അമ്മയുടെയും, മകളുടെയും, മകളുടെ മകളുടെയുമായി മൂന്ന് തലമുറയുടെ പ്രസവമെടുത്ത ഡോക്ടര്‍; ദദ്രന്‍ ഡോക്ടറുണ്ടെങ്കില്‍ പ്രസവത്തിന് ഭയക്കേണ്ടെന്ന് സ്ത്രീകള്‍ പറഞ്ഞ കാലം; 83-ാം വയസ്സിലും കര്‍മനിരതന്‍; കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രസവമെടുത്ത പുരുഷ ഡോക്ടര്‍ വിടപറയുമ്പോള്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രസവമെടുത്ത പുരുഷ ഡോക്ടര്‍ വിടപറയുമ്പോള്‍

Update: 2025-08-01 17:26 GMT

രു കുടുംബത്തിലെ മൂന്ന് തലമുറയുടെ വരെ പ്രസവമെടുത്ത ഒരു പുരുഷ ഡോക്ടര്‍! 1971 മുതല്‍ 2025വരെയുള്ള 6 പതിറ്റാണ്ട് നീണ്ട സര്‍വീസിനിടയില്‍ ആയിരക്കണക്കിന് പ്രസവങ്ങള്‍ക്കാണ്, കഴിഞ്ഞ ദിവസം നിര്യാതനായ ഡോ എസ് ഭദ്രന്‍ സാക്ഷിയായത്. 83-ാം വയസ്സില്‍ മരിക്കുന്നതിന്റെ ഏതാനും മാസം മുമ്പുവരെ അദ്ദേഹം കര്‍മ്മരംഗത്തുണ്ടായിരുന്നു. ഒരു വീഴ്ചയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും വാര്‍ദ്ധക്യ സഹജമായ രോഗങ്ങളും കൊണ്ട് കുറച്ചുനാളായി അദ്ദേഹം മൈത്ര ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

ഭദ്രന്‍ ഡോക്ടറുണ്ടെങ്കില്‍ പ്രസവത്തിന് ഭയക്കേണ്ടെന്ന് മലബാറിലെ സ്ത്രീകള്‍ പറഞ്ഞകാലം ഉണ്ടായിരുന്നു. 70കളില്‍ ശിശു-മാതൃ മരണ നിരക്ക് കൂടിയ കാലത്ത് പ്രസവഭീതി അകറ്റിയത് അദ്ദേഹമായിരുന്നു. ചികിത്സക്കെത്തുമ്പോഴും പ്രസവമുറിയിലേക്ക് കടന്നുവരുമ്പോഴും അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന മുഖം മതി സുഖപ്രസവത്തിനെന്ന് പലരും എഴുതയിയിരുന്നു.

സൗമ്യന്‍, മൃദുഭാഷി, ലളിത ജീവിതം

അത്രമേല്‍ പ്രിയങ്കരനായിരുന്നു, മലബാറിന് ഡോ ഭദ്രന്‍. മരണത്തിന് 25ദിവസം മുമ്പുവരെ സ്വകാര്യ ആശുപത്രിയില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഭദ്രന്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ 1971 ലാണ് പ്രവേശിച്ചത്. രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗമ്യനായ അധ്യാപകനും ഡോക്ടറുമായിരുന്നു. മൂന്ന് തലമുറയുടെ വരെ പ്രസവമെടുത്ത അദ്ദേഹത്തിന്റെ ചികിത്സാ വൈദഗ്ധ്യത്തിന് മുന്നില്‍ എതിര്‍വാക്കില്ലായിരുന്നു. ആ ധൈര്യത്തിലാണ് ആയിരക്കണക്കിന് സ്ത്രീകളും അമ്മമാരും ചികിത്സ തേടി ഭദ്രന്‍ ഡോക്ടറുടെ അടുത്തെത്തിയത്.

മുതിര്‍ന്ന ഡോക്ടര്‍മാര്‍വരെ ഗൈനക്കോളജിയിലും പ്രസവത്തിലും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും കാതോര്‍ത്തു. മെഡിക്കോലീഗല്‍ വിഷയങ്ങളിലും അവഗാഹമുണ്ടായിരുന്നു. ഐഎംഎയുടെ മികച്ച ഡോക്ടര്‍ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1998-ല്‍ വിരമിച്ചശേഷം കോഴിക്കോട് നാഷണല്‍ ആശുപത്രിയിലായിരുന്നു സേവനമനുഷ്ഠിച്ചത്. 'ശത്രുക്കളില്ലാത്ത ഒരു മനുഷ്യനായിരുന്നു. എല്ലാവരോടും സ്നേഹവും കരുതലും പുലര്‍ത്തി. ഒരു വിദ്യാര്‍ഥിയോടുപോലും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. സാധാരണക്കാര്‍ക്ക് ആശ്രയവും ധൈര്യവുമായിരുന്നു' -സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഡോ. മാധവന്‍ നമ്പ്യാര്‍ പറയുന്നു.

