അടൂര്‍ ജനറല്‍ ആശുപത്രിയില്‍ തടിപ്പ് നീക്കാന്‍ ശസ്ത്രക്രിയയ്ക്ക് വന്ന രോഗിയോട് കൈക്കൂലി ചോദിച്ച സംഭവം; ഡിഎംഓ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം തുടങ്ങി; മൊഴി കൊടുക്കാതെ പരാതിക്കാരി

Update: 2024-10-10 06:06 GMT

അടൂര്‍: ജനറല്‍ ആശുപത്രിയില്‍ പുറത്തെ തടിപ്പുകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി ചെന്ന രോഗിയോട് 12,000 രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തു വന്നതിനെ തുടര്‍ന്ന് സര്‍ജന്‍ ഡോ. വിനീതിനെതിരേ ഡിഎംഓ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ആരോഗ്യവകുപ്പ് ഡയറക്റോട് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡയറക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍. അനിതകുമാരി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സും പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പരാതിക്കാരി ഇതു വരെ മൊഴി നല്‍കിയിട്ടില്ല.

കരുവാറ്റ പൂങ്ങോട് മാധവത്തില്‍ വിജയാദേവിയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ഡോക്ടര്‍ വിനീതിനെ സമീപിച്ചത്. അപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. സഹോദരി വിജയശ്രീ ഫോണില്‍ വിളിച്ചപ്പോഴാണ് സര്‍ജറിക്ക് 12,000 രൂപ വേണമെന്ന് ഡോക്ടര്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് രണ്ടു തവണ ശബ്ദരേഖ സഹിതം പരാതി നല്‍കിയിരുന്നു. ഒരു നടപടിയും എടുക്കാതെ വന്നപ്പോഴാണ് മാധ്യമങ്ങളെ കണ്ടത്.

കഴിഞ്ഞ മാസം 16,17 തീയതികളിലാണ് വിജയാദേവി ആശുപത്രിയിലെത്തിയത്. 17 ന് സര്‍ജന്‍ വീനിതിനെ കണ്ടപ്പോള്‍ ടെസ്റ്റിന് കുറിക്കുകയും റിസള്‍ട്ടുമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്ത് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെ ചെന്നപ്പോള്‍ രണ്ടു തടിപ്പ് നീക്കുന്നതിന് 12,000 രൂപ ആവശ്യപ്പെട്ടു. അടുത്ത ദിവസം സര്‍ജറിക്ക് വരാനും നിര്‍ദേശിച്ചു. പറഞ്ഞ തീയതിയുടെ തലേന്ന് വിളിച്ചപ്പോഴും പണം ചോദിച്ചു. പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ വേറെ ഡോക്ടറെ കാണാന്‍ പറഞ്ഞു. ഇതിന്‍ പ്രകാരം 24,25 തീയതികളില്‍ ഇതേ ആശുപത്രിയിലെ ഡോക്ടറെ കാണുകയും ഒരു പൈസയും കൊടുക്കാതെ സര്‍ജറി നടത്തുകയും ചെയ്തു.

തുടര്‍ന്നാണ് വിജയദേവിയുടെ സഹോദരി വിജയശ്രീ സൂപ്രണ്ടിന് പരാതി കൊടുത്തത്. ഇതിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല. ഇന്നലെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ അന്വേഷണങ്ങള്‍ ആരംഭിക്കുകയായിരുന്നു. ജനറല്‍ ആശുപപത്രിയിലേക്ക് യുവമോര്‍ച്ച, എ.ഐ.വൈ.എഫ്, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ മാര്‍ച്ചും ഉപരോധവും നടത്തി. ഇന്നലെ രാവിലെ മുതല്‍ വിവിധ ബഹുജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം സമരവുമായി എത്തിയത്. 11 മണിയോടെ എത്തിയ പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ കടന്നു കയറി ഉപരോധ സമരം നടത്തി.

ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢന്‍, മുന്‍ പ്രസിഡന്റ് എം.ജി കണ്ണന്‍, അസംബ്ലി മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍, ജില്ലാ സെക്രട്ടറി നജ്മല്‍ കാവിളയില്‍, കൗണ്‍സിലര്‍ ഗോപു കരുവാറ്റ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഭരണകക്ഷിയായ സി.പി.ഐയുടെ യുവജന സംഘടന എ.ഐ.വൈ.എഫും പിന്നാലെ സമരവുമായി എത്തി. സൂപ്രണ്ടിന്റെ മുറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടഞ്ഞതോടെ പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമായി.

തുടര്‍ന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ഡി.സജി, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഖില്‍, മണ്ഡലം സെക്രട്ടറി അശ്വിന്‍ ബാലാജി, ജില്ലാ ജോയിന്റ് സെക്രട്ടറി എം.മനു, ദേവദത്ത്, ശരത്ത് മലങ്കാവ്, വില്യം, തേജസ് എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന സൂപ്രണ്ടിന്റെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു. ഇതിന് പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകരും സമരവുമായി രംഗത്ത് എത്തിയിരുന്നു. ജില്ലാ പ്രസിഡന്റ് നിഥിന്‍ എസ്. ശിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തിയത്. കവാടത്തില്‍ വച്ച് പ്രവര്‍ത്തകരെ തടഞ്ഞതോടെ പോലിസും യുവമോര്‍ച്ച പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി.

അല്പനേരം സംഘര്‍ഷാവസ്ഥ നിലനിന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് സുപ്രണ്ടിന്റെ മുറിയില്‍ കടന്ന് പ്രതിഷേധിച്ചു. ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച പ്രതിഷേധം നടത്തിയത്. ജില്ല മീഡിയ കണ്‍വീനര്‍ ശരത്കുമാര്‍, ജില്ല സെക്രട്ടറി വൈശാഖ് വിശ്വ, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എസ്. കൃഷ്ണനുണ്ണി, ബിജെപി മണ്ഡലം സെക്രട്ടറി ഗോപന്‍ മിത്രപുരം, അടൂര്‍ ഏരിയ പ്രസിഡന്റ് ബിജു കുമാര്‍, അനുരാജ് ഇടത്തിട്ട, ഹരിരാജ്, അനന്ദു കുമാര്‍, പ്രണവ് തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

Tags:    

Similar News