അമ്മ യോഗസമയത്തെ ഫോട്ടോയില്‍ കാണപ്പെട്ടത് മെലിഞ്ഞ് ക്ഷീണിതനായി; പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചത് ഗുരുതര രോഗവിവരങ്ങളും നിഗമനങ്ങളും; ഊഹാപോഹങ്ങള്‍ അതിരുവിട്ടപ്പോള്‍ മറുപടിയുമായി നടന്‍ രംഗത്ത്; ആ ചിത്രത്തിന് പിന്നിലെ കഥ പറഞ്ഞ് നടന്‍ രാജേന്ദ്രനും കുടുംബവും
ആ ചിത്രത്തിന് പിന്നിലെ കഥ പറഞ്ഞ് നടന്‍ രാജേന്ദ്രനും കുടുംബവും
തിരുവനന്തപുരം: ജയരാജിന്റെ കളിയാട്ടത്തിലെ തമ്പുരാന്‍ കുട്ടിയുടെ വേഷത്തില്‍ തുടങ്ങി പ്രണയവര്‍ണ്ണങ്ങളിലെയും മീശമാധവനിലെയുമൊക്കെ സഹോദരന്റെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകമനസ്സില്‍ ഇടം നേടിയ നടനാണ് ഇ.എ. രാജേന്ദ്രന്‍. നടനും എംഎല്‍എയുമായ മുകേഷിന്റെ സഹോദരി ഭര്‍ത്താവുകൂടിയായ ഇദ്ദേഹം സിനിമയ്ക്കൊപ്പം തന്നെ പ്രശസ്ത നാടകസമിതിയായ കാളിദാസ കലാകേന്ദ്രത്തിന്റെ ഭാഗം കൂടിയാണ്. ഒരു കാലത്ത് മികച്ച സഹനട വേഷങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം ഇപ്പോള്‍ സിനിമയില്‍ വിരളമാണ്. ഇക്കഴിഞ്ഞ മാസം അമ്മ യോഗത്തിനെത്തിയ രാജേന്ദ്രന്റെ ഫോട്ടോ സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
'അമ്മ' സംഘടനയുടെ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ എത്തിയ ഇ.എ.രാജേന്ദ്രന്റെ ഫോട്ടോയും വിഡിയോയും വൈറലായിരുന്നു.
മെലിഞ്ഞ് ക്ഷീണിതനായാണ് വിഡിയോയില്‍ രാജേന്ദ്രന്‍ കാണപ്പെട്ടത്. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പല തരത്തിലുള്ള ചര്‍ച്ചകളും അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നടന്നു. അദ്ദേഹത്തിന് ഗുരുതര അസുഖമാണെന്നും അത് ഏത് അസുഖമാണെന്നതില്‍ തുടങ്ങി ചികിത്സാ രീതികള്‍ വരെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. കൂടാതെ 'അമ്മ'യില്‍ പെന്‍ഷന്‍ വാങ്ങാനെത്തിയതാണെന്നുള്ള പരിഹാസ കമന്റുകളും വന്നിരുന്നു.
ഊഹാപോഹങ്ങളും പരിഹാസങ്ങളും അതിരുവിട്ടപ്പോള്‍ രാജേന്ദ്രന്റെ ഭാര്യയും നടിയുമായ സന്ധ്യ ഒരു റീല്‍ വിഡിയോയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കമന്റ് മറുപടിയായി നല്‍കുകയും ചെയ്തു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും ആ കമന്റ് ഇടാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജേന്ദ്രനും കുടുംബവും. ഷുഗര്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡോക്ടറിന്റെ നിര്‍ദേശ പ്രകാരമാണ് ശരീരഭാരം കുറച്ചതെന്നും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ഊഹാപോഹങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ഇരുവരും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
'ഷുഗര്‍ നിയന്ത്രിക്കാന്‍ ഡോകടറുടെ നിര്‍ദേശപ്രകാരം തടി കുറച്ചതാണ്. പിന്നെ പ്രായവും കൂടിവരികയല്ലേ. എന്റെ മകന്‍ ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഞങ്ങള്‍ക്കൊരു നിര്‍മാണക്കമ്പനി ഉണ്ട്. സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സീരിയല്‍ പ്രൊഡ്യൂസ് ചെയ്യുന്ന പ്രൊഡ്യൂസറാണ് ഞാന്‍. എനിക്കെന്തിനാണ് 'അമ്മ'യില്‍ നിന്നു പെന്‍ഷന്‍. പിന്നെ നടന്‍ ദേവന്‍ എന്റെ ബന്ധുവാണ്. അദ്ദേഹത്തിനു വോട്ട് ചെയ്യാന്‍ വേണ്ടിയാണ് അന്ന് 'അമ്മ'യില്‍ വന്നതു തന്നെ. ജര്‍മ്മനിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ ആളുകള്‍ വിളിക്കുന്നുണ്ട്. ഞാനിത്ര വലിയ ആളാണെന്ന് മനസിലായത് ഇപ്പോഴാണ്. ഡോക്ടര്‍ പറയുന്നത് നമ്മള്‍ അനുസരിക്കണ്ടേ. ഷുഗറിന്റെ ചെറിയ ഒരു പ്രശ്നം മാത്രമേയുള്ളൂ'.- രാജേന്ദ്രന്‍ വ്യക്തമാക്കി.
