'അതൃപ്തി പുറത്തുവിട്ടാല്‍ നല്ല പ്രവര്‍ത്തനങ്ങളെ തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും; എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത്; കേരളത്തില്‍ നെഗറ്റിവ് ആയ കാര്യങ്ങള്‍ ബോധപൂര്‍വം ഉണ്ടാക്കാന്‍ ശ്രമം'; ഡോ. ഹാരിസിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി; പ്രതികരണത്തിന് പിന്നില്‍ രാഷ്ട്രീയമില്ല; പ്രതികരിക്കേണ്ടിവന്ന സാഹചര്യം മനസിലാക്കണമെന്ന് ഹാരിസിന്റെ മറുപടി
പ്രതികരിക്കേണ്ടിവന്ന സാഹചര്യം മനസിലാക്കണമെന്ന് ഹാരിസിന്റെ മറുപടി
കണ്ണൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ പരോക്ഷ വിമര്‍ഷനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ അഴിമതി തീണ്ടാത്ത ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ്. അത്തരം ഒരാള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് ഇടയായെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇത് നമ്മുടെ മുന്നില്‍ അനുഭവ പാഠമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ മേഖലതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. നല്ല അര്‍പ്പണബോധമുള്ള, അഴിമതി തീണ്ടാത്ത, ആത്മാര്‍ത്ഥതയോടെ ജോലി എടുക്കുന്ന അത്തരം ഒരാള്‍ പക്ഷേ, ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. അത് അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇത് നമ്മുടെ മുന്നില്‍ അനുഭവ പാഠമായിരിക്കണം.' മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് ചിറക്കല്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ലെന്നും നല്ല അര്‍പ്പണ ബോധത്തോടെ ജോലിയെടുക്കുന്ന, അഴിമതി തീണ്ടാത്ത, ആത്മാര്‍ഥതയോടെ ജോലിയെടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യവും പൂര്‍ണമായിരിക്കും എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. ആ ശസ്ത്രക്രിയകള്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ആ ശസ്ത്രക്രിയക്ക് വേണ്ട ഉപകരണങ്ങള്‍ ചിലപ്പോള്‍ ചിലത് ഇല്ലാത്ത സ്ഥിതി ഉണ്ടാവാം. അത് എല്ലാ കാലത്തും ഉള്ള നിലയല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങള്‍ വാങ്ങി നല്‍കാറുണ്ട്.
അദ്ദേഹം ഉന്നയിച്ച പ്രശ്നത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ഒരു അതൃപ്തി ഉണ്ടായാല്‍തന്നെ, അത് കേരളത്തെ വലിയ തോതില്‍ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം പുറത്തുവിട്ടാല്‍ അത് നാം നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത്. കേരളത്തില്‍ നെഗറ്റിവ് ആയ കാര്യങ്ങള്‍ ബോധപൂര്‍വം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് ന്യൂസ് അവതരിപ്പിക്കാനല്ല അവരുടേതായ വ്യൂസ് അവതരിപ്പിക്കാനാണ് താല്‍പര്യം. നമ്മുടെ ആരോഗ്യ മേഖല നല്ല നിലയില്‍ മെച്ചപ്പെട്ടുനില്‍ക്കുന്നതാണ്. ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതവും നല്ല തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ ആരോഗ്യമേഖലയെ എങ്ങനെ തെറ്റായി ചിത്രീകരിക്കാന്‍ പറ്റുമെന്ന ശ്രമമാണ് ഇപ്പോള്‍ കേരളത്തില്‍ കാണാനാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കൃഷ്ണന്‍കുട്ടി, പി.എ.മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, ഒ.ആര്‍.കേളു, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാകളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗുരുതരമായ പ്രതിസന്ധി ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മെഡിക്കല്‍ കോജേളിലെ യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറയ്ക്കല്‍ രംഗത്തെത്തിയത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവുമില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു യൂറോളജി മേധാവി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംഭവം ചര്‍ച്ചയ്ക്ക് വഴിവെച്ചതോടെ ഡോ. ഹാരിസ് ചിറയ്ക്കല്‍ പോസ്റ്റ് പിന്‍വലിച്ചു. ഇതിന് പിന്നാലെ യൂറോളജി മേധാവിയുടെ ആരോപണങ്ങള്‍ തള്ളി ഡിഎംഇ രംഗത്തെത്തി.
ഡോക്ടറിന്റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താന്‍ വേണ്ടി പോസ്റ്റിട്ടതാകാമെന്നും ഡിഎംഇ പറഞ്ഞു. ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാല്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവെച്ചത്. ബാക്കി ശസ്ത്രക്രിയകള്‍ എല്ലാം പൂര്‍ത്തിയാക്കിയെന്നും ഡിഎംഇ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഡോ. ഹാരിസ്, ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി. ഡിപ്പാര്‍ട്ട്മെന്റ് മേധാവി ആയതുമുതല്‍ അധികാരികളോട് വിഷയം സംസാരിച്ചിരുന്നുവെന്നും പലപ്പോഴും സമ്മര്‍ദമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ടുമാസം മുന്‍പ് മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫീസിന് അറിയാം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവന്‍ നല്‍കിയ ഉറപ്പിലാണ് പോസ്റ്റ് പിന്‍വലിച്ചത്. സര്‍വീസ് തന്നെ മടുത്തിരിക്കുകയാണെന്നും നടപടി ഉണ്ടായിക്കോട്ടെ എന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പറഞ്ഞത്. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം അന്വേഷിക്കുന്നതിനായി നാലംഗസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ബി പത്മകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ രാജീവന്‍ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍. വിഷയത്തില്‍ വിശദമായി അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയക്ക് മറുപടിയുമായി ഡോ. ഹാരിസ് ഹസന്‍
തന്റെ പ്രതികരണത്തിന് പിന്നില്‍ രാഷ്ട്രീയമില്ല. പ്രതികരിക്കേണ്ടിവന്ന സാഹചര്യം മനസിലാക്കണമെന്നും ഡോ.ഹാരിസ് ഹസന്‍ പറഞ്ഞു. പാവപ്പെട്ട രോഗികളുടെ ബുദ്ധിമുട്ട് കാണുമ്പോള്‍ എന്റെ മനസ്സ് വേദനിക്കുെന്നും ലക്ഷ്യം ശരിയായിരുന്നതുകൊണ്ട് തന്നെ കാര്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട രോഗികളുടെ ബുദ്ധിമുട്ട് കാണുമ്പോള്‍ എന്റെ മനസ് വേദനിക്കും. ആ മനോവേദനയില്‍ നിന്ന് വന്ന പ്രതികരണമാണ് അത്. ലക്ഷ്യം ശരിയായിരുന്നു. പക്ഷേ, മാര്‍ഗം അത്ര ശരിയായിട്ടില്ല എന്ന് തന്നെയാണ് എനിക്കും തോന്നുന്നത്. എന്നാല്‍ ലക്ഷ്യം ഫലപ്രാപ്തിയിലെത്തി. ശസ്ത്രക്രിയ മുടങ്ങുന്നത് കൊണ്ട് രോഗിക്ക് അപായം സംഭവിക്കുന്നത് ആണല്ലോ പ്രശ്നം. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കൂടുതല്‍ വേദനാജനകമായേനേ. പ്രതികരിക്കേണ്ടി വന്നതിന്റെ സാഹചര്യമാണ് മനസിലാക്കേണ്ടത് - ഡോ. ഹാരിസ് ഹസന്‍ പറഞ്ഞു.