വതി പറയുന്നു.

Tags:    

Similar News