അമ്മ അസോസിയേഷനില്‍ നിന്ന് പെന്‍ഷന്‍ കിട്ടുന്നതു കൊണ്ടാണ് വോട്ട് ചെയ്യാനെത്തിയത് എന്ന തരത്തില്‍ കമന്റുകള്‍ വന്നിരുന്നു, ഇതിനേക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തോടും നടന്‍ പ്രതികരിച്ചു. 'ഞാന്‍ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സീരിയലുകള്‍ നിര്‍മ്മിക്കുന്ന പ്രൊഡ്യൂസറാണ്. അതിന്റെയൊക്കെ നിര്‍മ്മാണത്തിന്റെ തിരക്കിലാണ് ഞങ്ങള്‍. ആ എനിക്ക് എന്തിനാണ് പെന്‍ഷന്‍? അമ്മ തെരഞ്ഞെടുപ്പിന് വരാന്‍ കാരണം ദേവന്‍ ആണ്.അദ്ദേഹം എന്റെ ബന്ധു കൂടിയാണ്. അത് പലര്‍ക്കും അറിയില്ല. ദേവന് വോട്ട് ചെയ്യാന്‍ വേണ്ടി തന്നെയാണ് ഞാനവിടെ വന്നത്.
പിന്നെ ശ്വേതയായാലും കുക്കു പരമേശ്വരനായാലും എല്ലാവരും നമ്മുടെ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോള്‍ വന്ന ഭാരവാഹികളെല്ലാം അതിനു യോജ്യമായവര്‍ തന്നെയാണ്. അവര്‍ സംഘടനയെ നന്നായി തന്നെ കൊണ്ടുപോകും.സിനിമക്കാരുടെ ഇടയില്‍ ആളുകള്‍ പുറത്തു പറയുന്നതു പോലെ യാതൊരു പ്രശ്നങ്ങളുമില്ല. എല്ലാവരും സഹോദരന്‍മാരെപ്പോലെ ജീവിക്കുന്ന ഒരു സ്ഥലമാണ്. പക്ഷേ അതൊരു ഗ്ലാമറസ് ലോകമായതു കൊണ്ട് എല്ലാവരും കൊട്ടിഘോഷിക്കുന്നു എന്ന് മാത്രം'. - രാജേന്ദ്രന്‍ വ്യക്തമാക്കുന്നു.
പഴയ കാലഘട്ടത്തിലെ സിനിമകളില്‍ നിന്ന് ഇപ്പോഴത്തെ സിനിമകള്‍ മാറി.ഞാനന്ന് അഭിനയിച്ചിട്ടുള്ളത് വലിയ മാസ്റ്റര്‍ ഡയറക്ടേഴ്സിന്റെയൊപ്പമാണ്.എനിക്ക് വളരെയധികം ശ്രദ്ധ നേടിത്തന്ന ഒരു സിനിമയായിരുന്നു കളിയാട്ടം. അതിന്റെ ബാക്കിയെന്ന പോലെ ഒരു വലിയ മാസ്റ്റര്‍ സിനിമ 'പെരുങ്കളിയാട്ടം' ജയരാജ് സംവിധാനം ചെയ്യുന്നുണ്ട്.അതില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഓണം കഴിഞ്ഞാണ് അതിന്റെ റിലീസ് എന്നും രാജേന്ദ്രന്‍ പറയുന്നു
റീലിന് കമന്റിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സന്ധ്യ രാജേന്ദ്രനും പ്രതികരിച്ചു. 'പ്രായം വരുമ്പോള്‍ നമുക്ക് കുറേ മാറ്റം ഉണ്ടാകാറുണ്ട്. ചേട്ടന്റെ ആരോഗ്യപ്രശ്നം വച്ച് അധികം ഭാരം കൂടരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. നല്ലപോലെ ഭക്ഷണം കഴിക്കുന്ന ആളാണ് ചേട്ടന്‍. കുറേ നാളായ ഡയറ്റ് നിയന്ത്രിക്കുന്നുണ്ട്. അഭിനയം ആണല്ലോ പ്രഫഷന്‍. കുടിക്കുന്ന വെള്ളത്തിനുപോലും അളവുണ്ട്. ആരോഗ്യത്തെക്കുറിച്ച് ഇത്രയും ആളുകള്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ സന്തോഷം തോന്നി.
എന്നാല്‍ ചില ആളുകളുണ്ട്. വലിയ അസുഖമാണ്, അല്ലെങ്കില്‍ മറ്റ് അസുഖമാണ് എന്നൊക്കെ ആധികാരികമായി പറയുന്നവര്‍. അതില്‍ ഒരാള്‍ക്ക് ഞാന്‍ മറുപടി കൊടുത്തു. ഇന്ന രോഗമാണ്, ഈ ചികിത്സയാണ് അയാള്‍ ചെയ്യുന്നതെന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. ഒരുപാട് പേര്‍ അത് സത്യമാണെന്നു വിചാരിച്ചു. അതെന്നെ വേദനിപ്പിച്ചു. ആദ്യം എടാ എന്നെഴുതണമെന്ന് വിചാരിച്ചു. 'നിനക്ക് ഇതെങ്ങനെ ഇത്ര ആധികാരികമായി എഴുതാന്‍ സാധിച്ചു. ഊഹം വച്ചിട്ട് ഒരാളുടെ കാര്യങ്ങള്‍ പറയാന്‍ പാടില്ല. അത് ഭയങ്കര തെറ്റാണ്. കുറഞ്ഞത് എന്ത് പറ്റി എന്നത് അന്വേഷിക്കുക. നീ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്ന ഒരുപാട് കമന്റുകള്‍ വന്നില്ലേ. അതുകൊണ്ട് ശ്രദ്ധിക്കണം' എന്ന് പറഞ്ഞാണ് കമന്റ് ഇട്ടത്,'' സന്ധ്യ പറഞ്ഞു.