പത്മരാജന്റെ മരിച്ചപ്പോള്‍ മോര്‍ച്ചറിയിലെത്തിയ നിതീഷ് ഭരദ്വാജിനെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ നുള്ളി മുറിവേല്‍പ്പിച്ചതടക്കം ഒരുപാട് അനുഭവങ്ങള്‍; സൗമ്യയുടെത് തൊട്ട് ഇരുപതിനായിരത്തോളം മൃതദേഹങ്ങള്‍; മരിച്ചവര്‍ക്കു വേണ്ടി സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട വനിത! ഡോ ഷെര്‍ലി വാസു വിടവാങ്ങുമ്പോള്‍

Update: 2025-09-04 16:22 GMT

കോഴിക്കോട്: മരിച്ചവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ വിധിക്കപ്പെട്ട ഒരു വനിത. അന്തരിച്ച പ്രമുഖ ഫോറന്‍സിക് സര്‍ജനായ ഡോ ഷെര്‍ലി വാസു തന്നെ സ്വയം വിശേഷിപ്പിച്ചത് അങ്ങനെയാണ്. മൂന്ന് പതിറ്റാണ്ടോളം അവര്‍ ഇരുപതിനായിരത്തോളം പോസ്റ്റുമോര്‍ട്ടങ്ങള്‍ക്കാണ് നേതൃത്വം കൊടുക്കേണ്ടി വന്നത്്. ഇങ്ങനെ അളിഞ്ഞതും, ചതഞ്ഞതും, ബലാത്സഗം ചെയ്യപ്പെട്ടതുമടക്കമുള്ള മൃതദേഹങ്ങള്‍ കാണുമ്പോള്‍ ഭയം തോന്നുന്നില്ലേ എന്ന ചോദ്യത്തിന്, ' മൃതദേഹങ്ങളെ നമ്മള്‍ ആരും പേടിക്കേണ്ട, ജീവിച്ചിരുന്നവരെ, പേടിച്ചാല്‍ മതിയെല്ലോ' എന്നാണ് അവര്‍ ഒരിക്കല്‍ സരളമായി അവര്‍ പറഞ്ഞത്.

68 വയസ്സുണ്ടായിരുന്ന ഡോ ഷേര്‍ളി വാസു, മെഡിക്കല്‍ കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ആയിരക്കണക്കിന് കേസുകളാണ് ഷേര്‍ലി വാസു ഔദ്യോഗിക കാലയളവില്‍ പരിശോധിച്ചത്.

പൊട്ടിക്കരഞ്ഞ ആ മരണം

മാവൂര്‍ റോഡില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നാടോടി ബാലികയുടെ ശരീരത്തില്‍ കത്തിവെക്കേണ്ടിവന്നപ്പോള്‍ ഒരു കുഞ്ഞിനെപ്പോലെ ഡോ ഷേര്‍ിലി വാസു പൊട്ടിക്കരഞ്ഞ അനുഭവം മാധ്യമ പ്രവര്‍ത്തകന്‍ കെ എ സെയ്ഫുദ്ദീന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതുപോലെ പ്രമാദമായ സഫിയ വധക്കേസില്‍ ഡോ ഷെര്‍ലി വാസു നടത്തിയ പരിശ്രമങ്ങള്‍ നടനും, അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഷുക്കുര്‍ വക്കീലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെ കടലുണ്ടി ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളും, ഭിക്ഷക്കാരനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിച്ച, ചലച്ചിത്ര സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ മരണവും അവര്‍ പറയാറുണ്ടായിരുന്നു.

