പിരിച്ചുവിട്ട ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ സംശയത്തിലായത് നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിയില്‍; അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയതോടെ മന്ദഗതിയിലായി; സ്വപ്ന സുരേഷ് ആരോപിച്ചത് കേസ് ഒതുക്കിത്തീര്‍ക്കാന്‍ 30 കോടിയുടെ ഇടപാട് നടന്നെന്ന്; സ്ഥാനക്കയറ്റം ലഭിച്ചിട്ടും വേണ്ടെന്ന് വെച്ചതും ദുരൂഹം; സിപിഎമ്മിനെ സഹായിച്ച ഇഡി ഉദ്യോഗസ്ഥന് പണി കിട്ടുമ്പോള്‍ 'നന്നായി' എന്ന കഥയുമായി സഖാക്കളുടെ 'പൂഴിക്കടകന്‍'

പിരിച്ചുവിട്ട ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ സംശയത്തിലായത് നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിയില്‍

Update: 2026-01-09 05:23 GMT

കൊച്ചി: കൊച്ചി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ നിര്‍ബന്ധിത വിരമിക്കലിന് വിധേയനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തല്‍ രാഷ്ട്രീയമായും ചര്‍ച്ചയാകുകയാണ്. കേരളത്തില്‍ ഏറെ വിവാദമായ നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അടക്കം പ്രതിരോധത്തിലായ ഈ കേസില്‍ പിണറായിയെ രാഷ്ട്രീയമായി രക്ഷിച്ചെടുത്തതില്‍ രാധാകൃഷ്ണനും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പി രാധാകൃഷ്ണന്റെ പിരിച്ചുവിടലും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

കൈക്കൂലി ആരോപണം, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാഷ്ട്രപതി ഒപ്പുവെച്ച ഉത്തരവിലൂടെ ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് നീക്കിയത്. തിരുവനന്തപുരം സ്വദേശിയായ രാധാകൃഷ്ണന്‍, കേരളത്തെ പിടിച്ചുകുലുക്കിയ നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവരുടെ അറസ്റ്റിലേക്ക് നയിച്ച ഉന്നതതല അന്വേഷണം നടത്തിയത് ഇദ്ദേഹമായിരുന്നു. എന്നാല്‍, താന്‍ അന്വേഷിച്ച കേസുകളിലെ സമാനമായ വിവാദങ്ങളില്‍പ്പെട്ടാണ് അദ്ദേഹം ഇപ്പോള്‍ പുറത്തുപോകുന്നത് എന്നത് ശ്രദ്ധേയമാണ്.



Full View

നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസില്‍ ഉന്നത തലത്തിലേക്ക് അന്വേഷണം പോകാതെ അട്ടിമറിച്ചത് രാധാകൃഷ്ണന്റെ ഇടപെടലുകള്‍ ആയിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളും. കേന്ദ്ര ധനമന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍, രാധാകൃഷ്ണന്‍ അന്വേഷണ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തി. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം രാഷ്ട്രീയ ഉന്നതരിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും നീങ്ങിയതോടെ പെട്ടെന്ന് മന്ദഗതിയിലായതായി ആക്ഷേപമുണ്ടായിരുന്നു. മുഖ്യമന്ത്രിയിലേക്ക് അടക്കം അന്വേഷണം നീണ്ടതോടെ രാധാകൃഷ്ണന്‍ കൃത്യവിലോപം നടത്തിയെന്നാണ് വിലയിരുത്തിയത്.

റെയ്ഡ് വിവരങ്ങള്‍ ഇടനിലക്കാര്‍ വഴി പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ അവസരമൊരുക്കിയെന്നും ബിജെപി നേതൃത്വം അന്ന് ആരോപിച്ചിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ 30 കോടി രൂപയുടെ ഇടപാട് നടന്നതായി കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷും പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇനിനെല്ലാം ആരോപണം നേരിട്ടത് രാധാകൃഷ്ണനായിരുന്നു. ഈ കേസില്‍ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയെന്ന കണ്ടെത്തലിലാണ് ഇദ്ദേഹത്തെ പിന്നീട് ചെന്നൈയിലേക്കും കാശ്മീരിലേക്കും സ്ഥലം മാറ്റിയത്.

നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസിനിടയില്‍ പി രാധാകൃഷ്ണന് പ്രമോഷനും ലഭിച്ചിരുന്നു. എന്നാല്‍, അത് നിരസിച്ചത് സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കി ചെന്നൈ സോണല്‍ ഓഫീസിലേക്ക് മാറ്റിയിട്ടും, അന്വേഷണം പൂര്‍ത്തിയാക്കാനെന്ന് പറഞ്ഞ് കൊച്ചിയില്‍ ഡെപ്യൂട്ടി ഡയറക്ടറായി തുടരാനാണ് അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ഉള്‍പ്പെടെയുള്ള മറ്റ് കേസുകളിലും ഇദ്ദേഹത്തിന്റെ ഇടപെടലില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടായിട്ടും ഈ കേസുകള്‍ മരവിപ്പിച്ചത് ഇദ്ദേഹത്തിന്റെ ഇടപെടല്‍ മൂലമാണെന്നാണ് വിമര്‍ശനം.

ഫണ്ടമെന്റല്‍ റൂള്‍ 56(j) പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്. അഴിമതിക്കാരായ അല്ലെങ്കില്‍ കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥരെ 'പൊതുതാല്‍പ്പര്യം' മുന്‍നിര്‍ത്തി സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ ഈ നിയമം സര്‍ക്കാരിന് അധികാരം നല്‍കുന്നു. രാധാകൃഷ്ണന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെങ്കിലും, നിര്‍ബന്ധിത വിരമിക്കല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍ വലിയൊരു കളങ്കമാണ്.

അതേസമയം സ്വര്‍ണ്ണക്കടത്തു കേസിലെ അടക്കം അന്വേഷണത്തിലെ വീഴ്ച്ചകളുടെ പേരിലാണ് പി രാധാകൃഷ്ണന്‍ നടപടി നേരിട്ടതെങ്കിലും സൈബറിടത്തിലും അല്ലാതെയും സഖാക്കള്‍ പ്രചരിപ്പിക്കുന്നത് മറ്റൊരുകഥയാണ്. സ്വര്‍ണ്ണക്കടത്തു കേസില്‍ യാതൊരു ബന്ധവുമില്ലാത്ത ശിവശങ്കരനെ തുറുങ്കില്‍ അടച്ച ഉദ്യോഗസ്ഥനെതിരെയാണ് നടപടി എന്നതാണ് സഖാക്കളുടെ ഭാഷ്യം. ദേശാഭിമാനി അടക്കം നല്‍കിയ റിപ്പോര്‍ട്ടും അങ്ങനെയാണ്. നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനകള്‍ക്ക് ചുക്കാന്‍പിടിച്ചത് രാധാകൃഷ്ണനാണെന്നതാണ് ദേശാഭിമാനിയുടെ നരേറ്റീവ്. ഇത് സഖാളുടെ പൂഴിക്കടകനായി വിലയിരുത്തുന്നു.

വസ്തുതകള്‍ മറച്ചുവെച്ച് ദേശാഭിമാനി പറയുന്നത് ഇങ്ങനെയാണ്: ''കൊച്ചി സോണല്‍ ഓഫീസില്‍ അസിസ്റ്റന്റ് ഡയറക്ടറായിരിക്കെയാണ് രാധാകൃഷ്ണന്‍ സ്വര്‍ണക്കടത്ത് കേസന്വേഷണ ചുമതലയേറ്റത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരാഴ്ചയ്ക്കകം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രധാന പ്രതികളായ സ്വപ്ന സുരേഷും സരിത്തും സന്ദീപ് നായരും അറസ്റ്റിലായതിന് പിന്നാലെ ഐടി സെക്രട്ടറി എം ശിവശങ്കറിലേക്ക് അന്വേഷണമെത്തിച്ചു. തുടര്‍ന്നാണ് അന്വേഷണം മുഖ്യമന്ത്രിയിലേക്കും ഓഫീസിലേക്കും എത്തിക്കാന്‍ നീക്കമാരംഭിച്ചത്. ജയിലിലായിരുന്ന സ്വപ്ന സുരേഷില്‍നിന്ന് മൊഴിയെടുക്കുന്‌പോള്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് പറയാന്‍ നിര്‍ബന്ധിച്ചു.

