കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഇഡിക്ക് ആശ്വാസം; മുഖ്യമന്ത്രിക്കും ഐസക്കിനും നോട്ടീസില്‍ തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; തെരഞ്ഞെുടുപ്പു അടുക്കുന്ന സമയത്ത് പിണറായിക്കും കൂട്ടര്‍ക്കും ഇഡിയെ പേടിക്കണം

കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഇഡിക്ക് ആശ്വാസം

Update: 2025-12-19 14:14 GMT

കൊച്ചി: മസാല ബോണ്ട് കേസില്‍ കിഫ്ബിക്ക് വീണ്ടും തിരിച്ചടി. കേസിലെ തുടര്‍ നടപടികള്‍ തടഞ്ഞ ഹൈക്കോടതി സംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കിഫ്ബി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് അയച്ച നോട്ടീസിലെ തുടര്‍ നടപടി തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്. ഇഡിക്ക് തുടര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ഇഡി അഡ്ജ്യുഡിക്കേറ്റിങ് അതോറിറ്റി അയച്ച നോട്ടീസിലെ തുടര്‍ നടപടിയാണ് ഇന്നലെ സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നത്. ഇതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവര്‍ക്കെതിരായ നോട്ടീസിലും ഇഡിക്ക് തുടര്‍ നടപടിയുമായി മുന്നോട്ടുപോകാം. മസാല ബോണ്ട് ഇടപാടിലെ ഇഡി അഡ്ജുഡിക്കേഷന്‍ അതോറിറ്റിയുടെ നടപടികളാണ് ഇന്നലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പൂര്‍ണമായും സ്റ്റേ ചെയ്തത്. എതിര്‍കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സി ഇ ഒ, കെ എം എബ്രഹാം എന്നിവര്‍ക്കെതിരായ നോട്ടീസില്‍ തുടര്‍നടപടികളാണ് സ്റ്റേ ചെയ്തിരുന്നത്.

കിഫ്ബിക്ക് നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികള്‍ കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി അടക്കമുള്ള മറ്റെല്ലാ എതിര്‍കക്ഷികളും കോടതിയെ സമീപിച്ചത്. മസാല ബോണ്ട് വഴി വിദേശത്തുനിന്നും സമാഹരിച്ച പണം സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉപയോഗിച്ചുവെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. എന്നാല്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല, അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മസാല ബോണ്ട് ഇടപാടില്‍ ഫെമ ചട്ട ലംഘനം നടന്നിട്ടില്ലെന്നും ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഹര്‍ജിയിലെ വാദം.

എന്നാല്‍, സിംഗിള്‍ ബെഞ്ച് അധികാര പരിധി മറികടന്നാണ് നോട്ടീസ് സ്റ്റേ ചെയ്തതെന്നാണ് അപ്പീലില്‍ ഇഡി ചൂണ്ടിക്കാട്ടിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു. മസാല ബോണ്ടിലൂടെ സമാഹരിച്ച പണം ഫെമ ചട്ടങ്ങള്‍ ലംഘിച്ചാണ് ചെലവിട്ടത് എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടാണ് ഇഡി അഡ്ജൂഡിക്കേറ്റിംഗ് അതോറിറ്റി മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയത്.

Tags:    

Similar News