'ഡോക്ടര്‍ പച്ചക്കള്ളം പറയുന്നു, രോഗിയുടെ നിര്‍ബന്ധം കൊണ്ടാണ് മാറിടം നീക്കിയതെന്ന വാദം വസ്തുതാ വിരുദ്ധം; ഏറ്റവും ബെറ്റര്‍ ആയിട്ടുള്ള ട്രീറ്റ്‌മെന്റ് മുഴുവന്‍ റിമൂവ് ചെയ്യുന്നതാണ് എന്നാണ് പറഞ്ഞത്'; ഡോ. ജോജോ വി. ജോസഫിന്റെ വാദങ്ങള്‍ക്കെതിരെ ഷീജയും മകളും
'ഡോക്ടര്‍ പച്ചക്കള്ളം പറയുന്നു, രോഗിയുടെ നിര്‍ബന്ധം കൊണ്ടാണ് മാറിടം നീക്കിയതെന്ന വാദം വസ്തുതാ വിരുദ്ധം
തൃശ്ശൂര്‍: ക്യാന്‍സറില്ലാത്ത രോഗിയുടെ മാറിടം നീക്കം ചെയ്ത സംഭവത്തില്‍, സര്‍ജറി നടത്തിയ ഡോ. ജോജോ വി. ജോസഫിന്റെ വാദങ്ങള്‍ തള്ളി രോഗിയായ ഷീജ പ്രഭാകരനും മകള്‍ കാവ്യയും. രോഗിയുടെ നിര്‍ബന്ധം കൊണ്ടാണ് മാറിടം നീക്കല്‍ സര്‍ജറി നടത്തിയത് എന്നായിരുന്നു ഡോക്ടര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, ഡോക്ടറുടെ ഈ വാദം ഇരുവരും തള്ളി. മാറിടം നീക്കം ചെയ്യാന്‍ നിര്‍ബന്ധിച്ചത് രോഗിയാണെന്ന ഡോക്ടറുടെ വാദത്തെയാണ് ഷീജയും കാവ്യയും ശക്തമായി ചോദ്യം ചെയ്യുന്നത്.
രോഗി തന്നെയാണ് മാറിടം നീക്കം ചെയ്യണമെന്ന് നിര്‍ബന്ധിച്ച് ആവശ്യപ്പെട്ടതെന്നാണ് ഡോക്ടര്‍വാദിച്ചത്. ഭയം കാരണം പല രോഗികളും ഇത്തരം സന്ദര്‍ഭങ്ങളില്‍ പൂര്‍ണ്ണമായ നീക്കം ചെയ്യല്‍ ആവശ്യപ്പെടാറുണ്ടെന്നും, സ്തനം സംരക്ഷിച്ചുകൊണ്ടുള്ള ചികിത്സ സാധാരണയായി നിര്‍ദ്ദേശിക്കാറുണ്ടെങ്കിലും, രോഗിയുടെ നിര്‍ബന്ധപ്രകാരം സര്‍ജറി ചെയ്യേണ്ടിവന്നുവെന്നുമാണ് ഡോക്ടര്‍ വാദിച്ചത്.
എന്നാല്‍ ഡോക്ടറുടെ ഈ വാദങ്ങളെ ഷീജയും മകള്‍ കാവ്യയും പൂര്‍ണ്ണമായും നിഷേധിക്കുന്നു. 'ഡോക്ടറാണ് നല്ല ചികിത്സയെന്ന് പറഞ്ഞത്'. മാറിടം നീക്കം ചെയ്യണമെന്ന് തങ്ങള്‍ ഡോക്ടറോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് അവര്‍ മറുനാടന്‍ മലയാളിയോട് വ്യക്തമാക്കി. രണ്ട് ഓപ്ഷനുകള്‍ ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എങ്കിലും, 'ഏറ്റവും ബെറ്റര്‍ ആയിട്ടുള്ള ട്രീറ്റ്മെന്റ് ഫുള്‍ ആയിട്ട് റിമൂവ് ചെയ്യുന്നത് നല്ലതാണ്' എന്ന് ഡോക്ടറാണ് തങ്ങളോട് പറഞ്ഞതെന്ന് മകള്‍ കാവ്യ മറുനാടനോട് പറഞ്ഞു.
ദീര്‍ഘകാല സുരക്ഷിതത്വമാണ് മാറിടം പൂര്‍ണ്ണമായി നീക്കം ചെയ്താല്‍ ലഭിക്കു 'കുറെ നാളത്തേക്ക് പേടിക്കേണ്ട കാര്യമില്ല' എന്നും, അതാണ് ഏറ്റവും നല്ല ഓപ്ഷന്‍ എന്നും ഡോക്ടര്‍ തങ്ങളെ ധരിപ്പിച്ചുവെന്നും അവര്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, ജീവനാണ് വലുത് എന്ന് കരുതിയാണ് തങ്ങള്‍ ശസ്ത്രക്രിയയ്ക്ക് സമ്മതം മൂളിയതെന്ന് ഷീജ പറഞ്ഞു.