അവര്‍തന്നെ ഇത് പിന്നീട് വെളിപ്പെടുത്തി. ഇഡി ഇതേ ആവശ്യം തന്നോടും ഉന്നയിച്ചെന്ന് മറ്റൊരു പ്രതി സന്ദീപ് നായരും വെളിപ്പെടുത്തി. കോണ്‍സുലേറ്റ് ജനറലിന്റെ വീട്ടില്‍നിന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിരിയാണി ചെന്പില്‍ സ്വര്‍ണം കടത്തി, ഖുര്‍ ആനിലും ഇൗന്തപ്പഴത്തിനുള്ളില്‍ വച്ചും സ്വര്‍ണം കടത്തി തുടങ്ങിയ കള്ളക്കഥകള്‍ ഇഡി റിപ്പോര്‍ട്ടായി കോടതിയിലെത്തിച്ചതും രാധാകൃഷ്ണനാണ്. കേസില്‍ ഇഡി രാഷ്ട്രീയം കളിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വിചാരണ കര്‍ണാടകത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇഡി നടപടികള്‍ക്ക് നിറംപിടിപ്പിച്ച് മാധ്യമങ്ങള്‍ക്ക് വിളമ്പിയതും ഇയാളാണ്.

റെഡ് ക്രസന്റ് ഉള്‍പ്പെട്ട കേസ് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെടുത്താനുള്ള നീക്കവും നടത്തി. ഒടുവില്‍ നിയമസഭാ എത്തിക്സ് കമ്മിറ്റി രാധാകൃഷ്ണനോട് വിശദാംശങ്ങള്‍ തേടി. അതിന് രേഖാമൂലം വിശദീകരണം നല്‍കേണ്ടിയും വന്നു. കൈക്കൂലി, വിവരം ചോര്‍ത്തി നല്‍കല്‍ തുടങ്ങി നിരവധി ആക്ഷേപങ്ങളെ തുടര്‍ന്ന് ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം തിരികെ കൊച്ചിയിലേക്ക് മാറ്റി. ഈ സമയത്താണ് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന വിജിലന്‍സ് കേസുണ്ടാകുന്നത്. തുടര്‍ന്ന് ശ്രീനഗറിലേക്ക് മാറ്റി. ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രിബ്യൂണിലിനെ സമീപിച്ചെങ്കിലും തള്ളി.''

കശുവണ്ടി വ്യവസായി ആയ അനീഷ് ബാബു ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൂലി ആരോപണവുമായി മുന്നോട്ടു വന്നപ്പോഴും രാധാകൃഷ്ണന്റെ പേര് ഉയര്‍ന്നിരുന്നു. അനീഷ് ബാബു ഉന്നയിച്ച പേരുകളില്‍ പി. രാധാകൃഷ്ണനും ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പേര് തിരുത്തപ്പെട്ടിരുന്നു. ഇതോടെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് കേസില്‍ നിന്നും പി രാധാകൃഷ്ണന്‍ രക്ഷപെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇഡിയില്‍ ആഭ്യന്തര അന്വേഷണം നടന്നുവരികയായിരുന്നു. പി. രാധാകൃഷ്ണെ ജമ്മു കശ്മീരിലെ ശ്രീനഗറിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള നടപടി വന്ന് നാളുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിക്കൊണ്ടുള്ള ഇഡി നടപടി വന്നിരിക്കുന്നത്.

Tags:    

Similar News