സ്റ്റെതസ്‌കോപ്പ് കൊണ്ട് ഹൃദയമിടിപ്പറിഞ്ഞ് ചികിത്സിക്കുന്ന ഡോക്ടറാകണമെന്നതായിരുന്നു ഷെര്‍ലി വാസുവിന്റെ ആഗ്രഹം. എംബിബിഎസ് പഠനസമയത്തൊന്നും ഫൊറന്‍സിക് മെഡിസിന്‍ എന്നത് തന്റെ മനസില്‍പോലും ഇല്ലായിരുന്നുവെന്നാണ് ഡോ. ഷെര്‍ലി വാസു ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 'പിജി ചെയ്യാന്‍ നേരം ബാലരാമന്‍ സാറാണ്(കോട്ടയം മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍) ഫൊറന്‍സിക്കില്‍ ചേരാന്‍ പറഞ്ഞത്''. ഈ മേഖലയില്‍ സ്ത്രീകള്‍ അധികമില്ല. -''ഞാന്‍ ഇട്ടിട്ടുപോയാല്‍ ഒരുപക്ഷേ, ഒരു തെറ്റിദ്ധാരണവരും. പോലീസ് ജോലികളോ ഇത്തരം ജോലികളോ സ്ത്രീകള്‍ക്ക് പ്രയാസമുള്ളതാകും, അതുകൊണ്ടാണല്ലോ ഇവര്‍ ഇട്ടിട്ട് പോയതെന്ന് പറയും. സ്ത്രീയെന്നത് ഒരു പരിമിതിയേ ആയിട്ടില്ല. സഹപ്രവര്‍ത്തകരാരും സ്ത്രീയാണ്, മാറിനില്‍ക്കൂ എന്ന് പറഞ്ഞിട്ടില്ല. പോലീസില്‍ ഒരാള്‍പോലും നിങ്ങള്‍ എന്താ ഫൊറന്‍സിക് എടുക്കാന്‍ കാരണം? നിങ്ങളെയും കൊണ്ട് ഞാന്‍ എങ്ങനെ കാട്ടില്‍പോകും എന്നൊന്നും ചോദിച്ചിട്ടില്ല'', ഷെര്‍ലി വാസു പറഞ്ഞത്് അങ്ങനെയായിരുന്നു. പിജി വിദ്യാര്‍ഥിയായിരിക്കെയാണ് ഷെര്‍ലി വാസു ആദ്യത്തെ മൃതദേഹം പരിശോധിക്കുന്നത്. പിന്നീടങ്ങോട്ട് വര്‍ഷങ്ങള്‍ നീണ്ട സര്‍വീസിനിടെ ഇരുപതിനായിരത്തോളം മൃതദേഹങ്ങള്‍ അവരുടെ മുന്നിലെത്തി.

ഞെട്ടലായി പത്മരാജന്‍

തന്റെ പോസ്റ്റുമോര്‍ട്ടം ടേബിള്‍ എന്ന പുസ്തകത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരുപാട്അനുഭവങ്ങള്‍ അവര്‍ പറയുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു, ചലച്ചിത്ര സംവിധായകന്‍ പത്മരാജന്റെ മരണം. മോര്‍ച്ചറിയില്‍ പത്മരാജനെ കാണാനെത്തിയ നിതീഷ് ഭരദ്വാജിനെ നഴ്സിങ്് വിദ്യാര്‍ത്ഥികള്‍ പൊതിഞ്ഞതും, മോര്‍ച്ചറിയാണെന്ന കാര്യം മറഞ്ഞ് കവിളില്‍ നുള്ളി പരിക്കേല്‍പ്പിച്ചതും അവര്‍ എഴുതുന്നുണ്ട്.