ഒരു ഗൈനക്കോളജിസ്റ്റിനപ്പുറം ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുകൂടിയായിരുന്നു ഡോ.ഭദ്രന്‍. വര്‍ഷങ്ങളോളം ചികിത്സ നടത്തിയിട്ടും കുഞ്ഞുങ്ങളില്ലാതെ പോയ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ സമ്മാനിച്ച ഡോക്ടര്‍. കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി നൂറുകണക്കിന് കുഞ്ഞുങ്ങളാണ് ഡോ. ഭദ്രന്റെ കൈകളിലൂടെ പിറന്നുവീണത്. അമ്മയുടെയം മകളുടെയും മകളുടെ മകളുടെയും പ്രസവം എടുത്ത കഥ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. പഴയ കുടുംബ ഡോക്ടര്‍ സംവിധാനം പോലെ, തലമറുകളുടെ വിശ്വസ്തനായ ഡോക്ടറായിരുന്നു, അദ്ദേഹം.

കോഴിക്കോടിന്റെ വികാരം

ഒരു കുടുംബത്തിലെ തന്നെ രണ്ടും മൂന്നും തലമുറകളുടെ പ്രസവം കൈകാര്യം ചെയ്യാനായ അപൂര്‍വം ഡോക്ടര്‍മാരിലൊരാളായിരുന്നു അദ്ദേഹമെന്ന് ഡോ. എ.കെ മുരളീധരന്‍ ഓര്‍ത്തു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ അദ്ധ്യപകന്‍ കൂടിയായിരുന്നു അദ്ദേഹം. ഒരിക്കലും ഒരു വിദ്യാര്‍ത്ഥിയെയും വഴക്കുപറയുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും ഡോ. എ.കെ മുരളീധരന്‍ ഓര്‍ക്കുന്നു.

രക്ഷപ്പെടില്ല എന്ന് എല്ലാവരും വിധി എഴുതിയ അതിസങ്കീര്‍ണമായ കേസ് ഭദ്രന്‍ സാര്‍ ഇടപെട്ടതുകൊണ്ട്, അദ്ദേഹത്തിന്റെ കൈപ്പുണ്യം കൊണ്ട് രക്ഷപ്പെട്ട അനേകം കഥകള്‍ കോഴിക്കോട്ടുകാര്‍ക്ക് പറയാനുണ്ട്. ഐ എം എ വേദികളില്‍ തര്‍ക്കം ഉണ്ടാകുമ്പോള്‍ ഭദ്രന്‍ സാറിന്റെ അഭിപ്രായം ചോദിച്ചു തീര്‍പ്പ് കല്‍പ്പിക്കുക എന്ന ഒരു പതിവ് ഉണ്ടായിരുന്നതായി എംഐഎ ജില്ലാ പ്രസിഡന്റ് ഡോ ശങ്കര്‍ മഹാദേവന്‍ പറയുന്നുണ്ട്. സദാ സൗമ്യനും മിതഭാഷയും ആയ അദ്ദേഹത്തിന്റെ അഭിപ്രായത്തെ എല്ലാവരും മാനിച്ചിരുന്നു. മലയാള ഭാഷയിലും നല്ല പ്രാവണ്യം ഉണ്ടായിരുന്നു, ചുരുങ്ങിയ വാക്കുകളില്‍ സരസമായി സംസാരിച്ചു വേദിയിലുള്ളവരെ കയ്യിലെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഗൈനക്കോളജിസ്റ്റായ ഭദ്രന്‍ സാറും, കുട്ടികളുടെ ഡോക്ടര്‍ ആയ അദ്ദേഹത്തിന്റെ ഭാര്യ കമലം മേഡവും കോഴിക്കോട്കാരെ സംബന്ധിച്ചിടത്തോളം ഒരു വികാരം തന്നെയാണ്. ആഡംബര ജീവിതശൈലി പിന്തുടരാതെ വളരെ ലളിതമായി ജീവിച്ച വ്യക്തികളായിരുന്നു അവര്‍. സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അദ്ദേഹം. ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി ഓഫ് കലിക്കറ്റിന്റെ മുന്‍ പ്രസിഡന്റായിരുന്നു. ഐഎംഎയുടെ എല്ലാ പരിപാടികളിലും പങ്കെടുക്കും.


Tags:    

Similar News