മാറിടം നീക്കം ചെയ്തതിന്റെ ഉത്തരവാദിത്തം രോഗിയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഡോക്ടര്‍ കള്ളം പറയുകയാണെന്ന് ഷീജ തുറന്നടിച്ചു. മുന്നേ കേറി റിമൂവ് ചെയ്യാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു ഡോക്ടറാണ് ഇത് നല്ല ട്രീറ്റ്മെന്റ് ആണെന്ന് പറഞ്ഞ് നിര്‍ദ്ദേശിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഷീജയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് എഫ് ഐ ആറില്‍ മൂന്ന് പ്രതികളുണ്ട്. തൃശൂര്‍ റൂറലിലെ ജീവ സ്‌പെഷ്യാലിറ്റ് ഹോസ്പിറ്റലാണ് ആദ്യ പ്രതി. ഇന്ദിരാ ആശുപത്രി രണ്ടാം പ്രതി. മൂന്നാം പ്രതി ഡോ ജോജോ വി ജോസഫും. 2024 ഓഗസ്റ്റില്‍ തന്നെ ഈ കേസ് എടുത്തിട്ടുണ്ട്. ഒന്നും രണ്ടും പ്രതിസ്ഥാപനങ്ങളുടേയും മൂന്നാം പ്രതിയുടെയും ഉദാസീനതയും അലംഭാവവും അശ്രദ്ധയും കൊണ്ട് ആവലാതിക്കാരിയുടെ വലതു സ്തനത്തിനുണ്ടായ വേദനയുടെ ചികില്‍സ സംബന്ധമായി ഒന്നാം പ്രതി സ്ഥാപനം 23.01.2024 തീയതി ആവലാതിക്കാരിയുടെ ബയോപ്‌സി ടെസ്റ്റ് നടത്തി ആവലാതിക്കാരിയുടെ വലതു സ്തനത്തിന് ക്യാന്‍സര്‍ ബാദയുണ്ടെന്ന തെറ്റായ റിസള്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് തുടര്‍ ചികില്‍സയ്ക്കായി രണ്ടാം പ്രതിസ്ഥാപനത്തില്‍ ചികില്‍സയ്ക്ക് എത്തി.
29.01.2024ന് കടവന്ത്രയിലുള്ള രണ്ടാം പ്രതിസ്ഥാപനത്തില്‍ ചികില്‍സ തേടിയ ആവലാതിക്കാരിയുടെ ബയോപ്‌സി ടെസ്റ്റിനായി സാമ്പിള്‍ ശേഖരിച്ച് 02.02.2024ന് ലേക് ഷോര്‍ ആശുപത്രിയിലേക്ക് അയച്ചു. ആ ടെസ്റ്റ് റിപ്പോര്‍ട്ട് 13.02.2024ന് രണ്ടാം പ്രതിസ്ഥാപനത്തില്‍ ലഭിച്ചു. എന്നിട്ടും അത് പരിശോധിക്കാതെ 17.02.2024ന് ആവലാതിക്കാരിയുടെ വലതു സ്തനം മുറിച്ചു മാറ്റി-ഇതാണ് എഫ് ഐ ആര്‍ വിശദീകരിക്കുന്നത്. മൂന്നാം പ്രതിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയയെന്നും പറയുന്നുണ്ട്. പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നതേ മറുനാടനും വാര്‍ത്തയാക്കിയിട്ടുള്ളൂ. ഈ എഫ് ഐ ആര്‍ ശരിയാണെന്ന് തെളിയിക്കുന്ന രേഖകളും മാറിടം മുറിച്ചു മാറ്റിയ ഷീജാ പ്രഭാകരന്റെ പക്കലുണ്ട്.
ഫെബ്രുവരി രണ്ടിന് സാമ്പിള്‍ ശേഖരിച്ചത് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയാണ്. ആ ടെസ്റ്റ് റിപ്പോര്‍ട്ട് കിട്ടിയത് രോഗിക്കുമല്ല. മറിച്ച് ആശുപത്രിയ്ക്കാണ്. ആ ആശുപത്രിയിലെ ഡോക്ടറാണ് ജോജോ വി ജോസഫ്. ജോജോയ്ക്കായി ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ വായിച്ചാല്‍ ഈ റിപ്പോര്‍ട്ട് രോഗിക്ക് കിട്ടിയെന്ന തരത്തിലാണ്. പോലീസ് എഫ് ഐ ആര്‍ പ്രകാരവും രേഖകള്‍ പ്രകാരവും അത് കിട്ടിയത് ആശുപത്രിയിലാണ്. ആശുപത്രിയുടെ റിക്കോര്‍ഡുകള്‍ പരിശോധിക്കാതെയാണോ ജോജോ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത് എന്ന ചോദ്യം പ്രസക്തമാണ്. അല്ലാത്ത പക്ഷം മനപ്പൂര്‍വ്വം പുതിയ ബയോപ്സി ആശുപത്രി അധികൃതര്‍ ഡോക്ടറെ കാണിച്ചില്ലെന്ന് വേണം കരുതാന്‍. അങ്ങനെയാണെങ്കില്‍ ആശുപത്രിയുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചിരിക്കുന്നു.
