ഹെല്‍മറ്റ് ധരിച്ച് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഓടിക്കയറിയ പ്രതികള്‍; ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ വീറോടെ കൃഷ്ണകുമാറിനെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ പോലീസ് ജീപ്പില്‍ കയറിയത് മാസ്‌ക് ധരിച്ച് തലകുനിച്ചു; ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പില്‍ രണ്ട് പേര്‍ കീഴടങ്ങി; എല്ലാ വഴികളും അടഞ്ഞപ്പോള്‍ വിനീതയും രാധാകുമാരിയും തോല്‍വി സമ്മതിച്ചു; ഒളിവില്‍ തുര്‍ന്ന് ദിവ്യയും; വാദിയാകാന്‍ എത്തിയവര്‍ പ്രതിയായപ്പോള്‍

Update: 2025-08-01 07:02 GMT

തിരുവനന്തപുരം : നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ ജീവനക്കാരികളില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഹെല്‍മറ്റ് ധരിച്ചെത്തി വിനീതയും രാധാകുമാരിയുമാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയത്. ഇവരെ പോലീസ് പിന്നീട് കോടതിയിലേക്ക് കൊണ്ടു പോയി. അപ്പോള്‍ ഹെല്‍മറ്റ് ഇല്ലായിരുന്നു. പക്ഷേ മാസ്‌കിട്ട് ക്യാമറകളില്‍ നിന്നും മുഖം മറച്ചു. ലോക്കല്‍ പൊലീസിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍ നില്‍ക്കവേയാണ് സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശ പ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് മുന്നിലെ കീഴടങ്ങല്‍. ഇവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റ് വഴികളില്ലാതെയാണ് കീഴടങ്ങല്‍. നടന്‍ കൃഷ്ണകുമാറിനെതിരെ പീഡന ആരോപണം ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചവരാണ് കുടുങ്ങിയത്. പോലീസ് അന്വേഷണത്തില്‍ സത്യം ദിയാ കൃഷ്ണയുടെ ഭാഗത്താണെന്ന് കണ്ടെത്തിയിരുന്നു.

തന്റെ സ്ഥാപനത്തില്‍ നിന്ന് മൂന്ന് ജീവനക്കാരികള്‍ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയയുടെ പരാതി. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ദിയയുടെ വിവാഹത്തിനു ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം ജീവനക്കാരികളുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത്. ഈ പണം പിന്നീട് പിന്‍വലിച്ച് ദിയക്ക് നല്‍കിരുന്നതായി ജീവനക്കാരികള്‍ പറഞ്ഞിരുന്നു. എത്ര രൂപ പിന്‍വലിച്ചിട്ടുണ്ടെന്ന് പരിശോധനയിലാണ് പൊലീസ് വസ്തുതകള്‍ തിരിച്ചറിഞ്ഞത്. സ്ഥാപനത്തിലെത്തി സാധനങ്ങള്‍ വാങ്ങിയവരുടെ രജിസ്റ്റര്‍ പൊലീസ് ശേഖരിച്ചു. ഇതില്‍ സാധനങ്ങള്‍ വാങ്ങിയവരുടെ പേരും ഫോണ്‍ നമ്പറുമുണ്ട്. ഓരോരുത്തരെയായി പൊലീസ് വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഇതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

അതേ സമയം,കൃഷ്ണകുമാര്‍ തടങ്കലില്‍ വച്ച് ബാലാത്സഗം ചെയ്യുന്നമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് ജീവനക്കാരികളുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇതേ വരെ ശേഖരിച്ച സിസിടിവിയിലും ബലപ്രയോഗം കാണുന്നില്ല. കൃഷ്ണകുമാറും, കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരേ ജീവനക്കാരും പരാതിനല്‍കിയിരുന്നു. ദിയാ കൃഷ്ണ കവടിയാറില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരേ സാമ്പത്തിക തട്ടിപ്പാരോപിച്ച് ജൂണ്‍ മൂന്നിനാണ് കൃഷ്ണകുമാര്‍ പരാതിനല്‍കിയത്. തുടര്‍ന്ന് വിനീത, ദിവ്യ, രാധാകുമാരി, വിനീതയുടെ ഭര്‍ത്താവ് ആദര്‍ശ് എന്നിവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഉപഭോക്താക്കള്‍ക്ക് സ്ഥാപനത്തിലെ ക്യുആര്‍ കോഡിനുപകരം സ്വന്തം അക്കൗണ്ടിലെ ക്യുആര്‍ കോഡ് നല്‍കി 69 ലക്ഷം തട്ടിപ്പുനടത്തിയെന്നാണ് കേസ്. തട്ടിപ്പ് കണ്ടെത്തിയപ്പോള്‍ ഇത് ചോദ്യംചെയ്ത ദിയയെ ആദര്‍ശ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തെന്നാരോപിച്ച് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ കൃഷ്ണകുമാറിന്റെയും മകളുടെയുംപേരിലും പോലീസ് കേസെടുത്തിരുന്നു. പിന്നീട് ഈ കേസിലെ വസ്തുതകളും പോലീസ് തിരിച്ചറിഞ്ഞു.

തന്റെ മകളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ അവരുടെ ക്യുആര്‍ കോഡ് വഴി പണം സ്വീകരിച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്നും അവര്‍ ആ കുറ്റം സമ്മതിച്ചതാണെന്നും നടന്‍ ജി. കൃഷ്ണകുമാര്‍ അവകാശപ്പെട്ടിരുന്നു. മകള്‍ ദിയ ഗര്‍ഭിണിയായപ്പോള്‍ സ്ഥാപനത്തിലേക്ക് എന്നും പോകാന്‍ കഴിയാതെയായി. കാര്യങ്ങള്‍ നോക്കിയിരുന്ന മൂന്ന് ജീവനക്കാരികള്‍ സ്ഥാപനത്തിന്റെ ക്യുആര്‍ കോഡ് തകരാറിലാണെന്നു ധരിപ്പിച്ച് ഇടപാടുകാരില്‍നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിക്കുകയായിരുന്നു. ദിയയുടെ ഒരു സുഹൃത്ത് സ്ഥാപനത്തിലെത്തിയപ്പോള്‍ സംശയംതോന്നി വിളിച്ചുപറഞ്ഞപ്പോഴാണ് ഞങ്ങള്‍ തട്ടിപ്പ് അറിയുന്നത്. 69 ലക്ഷംരൂപ തട്ടിച്ചതായി മനസ്സിലായി. ഇക്കാര്യം ചോദിച്ചതോടെ മൂന്നുപേരും ജോലി മതിയാക്കി പോയി. പോലീസില്‍ പരാതികൊടുക്കുമെന്ന് അറിയിച്ചതോടെ മൂന്നുപേരും ഞങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ താഴെവരുകയും പണമെടുത്തിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. മൂന്നുമണിക്കൂറിനകം 8.82 ലക്ഷംരൂപ കൊണ്ടുതരുകയും ചെയ്തു.

അന്ന് രാത്രി ഇതില്‍ ഒരു പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ദിയയെ വിളിച്ച് കാശ് തരാനാകില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി. അടുത്തദിവസം ഞങ്ങള്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പരാതികൊടുത്തു. ഇതറിഞ്ഞ്, ഇവരെയും ഭര്‍ത്താക്കന്മാരെയും ഞങ്ങള്‍ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ച് പണം വാങ്ങിയെന്ന് അവര്‍ മ്യൂസിയം പോലീസില്‍ കൗണ്ടര്‍ കേസ് കൊടുക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ട്. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചിരുന്നു.

Tags:    

Similar News