നാളെ എന്നെക്കുറിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ രാഷ്ട്രീയമായി വിമര്‍ശിച്ചുകൊണ്ടോ പുകഴ്ത്തിയോ എഴുതുന്നതും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം; ദിവ്യയുടെ അഭിപ്രായം വ്യക്തിപരമെന്നും എന്നാല്‍ കുറച്ചുകൂടി അവധാനത വേണമായിരുന്നുവെന്നും നിലപാട് എടുത്ത് ശബരീനാഥന്‍; യൂത്ത് കോണ്‍ഗ്രസ് നിലപാടിനെ പിന്തുണച്ച് ഐഎഎസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ്; പുകഴ്ത്തല്‍ വിവാദം തുടരും
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരണവുമായി മുന്‍ എംഎല്‍എയും ഭര്‍ത്താവുമായ കെ.എസ്. ശബരീനാഥന്‍. ദിവ്യയുടെ അഭിപ്രായം വ്യക്തിപരമെന്നും എന്നാല്‍ കുറച്ചുകൂടി അവധാനത വേണമായിരുന്നുവെന്നും ശബരീനാഥന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് അടക്കം ദിവ്യയ്‌ക്കെതിരെ പ്രതികരണവുമായി വന്നു. കോണ്‍ഗ്രസ് നേതൃത്വവും പ്രതിഷേധത്തിലാണ്. അതിനിടെ കെ.കെ.രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റിലെ വിമര്‍ശനത്തിന് മറുപടിയുമായി ദിവ്യ എസ്.അയ്യര്‍ വീണ്ടും രംഗത്തു വന്നു. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാന്‍ പ്രയാസം വേണ്ട. ഒന്നര വര്‍ഷമായി താന്‍ നേരിടുന്ന വിമര്‍ശനത്തിന് കാരണം ഈ പ്രകൃതമാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ദിവ്യ പറഞ്ഞു. നമ്മളാരും എല്ലാം തികഞ്ഞവരല്ല. നമുക്ക് ചുറ്റുമുള്ളവരില്‍ നന്മയും നമുക്ക് പഠിക്കാനുള്ള നിരവധി കാര്യങ്ങളും ഉണ്ടാകും. എത്ര വിചിത്രമായ ലോകമാണിതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ ഭര്‍ത്താവ് നിലപാട് വിശദീകരിച്ചെത്തിയത്.
''സര്‍ക്കാരിനുവേണ്ടി രാപകല്‍ അധ്വാനം ചെയ്യുന്ന വ്യക്തിയാണ് ദിവ്യ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശ്യപരമെങ്കിലും അതിലൊരു വീഴ്ചയുണ്ട്. മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഒപ്പം നില്‍ക്കണം എന്നുള്ളത് ഉദ്യോഗസ്ഥ ധര്‍മമാണ്. അതിന്റെ ഭാഗമായി പോസിറ്റീവ് വാക്കുകള്‍ പറയുന്നതില്‍ തെറ്റില്ല. സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ, രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാല്‍ത്തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്നു സര്‍ക്കാര്‍ തലത്തില്‍നിന്നു രാഷ്ട്രീയതലത്തിലേക്കു മാറി. അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായത്. എന്റെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വിശിഷ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു ധാരാളം നിയമപരമായ സംരക്ഷണങ്ങളുണ്ട്. അതിനോടൊപ്പം ചില ചട്ടക്കൂടുകളുമുണ്ട്. ഈ ചട്ടക്കൂടുകള്‍ നിര്‍മിച്ചിരിക്കുന്നത് എക്‌സിക്യൂട്ടീവിന്റെ സുഗമമായ പ്രവര്‍ത്തനത്തിനാണ്. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു. സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്നവര്‍ ആകുമ്പോള്‍ ജനങ്ങള്‍ നമ്മളെ സൂക്ഷ്മമായി വീക്ഷിക്കും എന്നുള്ളത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഈ പോസ്റ്റ് വിവാദമായത്. മറ്റൊരു ഉദ്യോഗസ്ഥയായിരുന്നെങ്കില്‍ ഒരുപക്ഷേ, ആരും മൈന്‍ഡ് ചെയ്യില്ലായിരുന്നു. ഈ വിഷയം മാത്രമല്ല, നാളെ എന്നെക്കുറിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ രാഷ്ട്രീയമായി വിമര്‍ശിച്ചുകൊണ്ടോ പുകഴ്ത്തിയോ എഴുതുന്നതും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം'' - ശബരീനാഥന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ രാജ്യസഭാ എംപിയുമായ കെ.കെ.രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ദിവ്യ എസ്.അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചതാണ് വിവാദമായത്. കര്‍ണ്ണന് പോലും അസൂയ തോന്നും വിധമുള്ളതാണ് കെ.കെ.ആറിന്റെ കവചമെന്ന് ദിവ്യ.എസ്.അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട് !. ഞങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ പരിഗണിച്ചതിന് നന്ദി എന്നായിരുന്നു ദിവ്യ എസ്. അയ്യര്‍ കുറിച്ചത്. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനവുമായി എത്തി. ദിവ്യ ശമ്പളം വാങ്ങുന്നത് AKG സെന്ററില്‍ നിന്നല്ലന്ന് ഓര്‍ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയില്‍ നിന്ന് സി പി എം ജില്ലാ സെക്രട്ടറിയായി മാറിയ രാഗേഷിനെ പുകഴ്ത്തിയ ആദ്യ ഉദ്യോഗസ്ഥയും ഒരു പക്ഷെ വിഴിഞ്ഞം തുറമുഖ എം ഡിയായ ദിവ്യയാവാം. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എസ്.ശബരീനാഥന്റെ കുടുംബത്തില്‍ നിന്നുണ്ടായ പുകഴ്ത്തല്‍ സിപിഎം സമൂഹ മാധ്യമങ്ങളില്‍ ആയുധമാക്കിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് വിമര്‍ശിച്ചെത്തിയത്. സിപിഎമ്മുകാരുടെ വിദൂഷകയായി ദിവ്യ മാറിയെന്നും പദവിക്ക് ചേരുന്നതല്ലന്നും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിമര്‍ശിച്ചു. വിമര്‍ശനത്തോടെ പിന്തിരിയാന്‍ തയാറല്ലെന്ന് വ്യക്തമാക്കിയ ദിവ്യ വിശദീകരണമായി വീണ്ടും നിലപാട് വിശദീകരിക്കുകയാണ് ഇന്ന് ചെയ്തത്.