പുസ്തകത്തിലെ ആ ഭാഗം ഇങ്ങനെ-''എന്റെ സഹപ്രവര്‍ത്തകനായ മറ്റൊരു ഡോക്ടറാണ് പത്മരാജന്റെ ജഡ പരിശോധന നടത്തിയത്. നിതീഷ് ഭരദ്വാജ് അന്ന് മഹാഭാരതം സീരിയലിലെ കൃഷ്ണനായും, ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വനായും, സ്ത്രീകളുടെ പ്രിയ നടനായിരുന്നു. ഓമനത്തമുള്ള മുഖഭാവങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യേകതകള്‍ ആയതിലാനാവാം, നഴ്സിംഗ് വിദ്യാര്‍ത്ഥിള്‍ മോര്‍ച്ചറിക്കകത്ത് പാലിക്കേണ്ട ഔചിത്യം മറന്നുകൊണ്ട് അദ്ദേഹത്തെ ആകെ പൊതിഞ്ഞ്, കവിളുകള്‍ നുള്ളി മുറിവേല്‍പ്പിച്ചു കളഞ്ഞു. എല്ലാവരെയും ശകാരിച്ച് മാറ്റേണ്ടി വന്നു, പോസ്റ്റ്മോര്‍ട്ടം തുടങ്ങാന്‍. ആ നേരമൊക്കെ ഞങ്ങള്‍ പത്മരാജന്റെ ജഡത്തിനരികെ നിന്നു. ഡീനര്‍ മോഹന്‍ദാസ് ബനിയന്റെ വലത്ത് ചുമല്‍ മുറിച്ചപ്പോള്‍ ഞാന്‍ പുറത്തുകടന്നു. പുറത്ത് ഇടനാഴിയില്‍ ഭിത്തിചാരി ഇടനാഴിയില്‍ കണ്ണീരടക്കാനാവാതെ നിതീഷ് നില്‍ക്കുന്നുണ്ടായിരുന്നു. നടന്‍ സോമന്‍ കലങ്ങിയ കണ്ണുമായി പുറത്തുവന്ന് എന്നെ നോക്കി. എന്നിട്ട് ചോദിച്ചു. 'ഡോക്ടര്‍ക്കും എന്നെപ്പോലെതന്നെ അല്ലേ, ഈ കാഴ്ചകള്‍ കാണാന്‍ പറ്റുന്നില്ല അല്ലേ''- ഞാന്‍ അതേയെന്ന് തലുകുലുക്കി.

അതുപോലെ സൗമ്യ ട്രെയിന്‍ നിന്ന് എടുത്തുചാടിയതല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഡോക്ടര്‍ ഷെര്‍ലിയായിരുന്നു. ട്രെയിനില്‍ നിന്ന് വീഴുമ്പോള്‍ 5 സെമീ മാത്രമെ ശരീരം മുന്നോട്ട് നീങ്ങിയിട്ടുളളത്. ട്രാക്ക് മാറവെ തീവണ്ടിയുടെ വേഗത കുറയുമെന്ന് കണക്കുകൂട്ടി പ്രതി വളരെ വിദഗ്ധമായാണ് സൗമ്യയെ തളളിയിട്ടതെന്നും ഡോ.ഷേര്‍ലി വാസു അന്ന് പറഞ്ഞത്.സൗമ്യയുടെ ശരീരത്തിലേറ്റ ഓരോ പരിക്കിനും വ്യക്തമായ വിശദീകരണമുളള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. തീവണ്ടിയില്‍ നിന്നും എടുത്തുചാടുമ്പോള്‍ ഉണ്ടാകുമ്പോള്‍ ഉണ്ടാകാറുള്ള പരിക്കുകളൊന്നും സൗമ്യയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. മുടിയും കഴുത്തും വലിച്ച് പിടിച്ച് ട്രയിനിന്റെ വാതിലില്‍ ശക്തിയായി ഇടിച്ചതിന്റെ മുറിപ്പാടുകളും നഖപ്പാടുകളും സൗമ്യയുടെ ശരീരത്തിലുണ്ടായിരുന്നു. തീവണ്ടിയ്ക്കകത്തുവെച്ച് തന്നെ സൗമ്യയെ ക്രൂരമായി ശാരീരിക ഉപദ്രവത്തിന് വിധേയയാക്കിയതിന് വ്യക്തമായ തെളിവാണിതെന്നും ഷെര്‍ലി വാസു എഴുതിയിരുന്നു. ഇത്തരം ക്ഷതത്താല്‍ അര്‍ധ അബോധാവസ്ഥയിലായ സൗമ്യ ഇടത് കവിള്‍ ഇടിച്ച് മെയിന്‍ ട്രാക്കില്‍ നിന്നും വേര്‍പിരിഞ്ഞ് പോകുന്ന മറ്റൊരു ട്രാക്കിലേക്കാണ് വീണതെന്നും ഡോക്ടര്‍ ഷേര്‍ലി വ്യക്തമാക്കിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ഗോവിന്ദച്ചാമിക്ക് ശിക്ഷ കിട്ടിയത്.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News